|    Jan 22 Sun, 2017 5:18 am
FLASH NEWS

ദാമോദര്‍ജീ…നെരുപ്പ്…ഢാ…

Published : 25th July 2016 | Posted By: SMR

slug-vettum-thiruthumബഹുമാനപ്പെട്ട ദാമോദരന്‍ വലിയ വക്കീല്‍ സമക്ഷം ബോധിപ്പിക്കുന്നതും വെട്ടി തിരുത്തുന്നതും എന്തെന്നാല്‍;
2016 ജൂലൈ 22 പത്രങ്ങളില്‍ ‘യാസിര്‍ കൊലപാതകം; ഹൈക്കോടതി ശിക്ഷ വിധിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ സുപ്രിംകോടതി വെറുതെ വിട്ടു..’ എന്നിങ്ങനെ വന്നതായിട്ടുള്ളതായ ബഹു. കോടതി വാര്‍ത്ത അങ്ങയുടെ അടിയന്തര ശ്രദ്ധയില്‍ ബോധ്യമാക്കപ്പെടുത്തുമാറാകയും മാപ്പപേക്ഷിക്കുന്നതാകയും സംശയങ്ങള്‍ ശിരസ്സിനെ പൊക്കുന്നതായും ആയതിനാല്‍ ആകയും….ഹൊ! മുടിഞ്ഞ ബഹു. കോടതിഭാഷ…..
ബഹു. ഹൈക്കോടതി 2009 നവംബറില്‍ ശിക്ഷിച്ചതായിട്ടുള്ളതും മഞ്ചേരി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അവര്‍കള്‍ ആയ ബഹുമാനപ്പെട്ടവര്‍ ആദ്യം വെറുതെ വിട്ടതുമായ പ്രതികള്‍ ….
പ്രസ്തുതസംഭവം അങ്ങേക്കറിയും.
ഒരു പാവപ്പെട്ട തട്ടാന്‍. പൊന്‍മുട്ടയിടാത്തവന്‍, കഠിന ഭക്തനായിരുന്നു. പേര് അയ്യപ്പന്‍. സ്വന്തം തറവാട് വക കോവിലിലെ പൂജാരിയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്‍മുണ്ടത്ത് കുടുംബസഹിതം സ്വര്‍ണപ്പണി ചെയ്തു പുലരവെ ഇസ്‌ലാം സ്വീകരിച്ചു. അയ്യപ്പന്‍ യാസിര്‍ ആയതിനു പിറകെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് രാധാകൃഷ്ണനും ഇസ്‌ലാം സ്വീകരിച്ചു. യാസിറിന്റെ ഭാര്യയും മക്കളും തൊട്ടടുത്തു തന്നെ ഇസ്‌ലാം പാത സ്വീകരിച്ചു. തൊട്ടുപിറകെ 40ഓളം കുടുംബങ്ങള്‍ യാസിറിന്റെ പാത സ്വീകരിച്ച് ഇസ്‌ലാമില്‍ ആകൃഷ്ടരായി. ഇത്രയും പേരെ ആകര്‍ഷിക്കാന്‍ യാസിറിനെങ്ങനെ സാധിച്ചുവെന്നു അദ്ഭുതപ്പെടുന്നുണ്ടാവാം. അദ്ഭുതപ്പെടേണ്ട. ഇസ്‌ലാം അങ്ങനെയൊരു പ്രസ്ഥാനമാണ്. കാന്തശക്തിയുണ്ടതിന്. പണ്ട്, ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി മുസ്‌ലിം കാമുകനോടൊപ്പം പോയ കേസില്‍ അങ്ങ് വാദിച്ചു തോറ്റതോര്‍മയുണ്ടാവും. ആ പയ്യന്‍ കോടതിയില്‍ ഇസ്‌ലാം വിശദീകരിച്ചപ്പോള്‍ അങ്ങയുടെ ശിരസ്സ് കുനിഞ്ഞതായി സുബ്രഹ്മണ്യന്‍പോറ്റി വക്കീല്‍ പറഞ്ഞതോര്‍ക്കുന്നു. കേസിലേക്കു വരാം….
1998 ആഗസ്ത് 17ന് മലപ്പുറം തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍, കപ്പല്‍പടി സുനില്‍, തലക്കാട് മനോജ്കുമാര്‍, എടമല കുറ്റിവിളയില്‍ ശിവപ്രസാദ് നിറമരതൂര്‍ നന്ദകുമാര്‍ എന്നിവര്‍ക്കു ജീവപര്യന്തം തടവും 35,000ക പിഴയും ബഹു. ഹൈക്കോടതി വിധിച്ചു. അങ്ങയുടെ വക്കീല്‍ ഓഫിസിലെ ചില ജൂനിയേഴ്‌സിനും ഈ കേസ് നല്ല ഓര്‍മയുണ്ടാവും..
അയ്യപ്പന്‍ എന്ന യാസിറിന്റെ ഇസ്‌ലാം സ്വീകാരത്തിലും തുടര്‍ന്നുള്ള ഇസ്‌ലാം പ്രചാരണപ്രവര്‍ത്തനങ്ങളിലും കലിമൂത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രൂരമാം വിധം യാസിറിനെ ഓടിച്ചിട്ട് വാഴത്തട അരിയും മട്ടില്‍ കൊലപ്പെടുത്തുകയായിയിരുന്നു. താലൂക്ക് കാര്യവാഹക്, മണ്ഡല്‍ കാര്യവാഹക്, ശാരീരിക കാര്യവാഹക്, സ്ഥാനങ്ങള്‍ അക്കാലം വഹിച്ചിരുന്ന പ്രതികള്‍ ”മാനവസേവ മാധവസേവ” എന്നും വിശ്വസിച്ചിരുന്നതായി കോടതി നിരീക്ഷിച്ചു. ഇസ്‌ലാം സ്വീകരിച്ചു, ആയത് പ്രചരിപ്പിച്ചു എന്ന ഒരു ”ശരി”യുടെ പേരിലാണ് ഈ അരുംകൊല നടത്തിയത്.
ഈ ക്രൂരമാനസരെ ആദ്യം വെറുതെ വിട്ട ചന്ദ്രദാസ് എന്ന സെഷന്‍സ് ന്യായാധിപന്‍ (ബഹു.) കേസ് വിചാരണനാളുകളില്‍ തന്നെ വിവാദങ്ങളിലായിരുന്നു. കാരണം, ചന്ദ്രദാസനും ”മാധവസേവ”യില്‍ കഠിനമായി വിശ്വസിച്ചിരുന്നു. യാസിറിന്റെ പത്‌നി സുമയ്യയെ കേട്ടാല്‍ അറയ്ക്കുന്ന ചോദ്യങ്ങളുതിര്‍ത്ത് പരസ്യമായി കോടതിമുറിയില്‍ വ്യക്തിഹത്യ നടത്തിയ ചന്ദ്രദാസ് ജഡ്ജി അവര്‍കളെ (ബഹു. ഹൈക്കോടതിയിലെ ബാലചന്ദ്രന്‍ ജഡ്ജിയും (ബഹു.) അങ്ങയുടെ ഉറ്റ സുഹൃത്തായിരുന്ന ഭവദാസ് ജഡ്ജിയും (ബഹു.) കുറ്റപ്പെടുത്തിയിരുന്നു. ഇതൊക്കെ അക്കാലം പത്രങ്ങള്‍ അച്ചടിച്ച കാര്യങ്ങളാണ്.
ഇതൊക്കെ അങ്ങയോടെന്തിന് ഇപ്പോള്‍ വിശദീകരിക്കുന്നു? വിവേകമതിയായൊരു വക്കീലായ അങ്ങയ്ക്കും ഓഫിസിലെ ജൂനിയര്‍ ‘പ്രതിഭകള്‍’ക്കും അറിയാത്തതല്ല ഇതൊന്നും. ജൂനിയര്‍മാരെ പ്രതിഭകള്‍ എന്നു വിളിച്ചതിന് ബിയര്‍കുപ്പി എടുത്തെറിയരുതെന്ന് അപേക്ഷ.
”എന്തിനിതൊക്കെ ഇപ്പോള്‍ എന്നോടു വിശദീകരിക്കണം”? പറയാം. വക്കീലന്‍മാരും (ബഹു.) ഞങ്ങള്‍ പത്രക്കാരും തമ്മില്‍ തല്ലും അസഭ്യവര്‍ഷങ്ങളും കുപ്പിയേറും അശ്ലീല എസ്എംഎസും പലതും സംഭവിച്ചുകഴിഞ്ഞ നിര്‍ഭാഗ്യ സാഹചര്യങ്ങള്‍ക്കിടയ്ക്കാണ് ഈ അപൂര്‍വ സുപ്രിംകോടതി (ബഹു.) വിധിയും. ബഹു. ജസ്റ്റിസുമാര്‍ ഗോപാല്‍ ഗൗഡ, ആദര്‍ശ്കുമാര്‍ എന്നിവര്‍ കേസ് തള്ളി.
തോപ്പില്‍ ഭാസി ആശാന്റെ ‘തുലാഭാരം’ നാടകം സ്മൃതിയിലെത്തുന്നു.
”പാവപ്പെട്ട ഒരച്ഛനെയും മകളെയും തെരുവാധാരമാക്കിയിട്ട് പവിത്രമാവുന്നതാണോ നിങ്ങളുടെ കോടതി”
യാസിര്‍ കേസില്‍ സര്‍; ബഹു. കോടതികളില്‍ എന്തുതരം കളികളാണ് അരങ്ങേറിയത്. സോറി സാര്‍; അങ്ങു വിചാരിച്ചാല്‍ (ഇനിയും ) യാസിറിന്റെ കൊലയാളികളെ അകത്താക്കാന്‍ സൂത്രങ്ങളെന്തെങ്കിലുമുണ്ടോ….

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 661 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക