|    Dec 11 Tue, 2018 4:16 pm
FLASH NEWS
Home   >  Districts  >  Alappuzha  >  

ദാനം തന്നെ ജീവിതം

Published : 27th May 2018 | Posted By: kasim kzm

ശരീഫ്  നരിപ്പറ്റ
കാരക്കച്ചീന്തെങ്കിലും ദാനം നല്‍കി നിങ്ങള്‍ നരകത്തെ അകറ്റിക്കൊള്‍ക’ പ്രസിദ്ധമായ നബി വചനമാണിത്. ഇസ്‌ലാം ദാനത്തിന്റെ ആദര്‍ശമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, ദാരിദ്ര്യത്തിലും സമ്പന്നതയിലും നിങ്ങള്‍ ദാനം ചെയ്തുകൊണ്ടേയിരിക്കുക എന്നു മറ്റൊരു പ്രവാചക പാഠം കൂടിയുണ്ട്. ജീവനും ജീവിതവും സമ്പത്തും ദൈവത്തിന്റെ ദാനമാണെന്ന അടിസ്ഥാന ഖുര്‍ആനിക പാഠത്തില്‍ നിന്നാണ് ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യനും അളവറ്റ ദാനശീലത്തിന്റെ ഉടമയാവണമെന്ന താല്‍പര്യം ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്നത്.
“തങ്ങള്‍ക്കു നല്‍കപ്പെട്ടവയില്‍ നിന്നു ചെലവഴിച്ചുകൊണ്ടേയിരിക്കുന്നവരാണ് അവരെന്നു’ മുസ്‌ലിംകളുടെ വിശേഷണമായി ഖുര്‍ആന്‍ വിവരിക്കുന്നു. സമ്പത്ത് കെട്ടിപ്പൂട്ടിവയ്ക്കുന്നതിനെ അതിനിശിതം എതിര്‍ക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍, സമൂഹത്തിന്റെ നാനോന്മുഖ പുരോഗതിക്ക് അടിസ്ഥാനമായി ദാനധര്‍മത്തെ പരിചയപ്പെടുത്തുന്നു. സമ്പത്ത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി കറങ്ങിക്കൊണ്ടേയിരിക്കുക എന്നതാണ് അതു മുന്നോട്ടുവയ്ക്കുന്ന ആശയം. അതിനാല്‍, ഐച്ഛികവും നിര്‍ബന്ധവുമായ ദാനധര്‍മങ്ങളുടെ വാഹകരാവണം മുസ്‌ലിംസമൂഹമെന്ന് അതു താല്‍പര്യപ്പെടുന്നു.
ദൈവത്തെ ധിക്കരിക്കുന്നവര്‍ക്കും ദൈവാനുസാരികള്‍ക്കും ഒരുപോലെ ഭൗതികവും മാനസികവുമായ വളര്‍ച്ചയ്ക്കാവശ്യമായതെന്തും ദാനം ചെയ്യുക എന്ന വിശാലമായ കാഴ്ചപ്പാടാണ് ഖുര്‍ആനും പ്രവാചകനും നിരന്തരം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടാണ് സഹോദരനോടു പുഞ്ചിരിക്കുന്നതു പോലും ദാനമാണെന്നു പ്രവാചകനുണര്‍ത്തുന്നത്. നിര്‍ബന്ധവും അല്ലാത്തതുമായ ദാനധര്‍മങ്ങളുടെ അവകാശികളായി ദേശ-ഭാഷാ-കക്ഷി ഭേദമന്യേ അര്‍ഹരായവര്‍ക്കെല്ലാം അതു വിശാലമാക്കിയതിന്റെയും താല്‍പര്യമതാണ്.
സമ്പന്നന്‍ മാത്രമല്ല, ദരിദ്രനും ദാനമനസ്സുള്ളവരായിരിക്കണമെന്ന് അല്ലാഹുവും പ്രവാചകനും താല്‍പര്യപ്പെടുന്നു. “പ്രവാചകരേ, എന്താണ് ദാനം ചെയ്യേണ്ടതെന്ന് അവര്‍ നിന്നോടു ചോദിക്കുന്നു; പറയുക, മിച്ചമുള്ളതെന്തും’ എന്ന വിശുദ്ധ വചനം ഈ ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. “തനിക്കും കുടുംബത്തിനും അന്നത്തേക്കു കഴിയാനുള്ള വകയുണ്ടെങ്കില്‍ പെരുന്നാള്‍ദിനത്തില്‍ ഏതൊരു കുടുംബനാഥനും നിര്‍ബന്ധ ദാനമായ ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടതാണെ’ന്ന ഇസ്‌ലാമിക നിര്‍ദേശവും പഠിപ്പിക്കുന്നതതാണ്.
അനുയായി തിരുനബിയോടു ചോദിച്ചു: “”ഏതുതരം ദാനമാണ് പ്രവാചകരേ ഏറ്റവും ഉത്തമം?’’ അവിടുന്ന് പറഞ്ഞു: “”തനിക്കുതന്നെ പണം ആവശ്യമുണ്ടായിരിക്കെ, സാമ്പത്തിക പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കെ തന്റെ ആരോഗ്യാവസ്ഥയില്‍ ചെയ്യുന്ന ദാനം’’
മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: “”നിങ്ങള്‍ ദാനധര്‍മിഷ്ഠനാവാന്‍ മരണനിമിഷം വരെ കാത്തിരിക്കരുത്. ആ സമയം, ഇത് ഇന്നയാള്‍ക്കു കൊടുക്കണം, ഇത് ഇന്നയാള്‍ക്കു കൊടുക്കണം എന്നു ഉപദേശിക്കുന്നതിലര്‍ഥമില്ല. നിങ്ങളതു പറഞ്ഞില്ലെങ്കില്‍ത്തന്നെ അതവരുടേതായിക്കഴിഞ്ഞിരിക്കുന്നു’’
മരണശേഷവും ഒരാളുടേതായി നിലനില്‍ക്കുന്ന മൂന്നു കാര്യങ്ങള്‍ പ്രതിപാദിക്കുന്നിടത്ത് തിരുനബി പറഞ്ഞു: കാലങ്ങളോളവും തലമുറകളോളവും നിലനില്‍ക്കുന്ന ദാനധര്‍മമാണ് അതിലൊന്ന്.
ചരിത്ര സന്ദര്‍ഭങ്ങളാലും സംഭവങ്ങളാലും സമൃദ്ധമാണ് പ്രവാചകന്റെ ദാനശീലം. തനിക്കു ദാനമായി കിട്ടുന്നതെന്തും മറ്റുള്ളവര്‍ക്കു ദാനമായി നല്‍കുക എന്നതായിരുന്നു അവിടുത്തെ സ്വഭാവം. റമദാനിലാവട്ടെ, കാറ്റടിച്ചുവീശുന്നതുപോലെ ദാനധര്‍മങ്ങള്‍ നല്‍കിക്കൊണ്ടിരുന്നുവെന്ന് അവിടുത്തെ അനുചരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
“അങ്ങയെ നാം ലോകങ്ങള്‍ക്കു മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ നിയോഗിച്ചിട്ടില്ല’ എന്ന് അല്ലാഹു തിരുനബിയെ വിശേഷിപ്പിച്ചതിന്റെ പൂര്‍ത്തീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss