|    Jan 18 Wed, 2017 7:21 am
FLASH NEWS

ദാദ്രി പ്രതിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതച്ചത് വിവാദമായി

Published : 8th October 2016 | Posted By: SMR

ഗ്രേറ്റര്‍നോയിഡ: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച ദാദ്രി വധക്കേസിലെ പ്രതി രവി സിസോദിയ (22) യുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചത് വിവാദമായി. രവി രക്തസാക്ഷിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമീണര്‍ ദേശീയപതാക പുതപ്പിച്ചത്.
മൃതദേഹത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചത് ശ്രദ്ധയില്‍ പെട്ടെങ്കിലും സാഹചര്യം വഷളാകുമെന്നു കരുതി സംയമനം പാലിക്കുകയായിരുന്നുവെന്ന്  അധികൃതര്‍ പറഞ്ഞു. സാധാരണയായി ഉന്നത വ്യക്തികളുടെയും സൈനികരുടെയും മൃതദേഹത്തിലാണ് ദേശീയ പതാക പുതപ്പിക്കാറുള്ളത്. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു കൊന്ന കേസിലെ പ്രതികളിലൊരാളാണ് രവി. രവിയെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ജയിലില്‍നിന്ന് ആശുപത്രിയിലെത്തിച്ചത്. ഡെങ്കിപ്പനി മൂലമാണു മരണമെന്നാണ് പോലിസ് വിശദീകരണം. എന്നാല്‍, പോലിസ് മര്‍ദനമേറ്റാണു രവി മരിച്ചതെന്നാണ് രവിയുടെ സഹോദരന്റെ ആരോപണം. മൃതദേഹം ഗ്രാമത്തിലെത്തിച്ചപ്പോഴുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് ശക്തമായ പോലിസ് കാവലേര്‍പ്പെടുത്തി. അതിനിടെ ദാദ്രി കൊലക്കേസില്‍ ജയിലിലുള്ള 17 പ്രതികളെയും ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട്, അഖ്‌ലാഖ് മര്‍ദനമേറ്റു മരിച്ച സ്ഥലത്ത് ഇന്നലെ ഗ്രാമീണര്‍ ധര്‍ണ നടത്തി. യുപി സര്‍ക്കാര്‍, രവിയുടെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. രവിയുടെ ഭാര്യക്ക് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട്. മൃതദേഹത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ച ഗ്രാമീണര്‍ സംസ്‌കാരം നടത്താന്‍ വിസ്സമ്മതിച്ചു. മൂന്നു ദിവസമായി മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക