|    Dec 11 Tue, 2018 12:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദാദ്രി കേസിന്റെ ഭാഗമായ ഗൂഢാലോചനയെന്ന് കുടുംബം

Published : 5th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിങിന്റെ കൊലയില്‍ ഗൂഢാലോചന ആരോപിച്ച് കുടുംബം. ദാദ്രിയില്‍ ബീഫ് കൈവശംവച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ചതിനാലാണ് സുബോദ് കുമാര്‍ കൊല്ലപ്പെട്ടതെന്ന് സുബോധിന്റെ സഹോദരി സരോജ് സിങ് ചൗഹാന്‍ പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദാദ്രി കേസ് അന്വേഷിച്ചതുകൊണ്ട് തന്നെയാണ് സുബോദ് കൊല്ലപ്പെട്ടത്. എന്തുകൊണ്ടാണ് എന്റെ സഹോദരന്‍ മാത്രം പോലിസ് ജീപ്പില്‍ തനിച്ചായി? സംഭവത്തില്‍ പോലിസിനും പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എപ്പോഴും പശു പശു പശു എന്നു മാത്രം പറഞ്ഞു നടക്കുകയാണ്. മരണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 ലക്ഷം രൂപ ഞങ്ങള്‍ക്കു വേണ്ടെന്നും അവര്‍ പറഞ്ഞു. ഒരു അമ്പതിനായിരമോ 50 ലക്ഷമോ കിട്ടിയത് കൊണ്ട് ഞങ്ങള്‍ക്ക് എന്തുനേട്ടം. സുബോദിന് ബഹുമതിയാണ് വേണ്ടത്. അതിനാല്‍ സുബോദിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ പേരില്‍ സ്മാരകം നിര്‍മിക്കണമെന്നും സഹോദരി ആവശ്യപ്പെട്ടു.
കൊലയാളികളെയും കൊലപ്പെടുത്തിയാല്‍ മാത്രമേ നീതി പുലരൂവെന്ന് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിങിന്റെ ഭാര്യ പറഞ്ഞു.
അഖ്‌ലാഖ് കേസ് അന്വേഷിക്കുമ്പോള്‍ പല തവണ ജീവന് ഭീഷണിയുണ്ടായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലയാണിതെന്നും പെട്ടെന്നുണ്ടായ ഒന്നല്ല. ജോലി വളരെ കൃത്യതയോടെയും ആദരവോടെയും നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇതാദ്യമായല്ല ആദ്ദേഹം ആക്രമിക്കപ്പെടുന്നത്. മുന്‍പും രണ്ടുതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന് ആരും നീതിനല്‍കിയില്ലെന്നും സുബോദ് കുമാര്‍ സിങിന്റെ ഭാര്യ ആരോപിച്ചു.
തന്നെ മതേതര മൂല്യങ്ങള്‍ പഠിപ്പിച്ച വലിയ മനുഷ്യനായിരുന്നു അച്ഛനെന്ന് മകന്‍ അഭിഷേക് കുമാര്‍ പറഞ്ഞു. എല്ലാ മതങ്ങളെയും ആദരിക്കാനും മതേതരമൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കാനും ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങള്‍ നല്ല പൗരന്‍മാരായി ജീവിക്കണമെന്നാണ് അച്ഛന്‍ എപ്പോഴും ആഗ്രഹിച്ചത്. മതത്തിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കുന്നവരായി ഞങ്ങള്‍ മാറരുതെന്ന് അച്ഛന്‍ ആഗ്രഹിച്ചു. ഹിന്ദുവാകട്ടെ മുസ്‌ലിമാവട്ടെ ക്രിസ്ത്യന്‍ ആവട്ടെ സിഖുകാരാവട്ടെ എല്ലാവരും ഇവിടെ തുല്യരാണ്. മതസംഘര്‍ഷത്തില്‍ ഇന്ന് അച്ഛന്‍ മരിച്ചു. നാളെ ആരാണ് മരിക്കുകയെന്ന് അറിയില്ല- അഭിഷേക് പറഞ്ഞു.
ഗൂഢാലോച—നയുടെ ഭാഗമായാണ് സുബോദ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ മാതൃസഹോദരന്‍ രാംഅവ്താര്‍ സിങും ആരോപിച്ചു.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. പോലിസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത സാഹചര്യമാണ് വന്നിരിക്കുന്നതെന്നും ഉവൈസി കുറ്റപ്പെടുത്തി. സുബോധിനെ ജനക്കൂട്ടം തലയ്ക്ക് കല്ലെറിഞ്ഞതായി കൂടെയുണ്ടായിരുന്ന പോലിസുകാരനെ ഉദ്ദരിച്ച് ഡിജിപി അനന്ദ് കുമാര്‍ പറഞ്ഞു. സുബോധ് സഹായം അഭ്യര്‍ഥിച്ചിരുന്നതായും അനന്ദ് കുമാര്‍ പറഞ്ഞു.
അക്രമത്തെ മനുഷ്യത്വരഹിതമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് നഖ്‌വി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് ഗവര്‍ണര്‍ രാംനായിക്കും പറഞ്ഞു.
അതേസമയം സംഭവത്തിനു പിന്നില്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന ആരോപണം വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ നിഷേധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss