|    Dec 17 Sun, 2017 11:52 am
FLASH NEWS

ദലിത് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി

Published : 14th July 2017 | Posted By: fsq

 

കാട്ടാക്കട: ദലിത് സ്ത്രീയെ കടന്നാക്രമിച്ചു ചതുപ്പിലേക്ക് തള്ളിയിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. സ്ഥലത്തെത്തിയ കാട്ടാക്കട സ്റ്റേഷനിലെ ഗ്രെഡ് എസ്‌ഐ മോഹനന്റെ നേതൃത്വത്തില്‍ ഉള്ള പോലിസ് സംഘം  പീഡനശ്രമത്തിനിരയായ സ്ത്രീയെ പരസ്യമായി അപമാനിച്ചത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പ്രതിയെ സ്റ്റേഷനില്‍ കൊണ്ട് പോയി പെറ്റി കേസ് എടുത്തു. വ്യാഴാഴ്ച വൈകീട്ട് നാലോടെ കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിന് സമീപം ഉള്ള ഇടവഴിയില്‍ വച്ചായിരുന്നു സംഭവം. സാധനം വാങ്ങാന്‍ വേണ്ടി പോവുകയായിരുന്ന അമ്പതു വയസ്സുള്ള സ്ത്രീയെ എതിരെ വന്ന മുപ്പതുകാരനായ യുവാവ് കടന്നുപിടിക്കുകയായിരുന്നു. സ്ത്രീ കുതറി മാറാന്‍ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്തതോടെ അവരുടെ മൂക്കും വായും പൊത്തി പിടിച്ച യുവാവ് സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടു സമീപത്തെ ആറടിയോളം താഴ്ചയുള്ള ചതുപ്പിലേക്ക് ചാടി. അവിടെ വച്ച് സ്ത്രീയുടെ മുഖം ചെളിയിലേക്ക് താഴ്ത്താനും ശ്രമിച്ചു. ഇതിനിടയില്‍ സ്ത്രീ എങ്ങനെയോ കുതറി മാറി കരക്ക് കയറി. നാട്ടുകാര്‍ ഓടി എത്തിയതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കുളത്തിലേക്ക് ചാടി മുങ്ങി കിടന്ന യുവാവ് പുറത്തേക്ക് വരാന്‍ തയ്യാറാവാതായതോടെ ചിലര്‍ ഫയര്‍ ഫോഴ്‌സിനെയും വിളിച്ചു വരുത്തി. ഇതിനിടയില്‍ നാട്ടുകാരായ ചിലര്‍ കുളത്തില്‍ ചാടി യുവാവിനെ കരക്കെത്തിച്ചു. ഈ സമയം സംഭവം അറിഞ്ഞു കാട്ടാക്കട സ്റ്റേഷനിലെ ഗ്രെഡ് എസ്‌ഐ മോഹനന്റെ നേതൃത്വത്തില്‍ ഉള്ള പോലിസ് സംഘം സ്ഥലത്തെത്തി. എന്നാല്‍ അതിക്രമത്തിന് ഇരയായ സ്ത്രീയോട് യുവാവ് മദ്യലഹരിയില്‍ ചെയ്തതാണെന്നും  കേസിന് പോകേണ്ടെന്നും പറയുകയും സ്ത്രീയെ പരിഹസിക്കുകയും ചെയ്തു. ഇതിനെതിരെ നാട്ടുകാര്‍  പ്രതിഷേധിച്ചതോടെ പ്രതിയുമായി സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. സംഭവം വിവാദമാവും എന്ന് മനസിലായതോടെ സ്ത്രീയുടെ ബന്ധുക്കളെ വിളിച്ച് കേസായാല്‍ ഉണ്ടാകുന്ന നൂലാമാലകള്‍ വിവരിച്ച ശേഷം യുവാവിനെതിരെ മദ്യപിച്ചു പൊതു സ്ഥലത്തു ബഹളം ഉണ്ടാക്കിയ കുറ്റത്തിനുള്ള പെറ്റി കേസ് എടുക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss