|    Oct 18 Wed, 2017 11:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദലിത് സമൂഹത്തെ കൂട്ടത്തോടെ വേട്ടയാടുന്ന അവസ്ഥ: സുധീരന്‍

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: ദലിത് സമൂഹത്തെ കൂട്ടത്തോടെ വേട്ടയാടുന്ന അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. വേണ്ടസമയത്ത് പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നതിനാലാണ് രാജ്യത്ത് ദലിതര്‍ക്കെതിരായ പീഡനങ്ങള്‍ വ്യാപകമായി വര്‍ധിച്ചത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തതിന്റെ തിക്താനുഭവങ്ങളാണ് രാജ്യത്ത് ദലിത് വിഭാഗം ഇപ്പോള്‍ നേരിടുന്ന പീഡനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ അയ്യങ്കാളിയുടെ 153ാം ജയന്തി അഘോഷത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വര്‍ഗ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിത് പീഡനങ്ങള്‍ വര്‍ധിക്കുന്നതായിട്ടാണ് പറയുന്നത്. ഗുജറാത്തിലെ ദലിത് പീഡനങ്ങള്‍ക്കെതിരേ നിയമസഭയില്‍ പ്രതികരിച്ച 44 കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ഗുജറാത്ത് സ്പീക്കര്‍ പുറത്താക്കിയത്. ദലിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ദേശീയതലത്തില്‍ ദലിത് പീഡനങ്ങള്‍ക്കെതിരേ പ്രസ്താവന ഇറക്കുന്ന സിപിഎം ഭരണത്തിന് നേതൃത്വം നല്‍ക്കുന്ന കേരളത്തിലും ദലിത് പീഡനങ്ങള്‍ വര്‍ധിക്കുന്നു. അതിന്റെ പ്രകടമായ ഉദാഹരണമാണ് തലശ്ശേരി കുട്ടിമാക്കൂലില്‍ കള്ളക്കേസില്‍പ്പെടുത്തി കൈക്കുഞ്ഞിനൊപ്പം ദലിത് സഹോദരിമാരെ ജയിലിലടച്ച സംഭവം. ഇവര്‍ക്കെതിരേ എടുത്ത കള്ളക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ സിപിഎമ്മുകാര്‍ പ്രതികളായ എത്ര ദലിത് പീഡനങ്ങളാണ് സമീപകാലത്ത് കേരളത്തിലുണ്ടായത്. കേന്ദ്രഭരണത്തില്‍ ബിജെപിയും ആര്‍എസ്എസും ദലിത് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അതേപാതയിലാണ് കേരളത്തില്‍ സിപിഎമ്മെന്നും സുധീരന്‍ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ വി എസ് ശിവകുമാര്‍, ഐ സി ബാലകൃഷ്ണന്‍, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മണ്‍വിള രാധാകൃഷ്ണന്‍, ശരത്ചന്ദ്ര പ്രസാദ്, ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ വിദ്യാധരന്‍, കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, കെപിസിസി വക്താക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പന്തളം സുധാകരന്‍, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക