ദലിത് ശ്മശാനത്തിന്റെ ചുറ്റുമതില്‍ പൊളിച്ചു
Published : 26th September 2016 | Posted By: SMR
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ മാട്ടുമുറിയില്‍ ദലിത് വിഭാഗത്തിന്റെ ശ്മശാനത്തിന്റെ ചുറ്റുമതില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. 10 േപര്‍ക്ക് പരിക്കേറ്റു.
ശ്മശാന സംരക്ഷണ ചുമതലയുള്ള ഹരിജനോദ്ധാരണ കമ്മറ്റി പ്രസിഡന്റ് ടി കെ വേലായുധന് (50), സെക്രട്ടറി ശങ്കരന് കറുത്ത പറമ്പ് (45), കെ പി ശിവദാസന്‍ (45), ടി കെ ബാലകൃഷ്ണന് (40), അപ്പുട്ടി (60), സിപിഎം പ്രവര്‍ത്തകരായ മോഹനന് (51), ഷാജികുമാര്‍ (42), ദീപ (36) ആഷിഖ് ബാബു (21), രതിഷ് (40)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്മശാന കമ്മറ്റി ഭാരവാഹികള്‍ മുക്കം ഗവ. ആശുപത്രിയിലും മറ്റുള്ളവര്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
ശ്മശാനത്തിന്റെ താഴെ ഭാഗത്തുകൂടി റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളായ സിപിഎം പ്രവര്‍ത്തകരും ശ്മശാന കമ്മിറ്റിക്കാരും തമ്മില്‍ കേസും തര്‍ക്കവും ഉണ്ടായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ കമ്മിറ്റിക്കാര് ശ്മശാനത്തിലെ കാട് വെട്ടിത്തെളിക്കുകയും താഴെഭാഗത്ത് ചുറ്റുമതില്‍ കെട്ടുകയും ചെയ്തു. ഇതേതുടര്‍ന്ന് മറുവിഭാഗം തടസ്സവാദങ്ങളുമായി രംഗത്തിറങ്ങി. കോടതിയില്‍നിന്ന് അനുകൂല വിധി വന്നതായി ഇരുവിഭാഗവും അവകാശവാദമുന്നയിച്ചതോടെ വൈകുന്നേരത്തോടെ പ്രശ്നം സംസാരിച്ചു തീര്‍ക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍, ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മതില് പൊളിക്കുകയും പാര്‍ട്ടി കൊടി കെട്ടുകയുംചെയ്തായും ഇത് തടയാന്‍ ശ്രമിച്ച തങ്ങളെ നൂറോളം വരുന്ന സിപിഎം സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ ഹരിജനോദ്ധാരണ കമ്മറ്റിയംഗങ്ങള്‍ പറഞ്ഞു. അതേസമയം, കോടതിയുത്തരവ് ലംഘിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വിട്ടിലേക്കുള്ള വഴി ഒരു സംഘം അടച്ചുകെട്ടുകയും ഇതുവഴി വന്ന തങ്ങളെ ആക്രമിക്കുകയും ചെയ്തെന്നാണ് മറുവിഭാഗത്തിന്റെ പരാതി.
സംഘര്‍ഷ സ്ഥലത്ത് മുക്കം പോലിസ് എത്തിയെങ്കിലും കോടതിയുടെ വിധിപ്പകര്‍പ്പ് ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. പട്ടികജാതിയിലെ ചെറുമ വിഭാഗത്തിന്റെ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് 92 സെന്റ് വരുന്ന ശ്മശാനം. ഇതില്‍ നാല് സെന്റ് സ്ഥലം റോഡുകള്‍ക്കായി ഇതിനകം വിട്ടുനല്‍കിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.