|    Feb 25 Sat, 2017 10:35 am
FLASH NEWS

ദലിത് വിരുദ്ധത സിപിഎമ്മിന് നാണക്കേട്

Published : 2nd October 2016 | Posted By: SMR

slug-avkshngl-nishdnglഅംബിക

കേരളത്തില്‍ സിപിഎമ്മിന്റെ ദലിത് വിരുദ്ധത ഇടയ്ക്കിടയ്ക്ക് വാര്‍ത്തയാവുന്നു എന്നത് അത്ര നിസ്സാര കാര്യമായി കാണാവുന്നതല്ല. പ്രത്യേകിച്ചും അവര്‍ ഭരണത്തിലിരിക്കുന്ന സമയത്ത്. ചിത്രലേഖ എന്ന ഓട്ടോ തൊഴിലാളികൂടിയായ ദലിത് യുവതിക്ക് വര്‍ഷങ്ങളോളമാണ് സിപിഎമ്മിന്റെ പീഡനം ഏല്‍ക്കേണ്ടിവന്നത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം ഉന്നയിച്ചുകൊണ്ടാണ് സപ്തംബര്‍ 21ന് സിപിഎമ്മിന്റെയും പട്ടികജാതി ക്ഷേമസമിതിയുടെയും ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സ്വാഭിമാന സംഗമത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി നിരസിച്ചത്. ഇതു ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തലശ്ശേരി കുട്ടിമാക്കൂലില്‍ രണ്ടു ദലിത് യുവതികള്‍ പാര്‍ട്ടി ഓഫിസില്‍ കയറി നേതാക്കളെ ആക്രമിച്ചു (!) എന്ന സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിനോടൊപ്പം അവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നത് അടുത്തകാലത്ത് കേരളമാകെ പ്രതിഷേധമുയര്‍ത്തിയ സംഭവമാണല്ലോ. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലെ മാട്ടുമുറിയില്‍ ദലിത് വിഭാഗത്തിന്റെ ശ്മശാനത്തിന്റെ ചുറ്റുമതില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു എന്ന വാര്‍ത്തയാണ് ഈ പരമ്പരയില്‍ ഒടുവിലത്തേത്.
ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാവുകയും  10 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ശ്മശാന സംരക്ഷണ ചുമതലയുള്ള ഹരിജനോദ്ധാരണ കമ്മിറ്റി പ്രസിഡന്റ് ടി കെ വേലായുധന്‍, സെക്രട്ടറി ശങ്കരന്‍ കറുത്തപറമ്പ് അടക്കമുള്ളവരും സിപിഎം പ്രവര്‍ത്തകരും ആശുപത്രിയിലാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
ശ്മശാനത്തിന്റെ താഴെ ഭാഗത്തു കൂടി റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസിയായ സിപിഎം പ്രവര്‍ത്തകനും ശ്മശാന കമ്മിറ്റിക്കാരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ ഹരിജനോദ്ധാരണ കമ്മിറ്റിക്കാര്‍ ശ്മശാനത്തിലെ കാട് വെട്ടിത്തെളിക്കുകയും താഴെ ഭാഗത്ത് ചുറ്റുമതില്‍ കെട്ടുകയും ചെയ്തു. തുടര്‍ന്ന് സിപിഎം തടസ്സവാദങ്ങളുമായി എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കോടതിയില്‍നിന്ന് അനുകൂല വിധി വന്നതായി ഇരുവിഭാഗവും അവകാശവാദമുന്നയിച്ചതോടെ പ്രശ്‌നം സംസാരിച്ചു തീര്‍ക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍, ഈ തീരുമാനത്തില്‍നിന്ന് സിപിഎം പിന്‍മാറുകയും നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മതില്‍ പൊളിക്കുകയും പാര്‍ട്ടി കൊടി നാട്ടുകയും ചെയ്തു. ഇതു തടയാന്‍ ശ്രമിച്ച ഹരിജനോദ്ധാരണ കമ്മിറ്റിയംഗങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്നു പരിക്കേറ്റവര്‍ പറയുന്നു. അതേസമയം, കോടതി ഉത്തരവ് ലംഘിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്കുള്ള വഴി ഒരു സംഘം അടച്ചുകെട്ടുകയും ഇതുവഴി വന്ന തങ്ങളെ ആക്രമിക്കുകയും ചെയ്‌തെന്നാണു സിപിഎം പറയുന്നത്.
വര്‍ഷങ്ങളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഹരിജനോദ്ധാരണ കമ്മിറ്റിയും തമ്മില്‍ കേസും പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. പട്ടികജാതിയില്‍ പെട്ട ചെറുമ വിഭാഗത്തിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് 92 സെന്റ് വരുന്ന ശ്മശാനം. ഇതില്‍ നാല് സെന്റ് സ്ഥലം റോഡുകള്‍ക്കായി ഇതിനകം വിട്ടുനല്‍കിയിട്ടുണ്ട്.
ദലിത് വിഭാഗത്തിന്റെ ശ്മശാനഭൂമി പൊളിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടന്ന മാട്ടുമുറിയില്‍ മുക്കം പോലിസ് സ്വീകരിച്ച നടപടി വിവാദമായിട്ടുണ്ട്. സംഘര്‍ഷസ്ഥലത്ത് മുക്കം പോലിസ് എത്തിയെങ്കിലും കോടതിയുടെ വിധിപകര്‍പ്പ് ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു. കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഇരുവിഭാഗവും അവകാശവാദമുന്നയിച്ചപ്പോള്‍ വിധിപകര്‍പ്പ് വാങ്ങി അവകാശികള്‍ക്ക് സ്ഥലം വിട്ടുനല്‍കാന്‍ നടപടി സ്വീകരിച്ചില്ലെന്നത് പോലിസിന്റെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥയാണ്.
ഇരുവിഭാഗവും നൂറിലധികം പേരുമായി സംഘടിച്ചെത്തി വലിയതോതില്‍ സംഘര്‍ഷമുണ്ടായിട്ടും പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമം പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പോലിസ് പോയതിനുശേഷവും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു എന്നതും ഗൗരവമായി തന്നെ കാണേണ്ടിയിരിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക