|    Aug 18 Fri, 2017 4:55 am
FLASH NEWS

ദലിത് വിദ്യാര്‍ഥിയെ മര്‍ദിച്ച സഹപാഠികള്‍ക്കെതിരേ നടപടിയില്ല

Published : 2nd August 2017 | Posted By: fsq

 

നെടുങ്കണ്ടം: വണ്ടന്‍മേട്ടിലെ സ്വകാര്യ സ്‌കൂളില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സഹപാഠികള്‍ക്കെതിരേ സ്‌കൂള്‍ അധികൃതരും മാനേജ്‌മെന്റും നടപടിയെടുത്തില്ല. അതേസമയം, സംഭവത്തില്‍ ഗൂഡാലോചന നടത്തിയ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയോട് ദലിത് വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവം അധ്യാപകര്‍ ഇടപെട്ട് പരിഹരിച്ചെങ്കിലും പിന്നീട് ഹയര്‍ സെക്കന്‍ഡറിയിലെ ചില വിദ്യാര്‍ഥികള്‍ ദലിത് വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു. സ്‌കൂള്‍ കോംപൗണ്ടിനുള്ളില്‍ വച്ചു നടന്ന സംഭവം സ്‌കൂളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും കേസ്സെടുത്ത വണ്ടന്‍മേട് പോലിസോ, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ ഗൂഡാലോചന നടത്തിയ ഒരു അധ്യാപകന്റെ പങ്ക് വെളിച്ചത്താവും എന്നതിനാലാണ് സിസിടിവി പരിശോധിക്കാത്തതെന്നു പറയുന്നു. ഇപ്പോള്‍ കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് തന്നെ രംഗത്തെത്തിയതായും വിവരമുണ്ട്. വണ്ടന്‍മേട് സ്റ്റേഷനിലെ ഉന്നതതലത്തില്‍ പിടിപാടുള്ള ഉദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കാന്‍ ചുക്കാന്‍ പിടിക്കുന്നതെന്ന് ആരോപണമുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടിയുടെ അധ്യാപക സംഘടനാ നേതാവാണ് ഗൂഡാലോചന നടത്തിയെന്നു പറയുന്ന അധ്യാപകന്‍. മുമ്പ് ഇതേ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വീഞ്ഞ് വിളമ്പിയ സംഭവത്തില്‍ സ്ഥലം മാറ്റപ്പെട്ട ഇദ്ദേഹം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മാസങ്ങള്‍ക്കകം തിരിച്ചെത്തുകയായിരുന്നു. ദലിത് വിദ്യാര്‍ഥിക്കു മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കാന്‍ അന്വേഷണ കമ്മിറ്റിയെ വച്ചു എന്നതാണ് മാനേജ്‌മെന്റ് ചെയ്ത നടപടി. അതേസമയം, വീഞ്ഞ് വിളമ്പിയ അധ്യാപകനൊപ്പം സ്ഥലം മാറ്റിയ മറ്റൊരു അധ്യാപകനെ തന്നെയാണ് അന്വേഷണ കമ്മിറ്റിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സ്‌കൂളിലെ മറ്റ് അധ്യാപകരുടെ ആക്ഷേപം. മാനേജ്‌മെന്റ് സിസിടിവി ദൃശ്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മനസ്സിലാവും അധ്യാപകന്‍ ഇടപെട്ട് തല്ലിച്ചതാണെന്ന്. അടി നടക്കുന്ന സമയം ദലിത് വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയ പെണ്‍കുട്ടിയുടെ പിതാവും അവിടെയുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് അന്വേഷണ പ്രഹസനം- അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. ദലിത് വിദ്യാര്‍ഥിയെ തല്ലിച്ച അധ്യാപകനെതിരേ നിരവധി ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നുവന്നിട്ടുണ്ട്. വീദ്യാര്‍ഥികള്‍ക്കു വീഞ്ഞ് നല്‍കി, ദലിത് വിദ്യാര്‍ഥിയെ തല്ലിച്ചു, ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളെ ക്യാന്‍വാസ് ചെയ്ത് സ്വന്തം സ്ഥാപനത്തിലൂടെ അന്യസംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ എടുപ്പിച്ച് ഫീസിനത്തില്‍ കൂടുതല്‍ തുക ലോണ്‍ ഒപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു തുടങ്ങിയ ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഈ അധ്യാപകനെ സംരക്ഷിക്കുന്നത് മാനേജ്‌മെന്റിലുള്ള റിട്ടയേര്‍ഡ് ഉദ്യോഗസന്ഥനാണെന്നു പറയുന്നു. തൊടുപുഴയിലെ ജനപ്രതിനിധിയായ രാഷ്ട്രീയ നേതാവിനോട് മറുത്തുപറയാതെ ഇദ്ദേഹം എല്ലാം അപ്പാടെ നടത്തുകയാണ്. അങ്ങിനെയാണ് വീഞ്ഞ് വിളമ്പിയ അധ്യാപകരെ മാസങ്ങള്‍ക്കകം തിരികെ വണ്ടന്‍മേട്ടിലെത്തിച്ചതും ഇപ്പോ ള്‍ ദലിത് വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റ കേസില്‍ നടപടിയുണ്ടാവാത്തതും. ദലിത് വിദ്യാര്‍ഥിക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും പോലിസും കാട്ടുന്ന നിസ്സംഗതയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സ്‌കൂളിലിനു മുന്നില്‍ സമരം സംഘടിപ്പിക്കാനും പോലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്താനും ഒരുങ്ങുകയാണ് വിദ്യാര്‍ഥി സംഘടനകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക