|    Apr 25 Wed, 2018 12:33 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ദലിത് രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

Published : 22nd March 2016 | Posted By: SMR

slug-abhimukhamതാ ങ്കള്‍ക്ക് സിപിഐഎംഎല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടേതായ ഭൂതകാലമുണ്ട്. പിന്നെ എങ്ങനെയാണ് സ്വത്വവാദാധിഷ്ഠിതമായ ദലിത് പ്രസ്ഥാനങ്ങളിലെത്തിയത്? എന്തായിരുന്നു ഇത്തരത്തിലൊരു പരിവര്‍ത്തനത്തിന്റെ പ്രേരണ?
ഉ: ഇന്ത്യയിലെ ദലിത് പ്രസ്ഥാനം രൂപപ്പെടുന്നത് ഇടതുപക്ഷപ്രസ്ഥാനത്തിന് അകത്തുനിന്നാണ്. അനില്‍ കാംബ്ലെ, നാരായണന്‍ സുര്‍വെ തുടങ്ങിയവരൊക്കെയാണ് തുടക്കത്തില്‍ ദലിത് പ്രസ്ഥാനങ്ങള്‍ക്കു ദിശാബോധം പകര്‍ന്നത്. ഇവര്‍ ഇടതുപക്ഷക്കാരായിരുന്നു. ബുദ്ധിസ്റ്റുകളുമായിരുന്നു. നക്‌സല്‍ബാരിക്കു ശേഷമാണ് ഇന്ത്യയില്‍ കാര്‍ഷികപ്രശ്‌നം മാത്രമല്ല, ജാതിപ്രശ്‌നവുമുണ്ട് എന്ന തിരിച്ചറിവുണ്ടാവുന്നത്. ഇന്ത്യയില്‍ ബ്രാഹ്മണിസവുമുണ്ട്. അതിനെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുന്നുണ്ട്. പക്ഷേ, അതിലൊരു സങ്കീര്‍ണതയുണ്ട്. കീഴാള ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യപ്രസ്ഥാനമല്ല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇതേക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. അക്കാലത്ത് താഷ്‌കന്റ് മുതല്‍ സിലിഗുരി വരെ’ എന്ന പേരില്‍ ഒരു പുസ്തകമെഴുതുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചു. 1974ലാണത്. എ ആര്‍ ദേശായിയുടെ ‘ഇന്ത്യന്‍ ദേശീയതയുടെ സാമൂഹിക പശ്ചാത്തലം’ എന്ന കൃതി വായിച്ചപ്പോള്‍ വലിയ ആശയക്കുഴപ്പത്തിലാണ് എത്തിച്ചേര്‍ന്നത.് എനിക്ക് പുസ്തകരചന നിര്‍ത്തേണ്ടിവന്നു. അതിനു ശേഷമാണ് മാര്‍ക്‌സിസം വീണ്ടും വായിക്കാന്‍ തുടങ്ങിയത്. അതെല്ലാം വലിയ ആശയസംഘര്‍ഷങ്ങളിലേക്കു നയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കെ വേണു ‘ഒഴുക്കിനെതിരേ നീന്തുക’ എന്ന പേരില്‍ ഒരു രേഖ തയ്യാറാക്കിയിരുന്നു. പ്രത്യയശാസ്ത്രം ശരിയാണെങ്കിലും പ്രയോഗം തെറ്റായിരുന്നു എന്നായിരുന്നു അതിലെ വാദഗതി. ഞാന്‍ അതിനോടു വിയോജിച്ചു. ശരിയായ പ്രത്യയശാസ്ത്രമുണ്ടെങ്കിലേ പ്രയോഗം ശരിയാവൂ എന്നു ഞാന്‍ വിമര്‍ശനമുന്നയിച്ചു. ഇതിന്റെ തുടര്‍ച്ചയിലാണ് കമ്മ്യൂണിസ്റ്റ് യുവജനവേദിക്കു രൂപം കൊടുത്തത്. അക്കാലത്ത് തോട്ടംതൊഴിലാളികളുടെ സമരങ്ങളിലൊക്കെ ഇടപെടാറുണ്ട്. തുടര്‍ന്ന് മദ്രാസിലേക്കു പോയി. അമ്പത്തൂരില്‍ പ്രവര്‍ത്തിച്ചു. ദേശീയ പ്രശ്‌നം സംബന്ധിച്ച ആലോചന കാര്യങ്ങളെ കുറേക്കൂടി സങ്കീര്‍ണമാക്കി. ഇക്കാലത്താണ് ടി എച്ച് പി ചെന്താരശ്ശേരി രചിച്ച അയ്യങ്കാളിയെക്കുറിച്ചുള്ള പുസ്തകം ശ്രദ്ധയില്‍പ്പെട്ടത്. ഈ പുസ്തകമാണ് എന്റെ പ്രതിസന്ധികള്‍ക്കു പരിഹാരം നിര്‍ദേശിച്ചത്. കീഴാള അടിത്തറയുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടണം എന്ന ആശയം രൂപപ്പെട്ടു. കോങ്ങാട് കേസില്‍ പ്രതിയായിരുന്ന കെ കെ മന്മഥനാണ് ഈ ആശയത്തിനുവേണ്ടി മുന്‍നിന്നു പ്രവര്‍ത്തിച്ചത്. അദ്ദേഹം എംഎല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതിനാല്‍ മെഡിക്കല്‍ കോളജിലെ പഠനം ഉപേക്ഷിച്ചയാളാണ്. സീഡിയന്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത് ഇക്കാലത്താണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ 22 കോടി ദലിതരുണ്ട്. അവരെ ആയുധമണിയിച്ച് വിപ്ലവം നടത്തണമെന്നായിരുന്നു ചിന്തിച്ചത്. മാര്‍ക്‌സിസത്തിനു കീഴാളപക്ഷം നല്‍കുക. പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗം കീഴാളപക്ഷത്തോടു —ചേര്‍ന്നാവണം. ഇക്കാലത്ത് കല്ലറ സുകുമാരന്‍ രചിച്ച ‘ദാരിദ്ര്യത്തിന്റെ അര്‍ഥശാസ്ത്രം’ എന്ന കൃതിയില്‍ ഈ സമീപനമുണ്ട്. മാര്‍ക്‌സിസം കൈവിട്ടില്ല. പക്ഷേ, നമ്മളൊക്കെ ജ്ഞാനശാസ്ത്രപരമായി എത്തിച്ചേരുന്ന നിലപാട് പാര്‍ട്ടിക്കാര്‍ക്ക് സ്വീകാര്യമായില്ല. എന്റെ വീട്ടിലാണെങ്കില്‍ അച്ഛന്‍ കമ്മ്യൂണിസ്റ്റായിരുന്നു. അദ്ദേഹം കെ ദാമോദരന്റെ ആരാധകനായിരുന്നു.

പിന്നെ എന്തുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തില്‍നിന്ന് അകലുന്നത്?
ഉ: മാര്‍ക്‌സിസത്തിന്റെ ചില സങ്കല്‍പ്പങ്ങള്‍ സാമൂഹിക ജീവിതവുമായി പൊരുത്തപ്പെടുന്നില്ല എന്ന വിമര്‍ശനമെനിക്കുണ്ട്. ഉദാഹരണത്തിന് ദലിതര്‍ക്ക് സ്വകാര്യ സ്വത്തില്ല. സ്വത്തില്ല എന്നതിനാല്‍ അവര്‍ ദരിദ്രരാവുന്നു. അവരുടെ സ്വത്തുടമസ്ഥതയ്ക്കുവേണ്ടി കമ്മ്യൂണിസ്റ്റുകള്‍ വാദിച്ചിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാവുമായിരുന്നു. മാര്‍ക്‌സിസത്തെ പാണ്ഡിത്യപരമായി പ്രയോഗിക്കുകയാണിവിടെ. കേരളത്തില്‍ ശ്രീനാരായണഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ സാമൂഹികമാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍, ദലിതര്‍ രക്തം ചിന്തിയ സ്ഥലങ്ങളില്‍ കീഴാളര്‍ക്കു ഗുണം കിട്ടുന്ന പരിവര്‍ത്തനം സംഭവിച്ചിട്ടില്ല. ഇതിന്റെ മികച്ച ദൃഷ്ടാന്തം തെലങ്കാനയാണ്. അവിടെ ഇപ്പോഴും തോട്ടിപ്പണി നിലനില്‍ക്കുന്നു. മഹാരാഷ്ട്രയില്‍ അംബേദ്കര്‍ പ്രസ്ഥാനമുണ്ടാക്കിയ അത്രപോലും പരിവര്‍ത്തനം കമ്മ്യൂണിസ്റ്റുകള്‍ക്ക് സൃഷ്ടിക്കാനായിട്ടില്ല.

ഡിഎച്ച്ആര്‍എം പോലുള്ള സംഘടനകള്‍ ദലിതരുടെ ഭൂമിപ്രശ്‌നത്തെ മുഖ്യ പ്രശ്‌നമായി കാണുന്നില്ല. അവര്‍ ഊന്നല്‍ നല്‍കുന്നത് തൊഴിലിലും വിദ്യാഭ്യാസത്തിലുമാണ്?
ഉ: ചെങ്ങറ സമരകാലത്ത് തോട്ടംതൊഴിലാളികള്‍ എതിര്‍പ്പുയര്‍ത്തിയപ്പോള്‍ ഞങ്ങള്‍ അവരോടു പറഞ്ഞത് നിങ്ങളുടെ ഭൂമിക്കുവേണ്ടിയുള്ള സമരത്തെയും പിന്തുണയ്ക്കുമെന്നായിരുന്നു. അവര്‍ ഭൂമി വേെണ്ടന്നാണു മറുപടി പറഞ്ഞത്. എന്നാല്‍, സമീപകാലത്ത് പൊമ്പിളൈ ഒരുമൈ തോട്ടംതൊഴിലാളികള്‍ക്ക് ഭൂമിയില്‍ അവകാശം വേണമെന്ന ആവശ്യമുയര്‍ത്തുകയുണ്ടായി. ഡിഎച്ച്ആര്‍എമ്മില്‍ അണിനിരന്നിട്ടുള്ളവര്‍ നായാടികളും കൊറഗരുമടക്കമുള്ള ഭൂമിയില്ലാത്ത ജനവിഭാഗങ്ങളാണ്. വ്യവസ്ഥാപിത തൊഴിലുകളൊന്നും ചെയ്യാത്തവരാണിവര്‍. ചില ജാതികള്‍ തൊഴില്‍മേഖലയില്‍ മുമ്പോട്ടുവന്നിട്ടുണ്ട്. പുലയരും സാംബവരുമൊക്കെ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടി വികസിക്കുന്നുണ്ട്. ആദിവാസികളിലും ഈ പ്രവണതയുണ്ട്. കുറിച്യരും കുറുമരും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പക്ഷേ, പണിയര്‍ക്ക് അതിനു സാധിക്കുന്നില്ല. ഡിഎച്ച്ആര്‍എമ്മിന് ആശയപരമായി അടിത്തറയില്ല. പ്രാകൃതമായ ചില അവബോധത്തില്‍ തന്നെ നില്‍ക്കുകയാണവര്‍. സമൂഹത്തെ പരിഷ്‌കരിക്കാവുന്ന ആശയങ്ങളിലല്ല, ചില കള്‍ട്ടുകളിലാണ് അവര്‍ ഊന്നുന്നത്. ഹിന്ദുയിസത്തില്‍ ഇത്തരം എണ്ണമറ്റ കള്‍ട്ടുകള്‍ ഉണ്ട്. അനുഷ്ഠാനപരതയ്ക്കാണു പ്രാധാന്യം. എന്റെ ചെറുപ്പത്തില്‍ ഉണ്ടന്‍ എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. പുലയസമുദായത്തില്‍പ്പെട്ടയാളാണ്. പകല്‍ മുഴുവന്‍ ഉറങ്ങി രാത്രി പണക്കാരെ കൊള്ളയടിച്ച് അതൊക്കെ പാവപ്പെട്ട പുലയന്റെ വീടുകളില്‍ എത്തിച്ചുകൊടുക്കും. ഇയാള്‍ വട്ടമറ്റത്ത് ഒരു ക്രിസ്ത്യാനിയുടെ വയല്‍ കൊയ്ത് നെല്ല് പുലയര്‍ക്കു കൊടുത്തു. ക്രിസ്ത്യാനികള്‍ സംഘടിച്ചെത്തി അയാളെ കൊലപ്പെടുത്തി. പ്രത്യയശാസ്ത്ര വികാസമില്ലാത്ത സാമൂഹിക ഘടകമാണിത്. പഴയകാലത്തെ ചെങ്കുരിശുസംഘം പോലെ. രാഷ്ട്രീയാധികാരത്തിലേക്കു പോവാന്‍ കഴിയാത്ത സംഘങ്ങളായി ഇവ ചുരുങ്ങിപ്പോവും. കേരളത്തില്‍ ജന്മപരമായി ദലിതരെ കാണുന്ന ബുദ്ധിജീവിവിഭാഗത്തില്‍പ്പെട്ട ടി ടി ശ്രീകുമാര്‍, ജെ ദേവിക തുടങ്ങിയവരൊക്കെ ഇത്തരം സംഘങ്ങളെക്കുറിച്ച് ധാരാളം എഴുതുന്നുണ്ട്. ഇവരുടെയൊക്കെ പ്രോല്‍സാഹനത്തിലാണ് അടുത്തിടെ സെലീന പ്രക്കാനം പറഞ്ഞത് സംവരണം വീട്ടിലൊരാള്‍ക്കേ ആവശ്യമുള്ളൂ എന്ന്. ഭരണനിര്‍വഹണത്തിലെ പങ്കാളിത്തം വ്യക്തികള്‍ക്കുള്ളതല്ല, സമൂഹത്തിനുള്ളതാണ്.

കേരളത്തില്‍ ദലിതര്‍ക്കിടയിലെ സമുദായവല്‍ക്കരണം ഇപ്പോഴും ശൈശവദശയില്‍ തന്നെ തുടരുന്നു എന്ന വിമര്‍ശനമുണ്ട്. അതേക്കുറിച്ച്?
ഉ: കേരളത്തില്‍ ദലിത് സമുദായവല്‍ക്കരണം മുമ്പോട്ടുപോവുന്ന പ്രക്രിയയാണ്. ദലിതര്‍ക്കിടയില്‍ ധാരാളം ഉപജാതികളുണ്ട്. പുലയര്‍ തന്നെ 13 ഇനമുണ്ട്. ഇവര്‍ക്കിടയിലെല്ലാം തൊട്ടുകൂടായ്മയുണ്ട്. പക്ഷേ, ജാതിയെന്ന നിലയില്‍ പുലയര്‍ ഒന്നായിട്ടുണ്ട്. പട്ടികജാതിയെന്ന കാറ്റഗറിയില്‍ എല്ലാ വിഭാഗവും ഒന്നായിക്കഴിഞ്ഞിട്ടുണ്ട്. സാമുദായികമായി മാറാന്‍ നിരവധി ഘടകങ്ങള്‍ ഒത്തുചേരണം. വിശ്വാസപരമായ ഏകീകരണവും സാമുദായികമായ ഏകീകരണവും സംഭവിക്കണം. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന സാമുദായിക പ്രത്യയശാസ്ത്രം രൂപപ്പെടണം. കമ്മ്യൂണിസ്റ്റുകളുടെ നിരീശ്വരത്വത്തിലേക്ക് ദലിതര്‍ ആകൃഷ്ടരാവുന്നതിന് ഭൗതികമായ അടിസ്ഥാനമുണ്ട്. കാര്‍ഷികസമൂഹത്തിലെ സമരോല്‍സുകരായ ഭൗതികവാദികളായിരുന്നു ദലിതര്‍. കേരളത്തില്‍ ഈഴവരും നായന്മാരും ഇപ്പോഴും സാമുദായികമായി ഏകീകരിക്കപ്പെട്ടു എന്നു പറയാനാവില്ല. സമുദായം ദേശീയ ഘടകത്തിലെ താഴ്ന്ന ഘടകമാണ്. ജാതികള്‍ക്ക് മതമായോ സമുദായമായോ പരിവര്‍ത്തിപ്പിക്കപ്പെടാം. ഒരൊറ്റ ബൈബിളുള്ള ക്രിസ്ത്യാനികള്‍ക്ക് പല സഭകളുണ്ട്. പല രാഷ്ട്രീയവുമുണ്ട്. ഖുര്‍ആനെ അടിസ്ഥാനമാക്കുന്നവര്‍ക്കിടയിലും വിഭജനങ്ങള്‍ ഏറെയുണ്ട്. പക്ഷേ, ദലിതര്‍ക്കിടയിലെ വിഭജനങ്ങള്‍ പുറംലോകം അറിയുന്നുണ്ട്. സമുദായ രൂപീകരണത്തിന് സ്വത്തുടമസ്ഥതയുമായും ബന്ധമുണ്ട്. ഒപ്പം തന്നെ ബുദ്ധിജീവിവിഭാഗത്തിന്റെ വളര്‍ച്ചയും പ്രധാനമാണ്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ക്കാണ് ദലിതര്‍ക്കിടയില്‍ പ്രബലമായ ബുദ്ധിജീവിവിഭാഗം രൂപപ്പെടുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനരംഗത്തെ ചലനങ്ങള്‍ പ്രധാനമാണ്. ലോകത്തെവിടെയുമുള്ള ജ്ഞാനസിദ്ധാന്തങ്ങള്‍ വളരെ വേഗം ചര്‍ച്ചചെയ്യപ്പെടുന്ന പ്രദേശമാണു കേരളം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയും സഹോദരന്‍ അയ്യപ്പനുമൊക്കെ മാര്‍ക്‌സിസവും സോഷ്യലിസവും കേരളത്തിന്റെ ആശയരംഗത്ത് ചര്‍ച്ചചെയ്യാനിടയായിട്ടുണ്ട്. കേരളത്തിലെത്തുന്ന ജ്ഞാനവ്യവഹാരത്തില്‍ ഇടപെടാതെ പറ്റില്ല. ഇന്നു ദലിത് ബുദ്ധിജീവികളുടെ നല്ലൊരു നിരയുണ്ട്. പ്രദീപന്‍ പാമ്പിരിക്കുന്ന്, സണ്ണി എം കപിക്കാട്, രേഖാരാജ്, എസ് ജോസഫ്, രേണുകുമാര്‍ തുടങ്ങി നിരവധിപേര്‍ സജീവമായി ബൗദ്ധിക പ്രവര്‍ത്തനരംഗത്തുണ്ട്. ഇതെല്ലാം ദലിതരുടെ സ്വത്വബോധത്തെ വികസിപ്പിക്കാനും സമുദായവല്‍ക്കരണപ്രക്രിയക്ക് വേഗം നല്‍കാനും സഹായകമാണ്.

(അവസാനിച്ചു)
കടപ്പാട്: മറുവാക്ക്, ഫെബ്രുവരി 2016. 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss