|    Mar 25 Sun, 2018 10:58 am

ദലിത് യുവാവിനെ വധിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടുന്നതില്‍ അലംഭാവം

Published : 9th September 2017 | Posted By: fsq

 

നെടുങ്കണ്ടം: ദലിത് യുവാവിനെ വധിക്കാന്‍ ശ്രമിച്ച ചാരായ വാറ്റുസംഘത്തെ പിടികൂടുന്നതില്‍ പോലിസ് അലംഭാവം കാണിക്കുന്നതായി ആക്ഷേപം. തുടര്‍ന്ന് എസ്‌സി-എസ്ടി നിയമ പ്രകാരം ഉന്നതോദ്യോസ്ഥര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്. പുഷ്പക്കണ്ടം പുത്തന്‍വീട്ടില്‍ ബിനോയി(35)യെ ആണ് ചാരായ വാറ്റുസംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കഴുത്തിനു നേരെ വന്ന കൊടുവാളില്‍ നിന്ന് ഒഴിഞ്ഞുമാറിയതിനാല്‍ കവിളിലാണു മുറിവേറ്റത്. മുഖത്ത് 10 സ്റ്റിച്ചുമായി ബിനോയി ചികില്‍സയിലാണ്. കേസിന്റെ തുടരന്വേഷണം ഇപ്പോള്‍ നിലച്ചമട്ടാണ്. പോലിസ് പ്രദേശത്ത് അന്വേഷണത്തിന് എത്തിയെങ്കിലും പ്രതി കോമ്പമുക്ക് സ്വദേശി സനീഷ് ഒളിവിലാണെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു.അക്രമിക്കാന്‍ പ്രതിയെത്തിയ ജീപ്പും വ്യാജവാറ്റ് സംഘം ഒളിപ്പിച്ചു. എന്നാല്‍, സനീഷിന്റെ സംഘത്തിലുള്ള അംഗങ്ങള്‍ മേഖലയില്‍ വ്യാജവാറ്റും കഞ്ചാവു കച്ചവടവുമായി സജീവമാണ്. ഇവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്താല്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുമെന്നു നാട്ടുകാര്‍ പറയുന്നു. ഇതിനു പോലിസ് തയ്യാറാവാതെ വന്നതോടെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സംശയമുയര്‍ന്നത്. കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാവാത്ത പശ്ചാത്തലത്തില്‍ എസ്‌സി/എസ്ടി നിയമ പ്രകാരം ഉന്നതോദ്യോഗസ്ഥര്‍ക്കു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിനോയി. അതേസമയം, അണക്കരമെട്ട്, രാമക്കല്‍മേടിന്റെ അതിര്‍ത്തിമേഖല തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി ചാരായം വാറ്റും കച്ചവടവും പൊടിപൊടിക്കുകയാണ്. ഓണം സീസണില്‍ ഈ മേഖലകളില്‍ നിന്ന് ലക്ഷങ്ങളുടെ ലഹരി ഉല്‍പ്പന്നങ്ങളാണ് ഒഴുക്കിയതെന്നു പറയുന്നു. എന്നാല്‍, അധികൃതര്‍ക്ക് ലഹരിമാഫിയയെ തടയാന്‍ സാധിച്ചില്ല. എക്‌സൈസസും ഫോറസ്റ്റും പോലിസുമെല്ലാം വല്ലപ്പോഴും വന്നു കറങ്ങിപ്പോവുന്നത് ഒഴിച്ചാല്‍ കാര്യമായ നടപടികളുണ്ടാവുന്നില്ല. ഓണം സീസണില്‍ എല്ലാ വര്‍ഷവും നടത്തുന്നതു പോലെ പട്രോളിങിനിറങ്ങിയ എക്‌സൈസിനു കഴിഞ്ഞ ദിവസം വെട്ടുകേസിലെ പ്രതി സനീഷിന്റെ സുഹൃത്തിനെ ചാരായവുമായി പിടികൂടിയിരുന്നു. അന്നുരാത്രി തന്നെ രണ്ടുകിലോയോളം കഞ്ചാവുമായി രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. മേഖലയില്‍ ലഹരി മാഫിയ പിടിമുറുക്കിയിട്ട് നാളുകളായി. കഞ്ചാവും ചാരായവും കടത്തുന്നത് പരാതിപ്പെടുന്നവരെ കൊല്ലാന്‍പോലും മടിയില്ലാത്ത സ്ഥിതിയിലേക്ക് ലഹരിമാഫിയയുടെ പ്രവര്‍ത്തനം എത്തിയിരിക്കുകയാണ്. അണക്കരമെട്ടിലെ ഒരു കട കേന്ദ്രീകരിച്ചാണ് കഞ്ചാവ്, ചാരായം കച്ചവടം നടക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. രാമക്കല്‍മേട്, ബാലന്‍പിള്ള സിറ്റി, തൂക്കുപാലം അടങ്ങിയ പട്ടംകോളനിയിലെ ചെറിയ സിറ്റികളിലെല്ലാം അതിര്‍ത്തി മേഖലയില്‍ നിര്‍മിക്കുന്ന ചാരായവും കൃഷി ചെയ്യുന്ന കഞ്ചാവുമാണ് വിറ്റഴിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss