|    Nov 18 Sat, 2017 3:00 am

ദലിത് യുവതിയെ പോലിസ് മര്‍ദ്ദിച്ച് കള്ളക്കേസെടുത്തതായി പരാതി

Published : 17th July 2016 | Posted By: SMR

പാറശ്ശാല: ദലിത് യുവതിയെ മതില്‍ കെട്ടുന്ന തര്‍ക്കവുമായി ബന്ധപ്പെട്ട് പോലിസിന്റെ സഹായത്തോടെ ബന്ധുക്കള്‍ അടങ്ങുന്ന സംഘം വീട്ടില്‍ മതില്‍ കെട്ടിത്തീരുംവരെ പൂട്ടിയിടുകയും പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തതായി പരാതി. പൂവാര്‍ പൂനംവിള ഹൗസില്‍ എല്‍ഐസി മനോരമയ്ക്കാണ് (45) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച മതില്‍ കെട്ടുകയായിരുന്ന സഹോദരന്റെ ഭാര്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മനോരമയെ പ്രശ്‌നം പരിഹരിക്കാന്‍ എത്തിയ പൂവാര്‍ എസ്‌ഐയും സംഘവും നോക്കിനില്‍ക്കെ യുവതിയെ വീട്ടിനുള്ളില്‍ മതില്‍ കെട്ടിത്തീരുംവരെ പൂട്ടിയിടുകയായിരുന്നു.
ഇടയ്ക്ക് മുറിയില്‍ നിന്നു പുറത്തുചാടിയെത്തിയ മനോരമയെ വനിതാ പോലിസ് മുറിക്കുള്ളിലാക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. പിന്നീട് എസ്‌ഐയുടെ നേതൃത്വത്തില്‍ മനോരമയെ ജീപ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും പോലിസിനെ മര്‍ദ്ദിച്ചുവെന്ന് കേസ് എടുക്കുകയും ചെയ്തു. റിമാന്‍ഡ് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും ജയില്‍ അധികൃതര്‍ ചികിത്സ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ മനോരമ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. രണ്ടു തവണ യുവതി രക്തം ഛര്‍ദിച്ചതായും പറയുന്നു. പോലിസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ദലിത് സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. കോവളം എംഎല്‍എ വിന്‍സെന്റും പാറശാല മുന്‍ എംഎല്‍എ എ ടി ജോര്‍ജും ആശുപത്രിയിലെത്തി മനോരമയെ സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക