|    Jan 19 Thu, 2017 10:49 pm
FLASH NEWS

ദലിത്-മുസ്‌ലിം ഐക്യത്തിന്റെ കടമ്പ

Published : 17th September 2016 | Posted By: SMR

കെ എ മുഹമ്മദ് ഷമീര്‍

ഗുജറാത്തിലെ ഉനയില്‍ നാലു ദലിത് യുവാക്കളെ പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ഹിന്ദുത്വര്‍ പരസ്യമായി ചാട്ടവാറു കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന സംഘടിത ദലിത് പ്രക്ഷോഭത്തില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളുടെ കൂട്ടത്തില്‍ പ്രസക്തമായ ഒന്നായിരുന്നു ‘ദലിത്-മുസ്‌ലിം ഭായി ഭായി.’
വിദ്വേഷത്തിലും ഭിന്നിപ്പിലും വര്‍ഗീയതയിലും പടുത്തുയര്‍ത്തപ്പെട്ട ഹിന്ദുത്വരാഷ്ട്രീയത്തിനും ഹിന്ദുത്വരാഷ്ട്രീയത്തിനു പകരം നില്‍ക്കാന്‍ ത്രാണിയില്ലാതായിത്തീര്‍ന്ന കോണ്‍ഗ്രസ്സിനും ബദലായി ഉയരാന്‍ കഴിയുന്ന സമവാക്യമാണ് ദലിത്-മുസ്‌ലിം ഐക്യം. ഒരുപക്ഷേ, ഇന്ത്യയുടെ രാഷ്ട്രീയഗതിയെത്തന്നെ പുത്തന്‍ ദിശയിലേക്കു തിരിച്ചുവിടാന്‍ പ്രാപ്തമായ ഈ സ്വപ്‌നം നിലവിലെ സാമൂഹികാന്തരീക്ഷത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടിവരും.
ദലിത്-മുസ്‌ലിം ഐക്യശ്രമത്തെക്കുറിച്ച അന്വേഷണങ്ങള്‍ എത്തിനില്‍ക്കുക സ്വാഭാവികമായി ബിഎസ്പിയിലും വി ടി രാജ്‌ശേഖറിനെപ്പോലുള്ള സൈദ്ധാന്തികരിലുമായിരിക്കും. ദലിതനായിരുന്ന കാന്‍ഷിറാമിന്റെ നേതൃത്വത്തില്‍ ബിഎഎംസിഇഎഫിലൂടെയും പിന്നീട് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയിലൂടെയും ദലിത്-മുസ്‌ലിം പിന്നാക്കവിഭാഗങ്ങളെ ഒന്നിപ്പിക്കാന്‍ നടന്നതുപോലുള്ള വിശാലതയുള്ളതും ആത്മാര്‍ഥവുമായ ശ്രമം വേറെ നടന്നിട്ടില്ല.
നാലു പ്രാവശ്യം മായാവതി യുപി മുഖ്യമന്ത്രിയായതു വലിയ നേട്ടമാണ്. എന്നാല്‍, സ്വന്തമായി ഭൂമിയുടെ ഉടമസ്ഥത ലഭിക്കുന്നതിലൂടെയും സാമ്പത്തിക സ്വാശ്രയത്വത്തിലൂടെയും മാത്രമേ ദലിതര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ കഴിയൂ. അത്തരത്തിലുള്ള ശ്രമങ്ങള്‍ മായാവതിയില്‍ നിന്ന് ഉണ്ടായിട്ടില്ല. കാന്‍ഷിറാം വിഭാവന ചെയ്ത തലത്തിലേക്ക് പാര്‍ട്ടിയെ ന്യൂനപക്ഷ പിന്നാക്കക്കാരുടെ ഇടയിലേക്ക് വ്യാപിപ്പിക്കുന്നതിലും എന്തിന് ഉത്തര്‍പ്രദേശ് അതിര്‍ത്തികളെ ഭേദിച്ച് അര്‍ഥവത്തായി മുന്നേറുന്നതിലും മായാവതിയുടെ ബിഎസ്പി പരാജയമായിരുന്നു.
ഇതിനു പല കാരണങ്ങളുമുണ്ടാവും. ഇന്ത്യയില്‍ സ്വത്വരാഷ്ട്രീയത്തിന് ഒരു നിഷേധാത്മക പ്രതിച്ഛായ ഇന്ത്യയിലെ സവര്‍ണ മാധ്യമങ്ങളും മതേതര രാഷ്ട്രീയ സംഘടനകളും കല്‍പിച്ചുനല്‍കിയിട്ടുണ്ട്. അത്തരം ശ്രമങ്ങളെ വര്‍ഗീയ മാനം നല്‍കി ആക്രമിക്കാനുള്ള നീക്കങ്ങളും ഉണ്ടാകുന്നുണ്ട്. ഹിന്ദുത്വര്‍ക്കു മാത്രമല്ല കോണ്‍ഗ്രസ്സിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഒന്നും അത്ര താല്‍പര്യമുള്ള കാര്യമല്ല ഇരകളുടെ ഐക്യപ്പെടലും സ്വത്വപരമായ സംഘാടനവും.
കോണ്‍ഗ്രസ്സിന് അതില്‍ ആശയപരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും പാര്‍ട്ടിയെ നിയന്ത്രിക്കുന്ന മേല്‍ജാതി ഹിന്ദുക്കളുടെ അതൃപ്തി വലിയ പ്രശ്‌നമാണ്. ഇടതുപക്ഷത്തിന് അത് ആശയപരമായ പ്രശ്‌നം കൂടിയാണ്. വര്‍ഗരാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിനു സ്വത്വരാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കഴിയില്ല. അത് രാഷ്ട്രീയ പ്രതിസന്ധി കൂടിയുണ്ടാക്കും. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും അത്തരം സംഘടനകളെ വിശാലമായി ഫാഷിസത്തിനെതിരേ പോലും കൂടെ നിര്‍ത്തുന്നത് ഇടതുപക്ഷങ്ങള്‍ക്കു ദഹിക്കില്ല. അവസരം ലഭിക്കുമ്പോള്‍ വര്‍ഗീയതയോ തീവ്രവാദമോ തരംപോലെ ആരോപിച്ച് ഒതുക്കാനും ഇടതുപക്ഷത്തിനു മടിയില്ല.
രാജ്യത്തു നടന്നിട്ടുള്ള മുസ്‌ലിംവിരുദ്ധ കലാപങ്ങളിലെല്ലാം ഗാലറിയില്‍ ഇരുന്നു കളി നിയന്ത്രിക്കുന്ന റോള്‍ മാത്രമേ സംഘപരിവാരം നടത്തിയിട്ടുള്ളൂ. ദലിത് വിഭാഗത്തില്‍ പെട്ടവരെ തങ്ങളുടെ അടിസ്ഥാന പ്രവര്‍ത്തകരാക്കി മുസ്‌ലിംകള്‍ക്കെതിരേ ഇളക്കിവിടുകയാണ് ചെയ്തിട്ടുള്ളത്. 2016ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലത്തിനു ശേഷം 10 ആഴ്ചകള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശില്‍ മാത്രം നടന്ന 605 വര്‍ഗീയ സംഘട്ടന/കലാപങ്ങളില്‍ 90 ശതമാനവും ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയിലായിരുന്നു. 70 ശതമാനവും ഉണ്ടായത് ബൈ ഇലക്ഷന്‍ ഉടനെ നടക്കേണ്ടിയിരുന്ന 12 മണ്ഡലങ്ങളിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയിലെ ദലിത്-മുസ്‌ലിം നേതാക്കള്‍ തങ്ങളുടെ സമുദായത്തിന്റെ വക്താക്കളാവും. അത് പാര്‍ട്ടിയുടെ അടിത്തറയെ ദുര്‍ബലമാക്കുന്നു. മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ടു ബിഎസ്പിയിലെ  മുസ്‌ലിം നേതാവായിരുന്ന ഖാദിര്‍ റാണ മുസ്‌ലിം സമുദായത്തിന്റെ സഹായത്തിനെത്തിയത് ഉയര്‍ത്തിക്കാട്ടി ദലിതര്‍ക്കിടയില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കാന്‍ സംഘപരിവാരത്തിനു കഴിഞ്ഞിരുന്നു.
ഹിന്ദുത്വത്തിന്റെ ജനിതകപരമായ ശ്രേണീബോധം കൊണ്ടാണ് ദലിതര്‍ക്കു നേരെ ആക്രമണം നടക്കുന്നത്. തങ്ങളുടെ മേല്‍ജാതിസ്ഥാനം അംഗീകരിച്ചുകിട്ടാനും സവര്‍ണന്റെ എച്ചിലില്‍ കിടന്ന് ഉരുളാനും അവരുടെ മാലിന്യം കോരാനും ചത്ത മൃഗങ്ങളുടെ തോലുരിക്കാനും മലം ചുമക്കാനും ദലിതര്‍ വേണം. പക്ഷേ, അത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആരോഹണത്തിനു തടസ്സം നില്‍ക്കാതിരിക്കാന്‍ മാത്രമാണ് ആര്‍എസ്എസ് ശ്രദ്ധിക്കുന്നത്. സവര്‍ണരുടെ ഈ മേധാവിത്വബോധം ദലിതരുടെ നേരെ ചിത്തഭ്രമം ബാധിച്ച പോലെ ആക്രമണം അഴിച്ചുവിടാന്‍ കാരണമാകുന്നു. ആക്രമണങ്ങളെ മറച്ചുപിടിക്കാന്‍ കഴിയുന്നില്ല എന്നിടത്താണ് ഹിന്ദുത്വം പ്രതിസന്ധിയിലാകുന്നതും.
മുസ്‌ലിംകള്‍ക്കെതിരേ ഉപയോഗിക്കുന്നതില്‍ നിന്നു മോചനം ലഭിക്കണമെങ്കില്‍ ‘ഹിന്ദു’ എന്ന ഹിന്ദുത്വര്‍ പതിച്ചുനല്‍കിയ ചാപ്പ തിരസ്‌കരിക്കാന്‍ ദലിതര്‍ക്ക് കഴിയണം. സംഘപരിവാരം എന്നും ആളിക്കത്തിക്കാന്‍ നോക്കുന്നത് ഹിന്ദു എന്ന വികാരമാണ്. ഹിന്ദു ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ദലിതരെ നാലാം വിഭാഗത്തില്‍ പോലും പെടുത്തുന്നില്ല. മനുസ്മൃതിയില്‍ ദലിതരില്ലതന്നെ. ശൂദ്രരല്ല ദലിതര്‍. തങ്ങള്‍ ഹിന്ദുക്കളെല്ലന്നു രാമസ്വാമി പെരിയോരെപ്പോലെ പ്രഖ്യാപിക്കാനുള്ള ഉറച്ച സംഘടിത ശബ്ദം ദലിതരില്‍ നിന്ന് ഉണ്ടാവണം.
ദലിതരും മുസ്‌ലിംകളും ഹിന്ദുത്വത്തിന്റെ ഇരകള്‍ എന്ന നിലയില്‍ തുല്യരാണെങ്കിലും ഒരേ കാരണം കൊണ്ടല്ല ഹിന്ദുത്വര്‍ ദലിതരെയും മുസ്‌ലിംകളെയും ആക്രമിക്കുന്നത്. ദലിത് വിഭാഗത്തില്‍ ബ്രാഹ്മണമതം കാണുന്നത് അധമത്വവും നികൃഷ്ടതയുമാണെങ്കില്‍ മുസ്‌ലിംകളില്‍ അവര്‍ തങ്ങളുടെ അസ്തിത്വ പ്രതിസന്ധി കാണുന്നു. മുസ്‌ലിംകളെ ശത്രുപക്ഷത്തു നിര്‍ത്തുമ്പോള്‍ ദലിതരെ അങ്ങനെ സംഘപരിവാരം നിര്‍ത്തില്ല. കാരണം, മുസ്‌ലിംകള്‍ക്കെതിരേ ഉപയോഗിക്കാന്‍ ദലിതരെ തങ്ങളുടെ പക്ഷത്തു വേണമെന്നതും ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ആരോഹണത്തിനു ദലിതര്‍ അനിവാര്യമാണെന്നതുമാണ്.
ദലിതരും മുസ്‌ലിംകളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ സ്വത്വവുമായി ഉള്‍ച്ചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ സ്വത്വപരമായ സംഘാടനങ്ങള്‍ക്കും പരിഹാര അന്വേഷണങ്ങള്‍ക്കും മാത്രമേ ഫലപ്രാപ്തി ലഭിക്കുകയുള്ളൂ. ഈ യാഥാര്‍ഥ്യബോധത്തില്‍ നിന്നുകൊണ്ടു മാത്രമേ ദലിത്-മുസ്‌ലിം ഐക്യശ്രമങ്ങള്‍ വിജയിക്കുകയുള്ളൂ. ബാഹ്യമായുള്ള രാഷ്ട്രീയ ഐക്യം കൊണ്ടു മാത്രം എല്ലാമാെയന്നു കരുതാനാവില്ല. വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹികപരമായ ഉയര്‍ച്ചയുടെ കൂടെയുള്ള രാഷ്ട്രീയ ശാക്തീകരണ ശ്രമങ്ങള്‍ക്കേ എന്തെങ്കിലും അടിസ്ഥാനപരമായ മാറ്റം സമൂഹത്തില്‍ ഉണ്ടാക്കാനാവുകയുള്ളൂ. ദലിതരും മുസ്‌ലിംകളും സ്വത്വപരമായിത്തന്നെ വെവ്വേറെ സംഘടിക്കണം; പരിഹാരങ്ങള്‍ തേടണം. തുടര്‍ന്നുള്ള രാഷ്ട്രീയ ഐക്യപ്പെടലുകള്‍ക്കേ ഗുണമുണ്ടാകൂ.
ഇപ്പോള്‍ മാത്രമാണ് അത്തരം ശാക്തീകരണശ്രമങ്ങള്‍ ദലിതുകള്‍ക്കിടയില്‍ നടക്കുന്നത്. ദലിതര്‍ ഏറ്റവും വിദ്യാഭ്യാസപരമായി ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തില്‍ ഉയര്‍ന്നുവരുന്ന സ്വത്വചിന്തകള്‍ തന്നെ രണ്ടായും നാലായും എട്ടായും ചിന്നിച്ചിതറി. ദലിത് ചിന്തകളിലെ വിവിധ ധാരകളെ പ്രതിനിധീകരിക്കുന്നവരാണ് തങ്ങളെന്ന് ഓരോ കൂട്ടരും സമാധാനിച്ചു. സംഘടിത നീക്കങ്ങള്‍ കേവല വസ്ത്രധാരണത്തിലെ പ്രതീകാത്മകതയില്‍പ്പെട്ട് ദിശയറിയാതെ ഉഴലുന്നു. യുവാക്കളെയും വിദ്യാര്‍ഥികളെയും ബോധ്യപ്പെടുത്തി കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല.
വേണ്ടത്ര രാഷ്ട്രീയവല്‍ക്കരിക്കപ്പെടാത്ത സമൂഹമാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹം. ഒരുതരം അരാഷ്ട്രീയത മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്നുണ്ട്. സമുദായത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന പുരോഹിതര്‍ ബാഹ്യമായി അരാഷ്ട്രീയവാദികളാണ് എന്നതുകൊണ്ടാകാം അത്. ബിജെപി വരാതിരിക്കാന്‍ ആരെയെങ്കിലും പിന്തുണയ്ക്കുന്നതിനപ്പുറം രാഷ്ട്രീയ ഇടപെടലിന്റെ സാധ്യതകളെ കുറിച്ചുള്ള ബോധ്യത്തിലേക്ക് ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഇനിയും എത്തിച്ചേര്‍ന്നതായി കാണുന്നില്ല. മുസ്‌ലിം രാഷ്ട്രീയകക്ഷികള്‍ പരിമിത മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്, മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം മലബാറിനു പുറത്തേക്ക് കാലമിത്ര കഴിഞ്ഞിട്ടും വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ അഭാവവും വിശാലാര്‍ഥത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍തക്ക വിശാലത ഇല്ലാത്തതുമായിരിക്കാം കാരണം.
ഹൈദരാബാദിലെഎംഐഎമ്മാണ് മറ്റൊന്ന്. തിരഞ്ഞെടുപ്പില്‍ ദലിതനു ടിക്കറ്റുകള്‍ നല്‍കുകയും ബിഎസ്പി മറ്റു ദലിത് രാഷ്ട്രീയപ്പാര്‍ട്ടികളുമായി താല്‍ക്കാലികമായി ഐക്യപ്പെടുകയും ചെയ്യുന്നതിനപ്പുറം ദലിത്-മുസ്‌ലിം ഐക്യം ഉണ്ടാക്കാന്‍ ഉവൈസിക്കും കഴിയുമോ എന്നതില്‍ സംശയമാണ്. ദലിതരുടെ മാത്രം പാര്‍ട്ടിയാണെന്ന തോന്നല്‍ ബിഎസ്പിയില്‍ നിന്ന് മുസ്‌ലിംകളെ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നു.
ഇരകളായ മുസ്‌ലിംകളുടെയും ദലിതരുടെയും ഇടയില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്ന ഒരു നവരാഷ്ട്രീയപ്രസ്ഥാനത്തിന്റെ വിടവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 168 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക