|    Nov 15 Thu, 2018 11:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദലിത് മഹാറാലിയില്‍ പങ്കെടുത്തവരെ ആക്രമിച്ചു; എട്ടു പേര്‍ക്ക് ഗുരുതരം

Published : 17th August 2016 | Posted By: SMR

അഹ്മദാബാദ്: സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്തിലെ ‘ഉന’യില്‍ നടന്ന ദലിത് പ്രതിഷേധ റാലിയില്‍ പങ്കെടുത്തു തിരിച്ചുവന്ന ദലിത് പ്രവര്‍ത്തകരെ ജനക്കൂട്ടം ആക്രമിച്ചു. ‘ഉന’യ്ക്കു സമീപം സമതര്‍ ഗ്രാമത്തില്‍വച്ചാണ് ഇരുപതോളം ദലിതര്‍ക്കു മര്‍ദ്ദനമേറ്റത്. എട്ടുപേരുടെ നില ഗുരുതരമാണ്. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് മോട്ടോര്‍ സൈക്കിളില്‍ തിരിച്ചുവന്ന ദലിത് പ്രവര്‍ത്തകരെ റോഡില്‍ തടഞ്ഞു മര്‍ദ്ദിച്ചത്.
ഉനയില്‍ നേരത്തെ ദലിതര്‍ക്കു നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഗോരക്ഷാസേനയിലെ സംതാന്‍ ഗ്രാമക്കാരായ 12 പേരെ പോലിസ് അറസ്റ്റ് ചെയ്തതിനു പ്രതികാരമായാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പോലിസ് കണ്ണീര്‍വാതകവും ചെറിയതോതിലുള്ള ലാത്തിച്ചാര്‍ജും നടത്തിയാണ് അക്രമികളെ പിരിച്ചുവിട്ടത്.
എന്നാല്‍, പോലിസ് നോക്കിനില്‍ക്കെയാണ് ആക്രമണം നടന്നതെന്നും മര്‍ദ്ദനമേറ്റവര്‍ക്കു സംരക്ഷണം നല്‍കാന്‍ പോലിസ് തയ്യാറായില്ലെന്നും ദലിതുകള്‍ ആരോപിച്ചു. ഭാവാനഗര്‍ ജില്ലയില്‍ നിന്നുള്ളവരാണ് ആക്രമണത്തിനിരയായത്. ദലിത് റാലിയില്‍ പങ്കെടുത്തു തിരിച്ചുവരുമ്പോള്‍ റോഡ് തടഞ്ഞ് സംതാര്‍ ഗ്രാമവാസികള്‍ നിര്‍ദ്ദയം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനത്തില്‍ നിന്നു രക്ഷപ്പെട്ട മാവ്ജിഭായ് സര്‍വയ്യ പറഞ്ഞു.
‘ബദല്‍ റോഡുകളെല്ലാം തടസ്സപ്പെടുത്തി ആസൂത്രിതമായാണ് പോലിസ് സാന്നിധ്യത്തില്‍ ആക്രമണം നടത്തിയതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായപ്പോഴാണ് പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന ദലിത് നേതാവ് ജയന്തി മകാദിയയും പോലിസ് നടപടിയെ വിമര്‍ശിച്ചു. ഉനയില്‍ നടന്ന ദലിത് സംഗമത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇനി ചത്ത പശുക്കളുടെ ജഡങ്ങള്‍ നീക്കുകയോ അഴുക്കുചാല്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ശുചീകരണ ജോലികള്‍ ഏറ്റെടുക്കുകയോ ചെയ്യില്ലെന്ന് ദലിതുകള്‍ പ്രതിജ്ഞയെടുത്തു. അഹ്മദാബാദില്‍ നിന്ന് 350 കിലോമീറ്റര്‍ പദയാത്ര നടത്തിയാണ് അവര്‍ ഉനയില്‍ സംഗമിച്ചത്.
ചടങ്ങില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ഉനയില്‍ മര്‍ദ്ദനത്തിനിരയായ ഒരു ദലിതന്റെ പിതാവും ചേര്‍ന്നാണ് ദേശീയപതാക ഉയര്‍ത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് കനയ്യകുമാറും ചടങ്ങില്‍ സംബന്ധിച്ചു. ‘ജയ് ഭീം’ മുദ്രാവാക്യം മുഴക്കിയ ദലിതര്‍ തങ്ങള്‍ക്കു നേരെയുള്ള അതിക്രമത്തിനും വിവേചനത്തിനുമെതിരേ പ്രതിഷേധിച്ചു. ഓരോ ദലിത് കുടുംബത്തിനും അഞ്ച് ഏക്കര്‍ വീതം കൃഷിഭൂമി അനുവദിക്കണമെന്നും ഒരു മാസത്തിനുള്ളില്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ തീവണ്ടിതടയല്‍ പോലുള്ള സമരമാര്‍ഗം സ്വീകരിക്കുമെന്നും പദയാത്രയ്ക്കു നേതൃത്വം കൊടുത്ത ജിഗ്‌നേശ് മാവാനി പറഞ്ഞു.
ജാതീയതയില്‍നിന്നു മോചനം വേണമെന്നും രാജ്യത്തെവിടെയും ദലിതുകള്‍ക്കു നേരെ നടക്കുന്ന അതിക്രമവും വിവേചനവും വച്ചുപൊറുപ്പിക്കുകയില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു. തന്റെ മകനുണ്ടായ അനുഭവം മറ്റൊരാള്‍ക്കുമുണ്ടാവാതിരിക്കാനാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്ന് രാധിക വെമുല പറഞ്ഞു. അതേസമയം  ദലിത് മഹാറാലിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവരെ ആക്രമിച്ച കേസില്‍ 22 പേരെ പോലിസ് അറസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss