|    Apr 27 Fri, 2018 2:37 am
FLASH NEWS

ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന പ്രതി ഒരു വര്‍ഷത്തിനുശേഷം അറസ്റ്റില്‍

Published : 15th October 2016 | Posted By: Abbasali tf

കഴക്കൂട്ടം: മംഗലപുരം മുരുക്കുംപുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രധാന പ്രതി അറസ്റ്റില്‍. കീഴ് തോന്നയ്ക്കല്‍ മണവിള റേഷന്‍ കടയ്ക്ക് സമീപം ആലുവിള വീട്ടില്‍ സുനില്‍ (22) ആണ് അറസ്റ്റിലായത്. ഈ കേസിലെ മറ്റു പ്രതികളായ മുരുക്കുംപുഴ അലിയോട്ടുകോണം മൂഴിഭാഗം പാറയ്ക്കാട് വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ (27), പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം ആനയ്‌ക്കോട് ദേവീക്ഷേത്രത്തിനുസമീപം അനീഷ് ഭവനില്‍ ലിബു എന്ന് വിളിക്കുന്ന അനീഷ് (30), പുല്ലുംമ്പാറ വില്ലേജില്‍ ശാസ്താംനട പുലിമുട്ട്‌കോണം വീട്ടില്‍ പ്രഭോഷ് (35) എന്നിവരെ പോലിസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം മുങ്ങിയ പ്രധാന പ്രതിയായ സുനില്‍ ഒരു വര്‍ഷത്തിനു ശേഷമാണ് പിടിയിലാവുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പെണ്‍കുട്ടിയെ സുനില്‍ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും ഓട്ടോറിക്ഷയിലും കൊണ്ടുപോയി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്‌തെന്നാണ് കേസ്. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പോലിസ് അറിയുന്നത്. തുടര്‍ന്ന് പോലിസ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുനില്‍ അവിടെ നിന്നും പത്തനംത്തിട്ട, ഓച്ചിറ, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ചെങ്ങറ സമര ഭൂമിയില്‍ ഒരു സ്ത്രീയുമായി താമസിച്ചു വരികയും തുടര്‍ന്ന് പോലിസ് പിന്തുടര്‍ന്ന് എത്തിയപ്പോള്‍ ഓച്ചിറയിലെ ബന്ധു വീട്ടിലേക്ക് മാറുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പോലിസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ട് പോകല്‍, മാനഭംഗപ്പെടുത്തല്‍, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ നിയമം എന്നിവയനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ ആറ്റിങ്ങ ല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ നിരവധി അടിപിടി കേസുകളും നിലവിലുണ്ട്. റൂറല്‍ ഷാഡോ പോലിസ്, പോത്തന്‍കോട് സിഐ എസ് ഷാജി, എസ്‌ഐമാരായ ബിനീഷ് ലാല്‍, ഗോപിദാസ്, നിസ്സം, എസ്‌സിപിഒമാരായ മനോജ്, രാജീവ്, ബിജു, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss