|    Jan 19 Thu, 2017 8:00 am
FLASH NEWS

ദലിത് പീഡനം: രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ദലിത് വിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങെള രാജ്യസഭയില്‍ പ്രതിപക്ഷം അപലപിച്ചു. ഗുജറാത്തില്‍ ദലിതര്‍ക്കെതിരായി നടന്ന അക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആരോപിച്ചു. ഗുജറാത്തില്‍ ദലിത് വിഭാഗങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതരത്തില്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷമാണുള്ളതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഗുജറാത്ത് സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ രണ്ടുമാസത്തിനുള്ളില്‍ കുറ്റപത്രം തയ്യാറാക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്കു മറുപടി പറയവെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വ്യക്തമാക്കി. അതിനിടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തില്‍ ഇത്തരം അക്രമസംഭവങ്ങള്‍ കുറവാണെന്നു സ്ഥാപിക്കാനുള്ള രാജ്‌നാഥിന്റെ ശ്രമം പ്രതിപക്ഷപ്രതിഷേധത്തിന് ഇടയാക്കി. രാജ്യത്ത് പശുസംരക്ഷണം അത്യാവശ്യമാണെന്നും എന്നാ ല്‍, മനുഷ്യരെ ആരാണു രക്ഷിക്കുകയെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്ര സാമൂഹികനീതി സഹമന്ത്രി രാംദാസ് അത്തേവാല പറഞ്ഞു. ദലിതര്‍ക്കെതിരായ അക്രമങ്ങ ള്‍ക്കു തടയിടാന്‍ നിയമംകൊണ്ടു മാത്രം കഴിയില്ല. ജാതിവ്യവസ്ഥയുടെ ദുരന്തഫലങ്ങള്‍ ഒഴിവാക്കാന്‍ രാജ്യത്ത് മിശ്രവിവാഹം പ്രോല്‍സാഹിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദലിത്, മുസ്‌ലിം വിഭാഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. രാജ്യത്തെ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിരോധിക്കണമെന്ന് ജെഡിയു നേതാവ് ശരത് യാദവ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സും മറ്റു കക്ഷികളും ശരത് യാദവിന്റെ നിര്‍ദേശത്തോട് യോജിച്ചു. ഗുജറാത്തില്‍ ദലിതുകളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന ഭീകരാന്തരീക്ഷമാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ പറഞ്ഞു. അധികാരത്തിലെത്തിയശേഷം കേന്ദ്രസര്‍ക്കാര്‍ ദലിതുകളെ ആക്രമിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക