|    Aug 16 Thu, 2018 3:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദലിത് പാചകത്തൊഴിലാളിക്ക് എതിരേ വ്യാജ പരാതി

Published : 9th August 2018 | Posted By: kasim kzm

കോയമ്പത്തൂര്‍: ദലിത് സ്ത്രീയായ പാചകത്തൊഴിലാളിയെ സ്‌കൂളില്‍ നിന്നു പുറത്താക്കുന്നതിനായി സ്‌കൂള്‍ ഭക്ഷണത്തില്‍ വിഷാംശമെന്നു വ്യാജ പരാതി നല്‍കിയതായി ആരോപണം. തിരുപ്പൂര്‍ ജില്ലയ്ക്കടുത്ത തിരുമലൈഗൗണ്ടമ്പാളയം സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളി പി പപ്പലിനെതിരേയാണു വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. പപ്പല്‍ പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിഷബാധയേറ്റുവെന്നു കാണിച്ച് 12 വിദ്യാര്‍ഥികളാണു പരാതി നല്‍കിയത്. ഭക്ഷണം കഴിച്ചയുടനെ ഛര്‍ദിക്കുകയും തളര്‍ച്ച അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നു കാണിച്ച് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശശികലയും പപ്പലിനെതിരേ പരാതി നല്‍കിയതായി പോലിസ് അറിയിച്ചു.
എന്നാല്‍ ദലിത് സ്ത്രീയായതിനാല്‍ തന്നെ പിരിച്ചുവിടുന്നതിനായി സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നു പപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥികളോടൊപ്പം ഒരേ ഭക്ഷണമാണു താനും തന്റെ മകളും കഴിച്ചത്. തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നു പപ്പല്‍ പറഞ്ഞു.
തങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നു ദലിത് സ്ത്രീയായ പപ്പലിനെ മാറ്റണമെന്ന ഗൗണ്ടര്‍ സമുദായാംഗളുടെ ആവശ്യത്തെ തുടര്‍ന്നു പപ്പലിനെ നേരത്തെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ പട്ടികജാതി കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു പപ്പലിന്റെ സ്ഥലംമാറ്റം റദ്ദാക്കി.
ഇതേത്തുടര്‍ന്ന് സവര്‍ണരുടെ ഭീഷണി നേരിടുന്ന തങ്ങളുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പപ്പലിന്റെ ഭര്‍ത്താവ് കഴിഞ്ഞദിവസം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss