|    Jun 25 Sun, 2017 7:12 am
FLASH NEWS

ദലിത് കുടുംബത്തിന് ശൗചാലയം നിര്‍മിച്ച് നല്‍കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

Published : 29th October 2016 | Posted By: SMR

ചെറുതോണി: ദലിത് കുടുംബത്തിന് ശൗചാലയം നല്‍കാന്‍ പഞ്ചായത്ത് അംഗം എതിര്‍ത്തപ്പേള്‍ പഞ്ചായത്തിനോട് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാര്‍ഡില്‍ താമസക്കാരിയായ ജാന്‍സി കുരുവിളയ്ക്കാണ് ജില്ലാ കലക്ടറില്‍ നിന്നു അനുകൂല ഉത്തരവുണ്ടായത്. നിരവധി തവണ കക്കൂസ് അനുവദിക്കുന്നതിനായി പഞ്ചായത്ത് അംഗത്തെ സമീപിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജാന്‍സി പഞ്ചായത്ത് പടിക്കല്‍ സത്യഗ്രഹ സമരം നടത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടായാല്‍ കക്കൂസ് നിര്‍മിച്ച് നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.കഴിഞ്ഞദിവസം കലക്ടറെ നേരില്‍ക്കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയതോടെയാണ് കക്കൂസ് നിര്‍മിച്ച് നല്‍കാന്‍ തീരുമാനമായത്. ജാന്‍സിയും മൂന്ന് മക്കളും താമസിക്കുന്ന വീട് ജ്യേഷ്ഠ സഹോദരിയുടെ പേരിലുള്ളതാണ്. ഈ സഹോദരി മാനസിക രോഗത്തെ തുടര്‍ന്ന് ചികില്‍സയിലാണ്. പഞ്ചായത്തില്‍ ജാന്‍സിയുടെ പേരില്‍ യാതൊരു രേഖകളും ഇല്ലെന്നതിന്റെ പേരിലാണ് വാര്‍ഡ് മെംബര്‍ തടസ്സവാദമുന്നയിച്ചത്. എന്നാല്‍ പഞ്ചായത്ത് കമ്മിറ്റി ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ പ്രത്യേക പരിഗണന നല്‍കി കക്കൂസ് നല്‍കാനുള്ള നടപടി നീക്കുകയായിരുന്നു.ഇതേതുടര്‍ന്നാണ് ജില്ലാ കലക്ടറെ നേരില്‍ കണ്ടത്. മുമ്പ് കലക്ടറേറ്റില്‍ ലഭിച്ചിട്ടുള്ള ചില റിപോര്‍ട്ടുകള്‍ പ്രകാരം ജാന്‍സി ഇവിടെ താമസിക്കുന്നുവെന്ന് കണ്ടെത്തിയത് മുന്‍നിര്‍ത്തിയാണ് കക്കൂസ് അനുവദിച്ച് നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. മാതാപിതാക്കള്‍ മരണപ്പെട്ടതോടെ ജാന്‍സിയും ഈ ഭൂമിക്ക് അവകാശിയാണെന്നും കണ്ടെത്തി.വ്യക്തിവൈരാഗ്യം മൂലം ദലിത് കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടുത്താന്‍ ശ്രമിച്ച വാര്‍ഡ് മെംബര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ദലിത് യൂനിയന്‍ ഭാരവാഹികളായ ജെയ്‌സണ്‍ സാമുവല്‍, സാറാമ്മ ജോസഫ്, കേശവന്‍ പള്ളിക്കല്‍ ഐസന്‍ ജിത്ത് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക