|    Jan 20 Fri, 2017 12:53 am
FLASH NEWS

ദലിതുകള്‍ പറയുന്നു: ഇത് നിങ്ങളുടെ മാതാവ്, നിങ്ങള്‍ തന്നെ സംസ്‌കരിക്ക് !’

Published : 4th August 2016 | Posted By: SMR

സുരേന്ദ്രനഗര്‍: ഞങ്ങള്‍ കടമ നിറവേറ്റുമ്പോള്‍ എന്തിനാണ് പശുരക്ഷകര്‍ പീഡിപ്പിക്കുന്നത്, അതും സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്ന ഒരു തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍? ദലിത് സാമൂഹിക പ്രവര്‍ത്തകനായ മഹേഷ് ഭായി രത്തോഡ് രോഷത്തോടെ ചോദിക്കുന്നു.
ഞങ്ങള്‍ തൊഴിലില്‍നിന്നു വിട്ടുനില്‍ക്കുന്നത് എത്ര പ്രാധാന്യമുള്ളതാണ് ഞങ്ങളുടെ തൊഴിലെന്ന് അവരെ ബോധ്യപ്പെടുത്താനാണെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ 18ന് ഗുജറാത്തിലെ ചെറുപട്ടണമായ സുരേന്ദ്രനഗറിലെ കലക്ടറുടെ ഓഫിസിലേക്ക് ഒരു സംഘം ദലിതര്‍ മാര്‍ച്ച് നടത്തുകയും ചത്ത പശുവിന്റെ മാലിന്യങ്ങള്‍ ഓഫിസ് വളപ്പിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് നാല് ദലിത് യുവാക്കള്‍ക്കുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിക്കുകയായിരുന്നു അവര്‍.
ദലിത് യുവാക്കള്‍ അക്രമണത്തിനിരയായത് കാര്യമായി എടുക്കാതിരുന്ന മാധ്യമങ്ങള്‍ക്ക് പക്ഷേ, കലക്ടറുടെ ഓഫിസിലേക്കു നടന്ന ദലിത് മാര്‍ച്ച് കണ്ടില്ലെന്നു നടിക്കാനായില്ല. ദലിത് പ്രക്ഷോഭം കത്തിപ്പടരുമെന്നു കണ്ട മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം തന്നെ ഇതിനുനല്‍കി. അടുത്ത ദിവസം അക്രമത്തിനിരയായ ദലിത് യുവാക്കളുടെ കുടുംബങ്ങളെ ഗുജറാത്ത് മുഖ്യമന്ത്രിക്കു സന്ദര്‍ശിക്കേണ്ടിയും വന്നു. ഗുജറാത്തിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും നടന്ന ദലിത് മര്‍ദ്ദനങ്ങള്‍ക്കെതിരേയുണ്ടായ പ്രതിഷേധത്തെ പോലെ ഒന്നുമാവാതെ ഒതുങ്ങിപ്പോവുമായിരുന്ന സംഭവം ദിവസങ്ങള്‍ക്കകം അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മൂന്നു വ്യക്തികളായിരുന്നു. നാഥുഭായി പര്‍മര്‍, മഹേഷ് ഭായി രത്തോഡ്, ഹിരാഭായി ചൗദ എന്നിവരായിരുന്നു അവര്‍. നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ ബിജെപിക്ക് മുഖ്യമന്ത്രിയെ വരെ സ്ഥാനത്തുനിന്നു മറ്റേണ്ടിവന്ന തരത്തില്‍ ദലിത് പ്രക്ഷോഭം ശക്തമാക്കിയതിനു പിന്നിലെ ചാലകശക്തി ഈ മൂന്നുപേരായിരുന്നു. അസംഘടിതരായ ദലിതുകളെ സംഘടിപ്പിച്ച് അത് കലക്ടറേറ്റിലേക്കുള്ള 1500 പേരുടെ മാര്‍ച്ചാക്കി മാറ്റിയതിനു പിന്നില്‍ നാഥുഭായി പര്‍മറുടെ ലാപ്‌ടോപ്പിന് നിര്‍ണായക പങ്കുണ്ട്. ദലിത് യുവാക്കളെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇദ്ദേഹം ഓരോ ഗ്രാമങ്ങളിലുമെത്തി പ്രദര്‍ശിപ്പിച്ചു. ഇതുകണ്ട് കുപിതരായ ദലിതുകള്‍ മാര്‍ച്ചിനു വരാമെന്നു മാത്രമല്ല, ധനസഹായം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഹിരാഭായി ചൗദ വാട്‌സ്ആപ്, ഫേസ്ബുക്ക് എന്നിവ മുഖേന ദലിത് യുവാക്കള്‍ക്ക് അക്രമത്തിന്റെ വീഡിയോ എത്തിച്ചു. ഇത് വളരെവേഗം പ്രചരിച്ചു. ഇതിനെതിരേ പ്രതികരിച്ചില്ലെങ്കില്‍ ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്ന സന്ദേശവും അദ്ദേഹം നല്‍കി.ചത്ത പശുക്കളെ സംസ്‌കരിക്കുന്നതിന്റെ പേരില്‍ ദലിതുകളെ പശുരക്ഷകര്‍ മുമ്പും അക്രമിച്ച സംഭവങ്ങളും ഇതോടൊപ്പം പ്രചരിച്ചു.
ഇതോടെ ചത്ത പശുക്കളെ സംസ്‌കരിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ദലിതുകള്‍ ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. പശുക്കള്‍ അലഞ്ഞുനടക്കുന്ന ഗുജറാത്തിലെ തെരുവുകളില്‍ പശുക്കളുടെ ജഡം എടുത്തുമാറ്റാന്‍ ആളില്ലാതെ പുഴുവരിച്ചു തുടങ്ങിയതോടെ അധികൃതര്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരോട് ‘പശുക്കള്‍ നിങ്ങളുടെ മാതാവല്ലേ,  മാതാവിനോടു സ്‌നേഹമുണ്ടെങ്കില്‍ മക്കള്‍തന്നെ കൊണ്ടുപോയി കുഴിച്ചിട് എന്നായിരുന്നു ദലിതുകളുടെ മറുപടി.
തെരുവില്‍ പശുക്കളുടെ ജഡം ചീഞ്ഞുതുടങ്ങിയെങ്കിലും പശുരക്ഷകരെ ആരെയും അതുവഴി കണ്ടില്ലെന്നും ദലിതുകള്‍ പരിഹസിക്കുന്നു. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ജഡം നീക്കംചെയ്യാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ഇതും ഗോമാതാവിനെ അപമാനിക്കലാവില്ലേ എന്ന മറുചോദ്യവും ദലിത് നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,272 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക