|    Jun 24 Sun, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദലിതുകള്‍ ഗോസംരക്ഷണ സമിതികളുടെ ഇര: വസ്തുതാന്വേഷണ സംഘം

Published : 22nd July 2016 | Posted By: SMR

അഹ്മദാബാദ്: ഗോസംരക്ഷണ സംഘടനകള്‍ക്ക് എളുപ്പത്തില്‍ ആക്രമിക്കാവുന്ന ഇരകളായി ദലിതുകള്‍ മാറിയെന്ന് ഗുജറാത്ത് സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘം. പശുവിനെ കൊന്നുവെന്നാരോപിച്ച് ഏഴ് ദലിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ഗ്രാമം സന്ദര്‍ശിച്ച ശേഷമാണ് സംഘം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗോ സംരക്ഷണസംഘങ്ങള്‍ തങ്ങളുടെ വീരസ്യം പ്രകടിപ്പിക്കാനുള്ള ഇരകളായിട്ടാണ് ദലിതുകളെ കാണുന്നതെന്ന് വസ്തുതാന്വേഷണസംഘം വിലയിരുത്തി.
ഗിര്‍ സോനാഥ് ജില്ലയിലെ മോട്ട സാമാധില്യ ഗ്രാമത്തില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞദിവസം സംഭവത്തില്‍ പ്രതിഷേധിച്ച് ഏഴു യുവാക്കള്‍ ആത്മഹത്യാ ശ്രമം നടത്തിയതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. ദലിത് അധികാര്‍ മഞ്ച് ഉള്‍പ്പെടെയുള്ള സംഘടനകളിലെ പ്രതിനിധികളടങ്ങിയ എട്ടംഗസംഘമാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സംഭവസ്ഥലം സന്ദര്‍ശിച്ചത്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ യുവാക്കള്‍ മര്‍ദ്ദനത്തിനിരയായതായി വസ്തുതാന്വേഷണ സംഘത്തലവന്‍ കൗശിക് പാര്‍മര്‍ അറിയിച്ചു. യുവാക്കളുടെ ബന്ധുക്കള്‍ നിരവധി തവണ പോലിസില്‍ വിവരം അറിയിച്ചിട്ടും യാതൊരു പ്രതികരണമുണ്ടായില്ല. ചത്ത പശുവിനെ സംസ്‌കരിക്കാന്‍ ഒരു കര്‍ഷകനാണ് യുവാക്കളെ ഏല്‍പിച്ചത്. ഗ്രാമത്തിന് പുറത്തുവച്ച് ഈ യുവാക്കള്‍ പശുവിന്റെ തൊലിയുരിക്കുമ്പോള്‍ 35ഓളം ആളുകള്‍ വന്ന് അവരെ മര്‍ദ്ദിച്ചു. യഥാര്‍ഥത്തില്‍ ദലിതുകള്‍ പശുവിനെ കൊല്ലാറില്ല. തുകല്‍ വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ദലിതുകളുണ്ട്. ഗോവധം നടത്തുന്നവരെ ആക്രമിക്കുന്നതിന് പകരം പശു സംരക്ഷകര്‍ ദലിതുകളെയാണ് ദ്രോഹിക്കുന്നത്. പശുക്കളെ രക്ഷിക്കാനെന്ന പേരില്‍ ഇവിടങ്ങളില്‍ ചിലര്‍ ഗോ സംരക്ഷണ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട് – പാര്‍മര്‍ പറഞ്ഞു.
ദലിതു യുവാക്കളെ മര്‍ദ്ദിച്ച സംഭവം ഇതാദ്യത്തേതല്ലെന്നും കഴിഞ്ഞ കുറെ മാസങ്ങളായി ഈ പശുസംരക്ഷണ കമ്മിറ്റിക്കാര്‍ ദലിതുകളെ ആക്രമിക്കുകയാണെന്നും സംഘാംഗങ്ങള്‍ അറിയിച്ചു. യുവാക്കളെ മര്‍ദ്ദിക്കുന്നത് അക്രമികള്‍ വീഡിയോയില്‍ പകര്‍ത്തി ഇത്തരം കമ്മിറ്റികളെ നിരോധിക്കണമെന്നും വസ്തുതാന്വേഷണ സംഘം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
അതിനിടെ, ഗുജറാത്തില്‍ പലസ്ഥലത്തും ഇന്നലെയും സംഘര്‍ഷം നടന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം നിരവധി നേതാക്കള്‍ മോട്ട സാമാധില്യ ഗ്രാമത്തിലെത്തി മര്‍ദ്ദനമേറ്റ യുവാക്കളുടെ കുടുംബങ്ങളെ കണ്ടു.
രാജ്‌കോട്ടിലും മെഹസാനയിലും പ്രതിഷേധം ശക്തിപ്പെട്ടു. ലിബിടി, സൂറത്ത് എന്നിവിടങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടന്നു. പല സ്ഥലത്തും ബസ്സുകള്‍ ആക്രമിക്കപ്പെട്ടു. നിര്‍ത്തിവച്ച സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ ഇന്നലെ സര്‍വീസ് നടത്തി. സൂറത്തിലെ ഉധ്‌ന റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി തടയാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചു. ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് കടയുടമകളും പ്രക്ഷോഭകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പല കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതിനിടെ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും പാര്‍ട്ടിയിലെ മറ്റു നേതാക്കളും മര്‍ദ്ദനമേറ്റ ഭാനുഭായി എന്ന യുവാവിനെ സന്ദര്‍ശിച്ചു. രണ്ടു ലക്ഷം രൂപ സഹായധനം വാഗ്ദാനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss