|    Aug 14 Tue, 2018 4:22 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ദലിതുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

Published : 11th August 2016 | Posted By: SMR

ഗോസംരക്ഷകരായി നടിച്ച് ദലിതുകളെയും മുസ്‌ലിംകളെയും ആക്രമിക്കുകയും വിവിധ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഗുണ്ടകളെ മോദി ഈയിടെ ശക്തിയായി വിമര്‍ശിച്ചു. ഇതിനെതിരേ വിശ്വഹിന്ദുപരിഷത്ത് രംഗത്തു വരുകയും മോദിയെ ഒരു പാഠം പഠിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മുന്‍ ആര്‍എസ്എസ് പ്രചാരക് പ്രധാനമന്ത്രിയായി ഡല്‍ഹിയിലെത്തിയ ശേഷം കുല്‍സിതമായ വര്‍ഗീയ അജണ്ടയുമായിട്ടാണ് സംഘപരിവാരത്തിലെ ചേകവന്മാര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കുറുവടിയും വാക്കത്തിയുമായി രംഗത്തുവന്നത്. മുസ്‌ലിം ശത്രവിനെ ചൂണ്ടിക്കാട്ടി മതവൈരത്തിലൂടെ ഹിന്ദു സമുദായത്തെ പരിപൂര്‍ണ നിയന്ത്രണത്തിലുള്ള വോട്ടുബാങ്കാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു അവര്‍. എന്നാല്‍ ചാതുര്‍ വര്‍ണവ്യവസ്ഥയുടെ മഹത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ അസവര്‍ണരായ ദലിതുകള്‍ എപ്പോഴും ശത്രുക്കളായിരുന്നു. മഹാരാഷ്ട്രയില്‍ ദലിത് നവോത്ഥാനത്തിനായി മഹാത്മാ ഫുലേ അടക്കമുള്ളവര്‍ രംഗത്തുവന്നതാണ് ആര്‍എസ്എസിന്റെ രൂപീകരണത്തിനു പ്രധാന പ്രചോദനമായത്. ആദിവാസികളെയും ഗിരിജനങ്ങളെയും ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായെങ്കിലും വിജയിച്ചതിന്റെ തെളിവായിരുന്നു ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ മുന്നേറ്റം. എന്നാല്‍, വെറും പുറംപൂച്ചുമാത്രമായിരുന്നു ആ ഐക്യം. ദലിത് മോര്‍ച്ചയുടെയും വനവാസി കല്യാണ്‍ പരിഷത്തിന്റെയും വിനീത വിധേയരായ നേതാക്കളായി കിട്ടിയ എംഎല്‍എ-എംപി സ്ഥാനത്തില്‍ തൃപ്തിപ്പെട്ടുകഴിയുന്ന തലമുറയെ മറികടന്ന് പുതിയ ദലിത് സ്വത്വം രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ നാടെങ്ങും കാണുന്നുണ്ട്. ഗുജറാത്തില്‍ പശുത്തോല്‍ ഉരിയുക എന്ന ‘മഹാപാപം’ ചെയ്തവരെ പരസ്യമായി ചാട്ടവാറടിക്കുന്ന ദൃശ്യം അത്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിനു രോഹിത് വെമുലയുടെ ജീവത്യാഗം പോലെ സഹായിച്ചിട്ടുണ്ട്. സ്വന്തം കാലില്‍ നില്‍ക്കുന്ന, അന്യരുടെ മസ്തിഷ്‌കം കടംവാങ്ങി ചിന്തിക്കാത്ത ഒരു തലമുറ ഉയര്‍ന്നു വരുകയാണ്. ഹിന്ദുത്വ ദേശീയതയുടെ ഗീര്‍വാണത്തില്‍ വഴങ്ങാത്ത പുതിയ ദലിത് യുവനേതൃത്വത്തിന്റെ ആഗമനം ഉത്തര്‍പ്രദേശിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ മുന്‍കൈയെടുത്ത ദലിത് മഹാസംഗമമാണ് ആളില്ലാത്തതു കാരണം പരാജയപ്പെട്ടത്. അനേകം ഹിന്ദു സന്യാസിമാരുടെ സഹായത്തോടെ ബിജെപി ഗുജറാത്തിലും യുപിയിലും നടത്തിയ യാത്രകളും ദലിതുകളെ ആകര്‍ഷിക്കുകയുണ്ടായില്ല.
ദലിതുകള്‍ക്കു പകരം എന്നെ വെടിവയ്ക്കൂ എന്നു നാടകീയമായി പ്രഖ്യാപിച്ചുകൊണ്ട് നരേന്ദ്രമോദി ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ക്കെതിരായുള്ള മലവെള്ളപ്പാച്ചില്‍ തടയാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ പുതിയ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രിയെന്ന നിലയ്ക്ക് മോദി ചെയ്യേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss