|    Jan 22 Sun, 2017 5:17 am
FLASH NEWS

ദലിതുകളെ ഒപ്പംകൂട്ടാന്‍ പുതിയ തന്ത്രവുമായി ആര്‍എസ്എസ്

Published : 21st December 2015 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ ദലിത് വിഭാഗങ്ങളെ സംഘപരിവാര സംഘടനകളുമായി അടുപ്പിക്കാന്‍ പുതിയ തന്ത്രവുമായി ആര്‍എസ്എസ്. ഇതിന്റെ ഭാഗമായി ആര്‍എസ്എസിന്റെ മുഴുസമയ പ്രവര്‍ത്തകരായ പ്രചാരകര്‍ ചുരുങ്ങിയത് ഒരു ദലിത് വീടെങ്കിലും ഏറ്റെടുക്കണമെന്നാണു നിര്‍ദേശം. ഏറ്റെടുക്കുന്ന വീടുകളുമായി പ്രചാരകര്‍ നല്ല ബന്ധം പുലര്‍ത്തുകയും അവരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ട് സഹായം ചെയ്യുകയും വേണം. ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ വന്‍ വോട്ടുബാങ്കായ ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ആര്‍എസ്എസിന്റെ പുതിയ തീരുമാനം.
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ സംവരണവിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ആര്‍എസ്എസിനു നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് സംവരണം സംബന്ധിച്ച് പുനരാലോചന വേണമെന്ന തന്റെ പ്രസ്താവന അദ്ദേഹം തിരുത്തിയിരുന്നു. എങ്കിലും ഭാഗവതിന്റെ പരാമര്‍ശം ബിഹാര്‍ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. ഹൈന്ദവ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം മൂലം വിശ്വാസികള്‍ ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേക്കു പോവുന്നുണ്ടെന്ന് ഈയിടെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പ്രഭു നാരായണ്‍ ശ്രീവാസ്തവ അഭിപ്രായപ്പെട്ടിരുന്നു. സംഘത്തിന്റെ മൂന്നാമത്തെ സര്‍സംഘ്ചാലക് മധുകര്‍ ദത്താത്രേയ ദിയോറയുടെ നൂറാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ദലിതുകളെ ലക്ഷ്യംവച്ചുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏറ്റെടുത്ത ഓരോ വീടും പ്രചാരകര്‍ പതിവായി സന്ദര്‍ശിച്ച് വീട്ടുകാരുമായി നല്ല ബന്ധം സൃഷ്ടിച്ച് അവരുടെ വിശ്വാസം പിടിച്ചുപറ്റും. അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും അവരെ തങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്യും. ദലിതുകളുടെ സാമൂഹിക പിന്നാക്കാവസ്ഥയെ കുറിച്ചു വിശദീകരിച്ചുകൊടുത്ത് അവരെ സംഘപരിവാര ആശയങ്ങളിലേക്ക് അടുപ്പിക്കും. ദിയോറയുടെ ചരമദിനമായ ഡിസംബര്‍ 11നാണ് ദലിത് ആകര്‍ഷണ’പദ്ധതി തുടങ്ങിയത്. അടുത്ത വര്‍ഷം ഡിസംബര്‍ 11 വരെ പരിപാടി നീണ്ടുനില്‍ക്കും. ദലിതുകള്‍ ഏറ്റവും വലിയ വോട്ട് ബാങ്കായ ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. കൂടാതെ, ഗുജറാത്ത് കലാപത്തില്‍ ഉപയോഗിച്ചത് പോലെ കലാപങ്ങള്‍ക്കും മറ്റ് ആക്രമണ പദ്ധതികള്‍ക്കും ഇവരെ ഉപയോഗപ്പെടുത്താമെന്നതുമാണ് ഇതുകൊണ്ട് സംഘപരിവാരം ലക്ഷ്യം വയ്ക്കുന്നത്. നഗരങ്ങളിലുള്ള ശാഖകള്‍ അതേ നഗരങ്ങളിലെ ഒരു ചേരിയെങ്കിലും ഏറ്റെടുക്കണം. നഗരങ്ങളല്ലാത്തിടത്ത് ഒരോ ജില്ലാ യൂനിറ്റുകള്‍ക്കും ഒരു ദലിത് ചേരി ഏറ്റെടുക്കാനും ആര്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍, രാജ്യത്ത് 52,000 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക