|    Jan 21 Sat, 2017 5:34 am
FLASH NEWS

ദലിതര്‍ക്കെതിരായ അതിക്രമം: കൂടുതല്‍ യുപിയിലെന്ന്

Published : 4th September 2016 | Posted By: SMR

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: 2015ല്‍ രാജ്യത്ത് പട്ടികജാതി-വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ഏറ്റവുമധികം പോലിസ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശിലെന്ന് നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി)യുടെ റിപോ ര്‍ട്ട്. ഇത്തരത്തില്‍ 2015ല്‍ മാത്രം ഉത്തര്‍പ്രദേശില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് 8,358 കേസുകളാണ്. 2014ല്‍ ഇത്തരം 8,075 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതുപോലെ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 45,000ഓളം കേസുകളാണ് പട്ടിക—വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഈ റിപോര്‍ട്ടില്‍ പറയുന്നു.
തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവ് മാത്രമാണ് ഇത്തവണയുണ്ടായത്. 2014ല്‍ ഇത്തരം 47,064 കേസുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള 1989ലെ പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട് പ്രകാരമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട 2015ലെ രാജ്യത്തെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കൂടു തല്‍ വിവരങ്ങളുള്ളത്.
പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉത്തര്‍പ്രദേശിന് തൊട്ടുപിറകില്‍ രണ്ടാമതായി നില്‍ക്കുന്നത് രാജസ്ഥാനാണ്. 6,998 കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 6,438 കേസുകളുമായി ബിഹാര്‍ ആണ് മൂന്നാമത്. കേരളത്തില്‍ 752 കേസുകളാണ് പട്ടികജാ തി-വര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്രയും കേസുകളിലായി 765 പട്ടികജാതി – വര്‍ഗ വിഭാഗക്കാരാണ് സംസ്ഥാനത്ത് വിവിധ അതിക്രമങ്ങള്‍ക്ക് ഇരയായത്. അതേസമയം, ജമ്മുകശ്മീര്‍, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, അരുണാച ല്‍പ്രദേശ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരൊറ്റ കേസ് പോലും പട്ടികജാതി- വര്‍ഗ വിഭാഗക്കാര്‍ക്കെതിരേ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ വന്‍ ദലിത് പ്രക്ഷോഭങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ഗുജറാത്തില്‍ 2015ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് 1,046 കേസുകളാണ്. ഇത്രയും കേസുകളിലായി 1,111 പട്ടികജാതിക്കാരാണ് ഇവിടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെട്ടത്. രാജ്യതലസ്ഥാനവും കേന്ദ്രഭരണപ്രദേശവുമായ ഡല്‍ഹിയില്‍ 54 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്തത്.
കേന്ദ്രഭരണപ്രദേശങ്ങളില്‍ ഉള്‍പ്പെടെ 1.25 കോടി ക്രിമിന ല്‍ക്കേസുകളാണ് 2015ല്‍ രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്നും എന്‍സിആര്‍ബിയുടെ റിപോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടുകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി റിപോര്‍ട്ടില്‍ ആമുഖമായി പറയുന്നു.
ഉത്തര്‍പ്രേദശില്‍ തന്നെയാണ് 2015ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ക്കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 35 ലക്ഷത്തോളം കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഉത്തര്‍പ്രദേശില്‍ റിപോര്‍ട്ട് ചെയ്തതെന്ന് എന്‍സിആര്‍ബി റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഏഴുലക്ഷത്തോളം കേസുകളില്‍ മാത്രമാണ് പോലിസിന് പരാതിക്കാര്‍ പരാതി എഴുതിനല്‍കിയിട്ടുള്ളത്. ബാക്കി 27 ലക്ഷത്തോളം കേസുകളും ഫോണ്‍ മുഖേനയോ മറ്റു മാര്‍ഗങ്ങളിലൂടെയോ ലഭിച്ചതാണ്. അഞ്ചരലക്ഷം കേസുകളുമായി ഹരിയാനയാണ് രണ്ടാമത്. കേരളത്തില്‍ മാത്രം 9.69 ലക്ഷം ക്രിമിനല്‍ക്കേസുകളാണ് 2015ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക