|    Sep 22 Sat, 2018 11:21 am
FLASH NEWS

ദലിതന്റെ വര്‍ഗ്ഗബോധം ഇന്ത്യയെ വലിയ മാറ്റത്തിലേക്ക് നയിക്കും: പി രാമഭദ്രന്‍

Published : 12th January 2018 | Posted By: kasim kzm

കൊല്ലം: അനുഭവങ്ങളുടെ തീഷ്ണമായ ചൂടേറ്റ് ഉ—യരുന്ന ദലിതന്റെ വര്‍ഗ്ഗബോധം ഇന്ത്യയെ വലിയ മാറ്റത്തിലേക്ക് നയിക്കുമെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍.  രാജ്യവ്യാപകമായി ദലിതര്‍ക്കും മറ്റ് പാവപ്പെട്ട ജനങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ ഉയര്‍ന്നുവരുന്ന ജനകീയമുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഐക്യദാര്‍ഡ്യസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പോസ്റ്റ് ഓഫിസിന് സമീപം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ഡ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തില്‍ ബിജെപിക്കുണ്ടായ ആഘാതം ദലിത് മുന്നേറ്റത്തിന്റെ തെളിവാണ്. ദലിതനും മുസ്്‌ലിംകളും സംഘടിച്ചാല്‍ 31 ശതമാനം വരുന്ന സംഘപരിവാറിനെ തുടച്ച് നീക്കാമെന്നും ഐക്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഭരണത്തില്‍ ഏറ്റവും കൂടുതലും പീഡിതരാവുന്നത് ദലിതരും മുസ്്‌ലിംകളുമാണ്. ഇവര്‍ സംഘടിച്ചാല്‍ സംഘപരിവാറിന്റെ ഇരട്ടിവരുന്ന ശക്തിയായി രൂപപ്പെടും. ഈ യാഥാര്‍ഥ്യത്തെ അംഗീകരിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ദലിത് മുന്നേറ്റത്തെ സ്വീകരിച്ചുകൊണ്ടും ഭാരതത്തിന്റെ അങ്ങോളമിങ്ങോളമുള്ള ദലിതരും മുസ്്‌ലിംകളും മറ്റ് പാര്‍ശ്വവല്‍കൃതരും ഒന്നു ചേരണം. ഇന്ത്യയെ മുഴുവന്‍ നിയന്ത്രിക്കുന്ന വര്‍ഗ്ഗീയ ഫാഷിസ്റ്റ് ശക്തികളെ ചിന്നഭിന്നമാക്കുന്ന മഹാരാഷ്ട്ര മോഡല്‍ കൊടുങ്കാറ്റ് ഇന്ത്യയിലാകമാനം ആഞ്ഞു വീശിയാലേ സിംഹാസനങ്ങള്‍ ഇളകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജിഗ്നേഷ് മേവാനിയുെട ഗുജറാത്തിലെ വിജയം ഇന്ത്യയിലെ സ്വദേശികളുടെ വിജയമാണെന്ന് സംഗമത്തില്‍ അധ്യക്ഷത വഹിച്ച എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു. നമ്മുടെ നാട്ടിലേക്കെത്തിയ ആര്യമതക്കാരാണ് വിദേശികളെന്നും ചാതുര്‍വര്‍ണ്യ ശക്തികള്‍ നമ്മുടെ നാട്ടുകാരല്ലന്നും അദ്ദേഹം പറഞ്ഞു. സവര്‍ണ രാഷ്ട്രീയത്തിന് മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലുമെല്ലാം ഭീഷണി നേരിടുന്നുവെങ്കില്‍ അത് സാമൂഹിക മുന്നേറ്റത്തിന്റെ തെളിവാണെന്നും ഇത്തരം മുന്നേറ്റങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മുന്‍ എംഎല്‍എ എ യുനുസ് കുഞ്ഞ്, ജി മോഹന്‍ദാസ്, തുളസീധരന്‍ പള്ളിക്കല്‍, എസ് പ്രഹ്ലാദന്‍, ജോണ്‍സണ്‍ കണ്ടച്ചിറ, റിയാസ് കണ്ണനല്ലൂര്‍, ജെ എം അസ്്‌ലം, പി കെ രാധ, ശൂരനാട് അജി, എസ് പി മഞ്ജു, കാവുവിള ബാബുരാജന്‍, മുഖത്തല എം കൃഷ്ണന്‍കുട്ടി, ചിത്തിര നെല്ലിപ്പാട്ട്, പി ശരത്ചന്ദ്രന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss