|    Jan 17 Tue, 2017 12:40 am
FLASH NEWS

ദര്‍ഗയാത്ര ഭീകരരാക്കിയത് ആറു യുവാക്കളെ

Published : 10th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭീകരര്‍ എന്ന സംശയത്തിന്റ പേരില്‍ മുംബൈ സ്വദേശികളായ ആറു യുവാക്കള്‍ക്ക് ഗുജറാത്തിലും പിന്നീട് നാട്ടിലും ദുരനുഭവം. മുഹമ്മദ് സാബിര്‍ (21), അഹ്മദ് റാസ (22), മുഹമ്മദ് ജമീല്‍ (28), മുഹമ്മദ് സയ്യിദ് റൈഹാന്‍ (18), സമദാന്‍ കകാഡെ (34), മുഹമ്മദ് സാലിം സിദ്ദീഖ്വി (28) എന്നിവര്‍ക്കാണ് ഗുജറാത്തിലേക്കു നടത്തിയ ഒരു ദര്‍ഗയാത്രയെ തുടര്‍ന്ന് സുഖകരമല്ലാത്ത അനുഭവമുണ്ടായിരിക്കുന്നത്. ആദ്യം ജനുവരി 24ന് ഗുജറാത്ത് വഡോദരയിലെ ഒരു ദര്‍ഗയ്ക്ക് അടുത്തുവച്ച് പോലിസ് ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടി. വിശദമായ ചോദ്യംചെയ്യലിനു ശേഷം 54 മണിക്കൂര്‍ കഴിഞ്ഞു വിട്ടയച്ചു.
പിന്നീട് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വഡോദരയിലെ പോലിസ് നടപടികളുമായി ബന്ധപ്പെട്ട ചില രേഖകളും പോലിസ് മുദ്രയുള്ള കവറും ടാക്‌സിയില്‍ വച്ചു മറന്നതിന്റെ പേരില്‍ വീണ്ടും പോലിസിന്റെ വക ഭീകരസാധ്യതയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍. എന്തായാലും അന്വേഷണവും ചോദ്യംചെയ്യലുകളും അവസാനിച്ചതോടെ കൊടുംഭീകരര്‍’ആവാതെ രക്ഷപ്പെട്ടതിലുള്ള ആശ്വാസത്തിലാണ് ഇവര്‍. വിട്ടയക്കപ്പെട്ടു എന്നതുകൊണ്ടു തന്നെ തങ്ങള്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍, മറ്റു പലരും ഇത്ര ഭാഗ്യവാന്മാരല്ല. സത്യം എന്തെന്ന് അന്വേഷിക്കുന്നതിനു മുമ്പു തന്നെ മാധ്യമങ്ങള്‍ തങ്ങളെ ഭീകരരായി മുദ്രകുത്തി തുടങ്ങിയിരുന്നു. തങ്ങള്‍ സാധാരണ യുവാക്കള്‍ മാത്രമാണെന്ന് പോലിസിനു തിരിച്ചറിയാന്‍ ഏറെ സമയമെടുത്തു എന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും റൈഹാന്‍ പറയുന്നു.
വഡോദരയിലെ ദര്‍ഗ സന്ദര്‍ശിക്കുക എന്നത് പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു എന്ന് റാസ പറയുന്നു. റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ടുള്ള അവധി ലഭിച്ചപ്പോള്‍ വഡോദരയിലേക്കു തിരിച്ചതായിരുന്നു സഞ്ചാരപ്രിയരായ ഈ യുവാക്കള്‍.
ജനുവരി 23നു രാത്രി മുംബെയില്‍ നിന്ന് വണ്ടി കയറിയ ആറു പേരും പിറ്റേന്നു രാവിലെ വഡോദരയില്‍ എത്തി. നേരെ ഗര്‍ഗയിലേക്കു തിരിച്ച സംഘം ദര്‍ഗയുടെ പരിസരം വൃത്തികേടായിക്കിടക്കുന്നതു കണ്ട് വൃത്തിയാക്കാന്‍ തീരുമാനിക്കുകയും ഒരു സ്ത്രീയോട് വെള്ളം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഈ സ്ത്രീക്ക് തങ്ങളെക്കുറിച്ച് സംശയം തോന്നുകയായിരുന്നുവെന്ന് റാസ പറയുന്നു. മുംബൈയില്‍ തന്നെ നിരവധി ദര്‍ഗകള്‍ ഉണ്ടായിരിക്കെ വഡോദരയിലേക്കു വന്നതെന്തിനാണെന്നായിരുന്നു സ്ത്രീയുടെ ചോദ്യം.
റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റുകള്‍ നടത്തിയ സമയമായിരുന്നു ഇത്. എന്തായാലും ദര്‍ഗയ്ക്കു ചുറ്റും ബിജെപി നേതാവും കോര്‍പറേഷന്‍ അംഗവുമായ ചന്ദ്രകാന്ത് താക്കറിന്റെ നേതൃത്വത്തില്‍ ആളുകള്‍ കൂടാന്‍ അധികം താമസമുണ്ടായില്ല.കഴിഞ്ഞ അഞ്ചു ദിവസമായി സംഘം അവിടെ എന്തു ചെയ്യുകയായിരുന്നു എന്നായിരുന്നു താക്കറിന്റെ ചോദ്യമെന്ന് ജമീല്‍ ഓര്‍മിക്കുന്നു. തങ്ങള്‍ അന്നു രാവിലെ എത്തിയതേ ഉള്ളൂവെന്നതിനു തെളിവായി ട്രെയിന്‍ ടിക്കറ്റ് കാണിച്ചു കൊടുത്തെങ്കിലും താക്കര്‍ വിടാന്‍ ഭാവമില്ലായിരുന്നു. തുടര്‍ന്ന് പോലിസ് വന്ന് ആറു പേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പോലിസിനും സംഘം എന്തിനാണ് വഡോദരയില്‍ വന്നതെന്ന് അറിയണമായിരുന്നു. ദര്‍ഗ സന്ദര്‍ശിക്കാനാണെന്ന സത്യം അവര്‍ക്കു വിശ്വസനീയമായി തോന്നിയില്ല. അവസാനം സംഭവമറിഞ്ഞ്, യുവാക്കളെ പരിചയമുള്ള മുംബെയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇടപെട്ട് ഇവരെ മോചിപ്പിച്ചു. റിപബ്ലിക് ദിനം കഴിയുന്നതു വരെ ഗുജറാത്ത് വിട്ടു പോവരുതെന്ന നിര്‍ദേശത്തോടെയായിരുന്നു ഗുജറാത്ത് പോലിസ് ഇവരെ വിട്ടയച്ചത്. ഗുജറാത്ത് പോലിസ് മാന്യമായാണു പെരുമാറിയതെന്ന് റാസ പറയുന്നു.
പിന്നീട് മുംബെയില്‍ തിരിച്ചെത്തിയശേഷം നാട്ടിലെ പോലിസില്‍ നിന്നായിരുന്നു അടുത്ത വിളി. ഇത്തവണ, സഞ്ചരിച്ച ടാക്‌സിയില്‍ വച്ചു മറന്ന വഡോദരയിലെ പോലിസ് രേഖകളായിരുന്നു വില്ലന്‍. നാലു മണിക്കൂറോളം മഹാരാഷ്ട്ര പോലിസ് ഇവരെ ചോദ്യംചെയ്തു. പിന്നീട് നിരപരാധികളെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു വിട്ടയച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക