|    Jan 19 Thu, 2017 10:42 pm
FLASH NEWS

ദയാവധം

Published : 13th February 2016 | Posted By: swapna en

കഥ

എ ബി എസ് അനങ്ങന്നടി

വൈകീട്ട് സ്‌ക്കൂള്‍ വിട്ട് വന്നപ്പോഴാണ് ജാസ്മിന്‍ ആ കാഴ്ച കണ്ടത്. ക്വാര്‍ട്ടേഴ്‌സിലെ പുതിയ താമസക്കാരായ സൈനബാത്തയുടെയും ഷംസുക്കായുടെയും പൂമുഖത്തെ ഷണ്‍ഷേഡില്‍ തൂങ്ങിയാടുന്ന കിളിക്കൂട്.
നീലച്ചായമടിച്ച വലക്കൂട്ടില്‍ ഒരു തത്ത.
താഴെ ക്വാര്‍ട്ടേഴ്‌സിലെയും അയല്‍പക്കവീടുകളിലെയും കുട്ടികള്‍ കലപില കൂട്ടി അതിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ആവതു ശ്രമിക്കുന്നുണ്ട്. പക്ഷേ, പകച്ച കണ്ണുകളോടെ വിദൂരതയിലേക്ക് നോട്ടമയച്ച് തത്തയിരുന്നു. പ്രതിമകണക്കെ.
‘ഈ തത്തയെന്താ ഒന്നും മിണ്ടാത്തെ, ഊമയാ?’ അപ്പുവിന്റെ ചോദ്യം കൂടിനിന്നവരില്‍ ചിരിപടര്‍ത്തി. അഭിമാനക്ഷതമേറ്റപോലെ തോന്നി സൈനബാത്താക്ക്. രണ്ടാംക്ലാസുകാരി അര്‍ച്ചനയുടെ കൈയ്യിലിരുന്ന ഈര്‍ക്കില്‍ വാങ്ങി നേര്‍ക്കമ്പികള്‍ക്കിടയിലെ വിടവിലൂടെ അവര്‍ തത്തയെ ഒന്ന് ഞോണ്ടി.
ഉഗ്രമായി ചിലച്ചുകൊണ്ട് തത്ത ചിറകിട്ടടിച്ചു. ഭയന്ന അര്‍ച്ചന ഒരു ഹുങ്കാര ശബ്ദത്തോടെ പുറകോട്ട് വേച്ചു. സൈനബാത്തയുടെ മുഖമൊന്ന് തിളങ്ങി.
ജാസ്മിക്ക് വലിയ കൗതുകമൊന്നും തോന്നിയില്ല. നാളെ കൂട്ടുകാരികളോട് പങ്കിടാവുന്ന വിശേഷങ്ങളിലൊന്നായി തത്തയുടെ കാര്യം മനസ്സില്‍ കരുതി പത്താം ക്ലാസിന്റെ  ഭാരങ്ങളുമായി പഠനത്തിലേക്ക് വഴുതി.
പ്രഭാതങ്ങളില്‍ മുറ്റത്ത് സ്ഥിരമായെത്തുന്ന കരിയിലക്കിളികളും മൈനകളും പല വര്‍ണ്ണത്തിലുള്ള പേരറിയാത്ത പറവകളും സര്‍വ്വതന്ത്ര സ്വതന്ത്രരായി വിഹരിക്കുന്നത് അസൂയയോടെ നോക്കിയിരിക്കുന്ന തത്തയെ അവള്‍ സഹതാപത്തോടെ നോക്കിനില്‍ക്കും. അവളെ കാണുമ്പോഴൊക്കെ ദൈന്യതയാര്‍ന്ന നയനങ്ങളോടെ തത്ത എന്തൊക്കെയോ ചിലച്ചു. സ്വാതന്ത്ര്യത്തിന്റെ വിലയും മഹത്വവുമറിയാത്ത നരജന്മങ്ങളെ കുറിച്ചുള്ള പരാതികളാണവയെന്ന് ജാസ്മിന് തോന്നി.
അങ്ങനെയിരിക്കെ, ഒരു ശനിയാഴ്ച ദിവസം തത്ത സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. കൂട് വൃത്തിയാക്കാന്‍ പുറത്തെടുക്കുന്നതിനിടെ അത് പറന്ന് മുറ്റത്തെ പ്ലാവില്‍ ചെന്നിരുന്നു. പിന്നെ എങ്ങോട്ടോ പറന്ന് പോയി.
സൈനബാത്തയും ജാസ്മിയും അര്‍ച്ചനയും അപ്പുവുമൊക്കെ ചുറ്റുപാടും തിരഞ്ഞ് നടന്ന് നിരാശരായി. കൊറ്റ് തേടുന്ന കൗശലങ്ങള്‍ വശമില്ലാത്തത് കൊണ്ടാവണം ഇത്തിരിവട്ടത്തില്‍ തനിക്കായൊരുക്കപ്പെട്ട പാഥേയം തേടി കുറേ സമയത്തിന് ശേഷം തത്ത തിരിച്ചെത്തി.
അന്ന് വൈകുന്നേരം തത്തയുടെ അലമുറകേട്ടാണ് ജാസ്മിന്‍ പുറത്തിറങ്ങി നോക്കിയത്. ഷംസുക്കയുടെ കൈക്കുള്ളില്‍ ഞെരുങ്ങിയമര്‍ന്ന തത്തയുടെ ചിറകുകള്‍ കത്രികകൊണ്ട് വെട്ടിയെറിയുന്നത് നടുക്കത്തോടെ അവള്‍ കണ്ടു.
ഒന്നു പിടയാന്‍ പോലുമാവാതെ ദൈന്യതമുറ്റിയ അതിന്റെ അലര്‍ച്ച ഈ കൊടും ക്രൂരതയില്‍ നിന്ന് ആരെങ്കിലും തന്നെ രക്ഷിക്കണേ എന്ന് സര്‍വ്വചരാചാരങ്ങളോടുമുള്ള വിളിച്ച് തേട്ടമായിത്തോന്നി അവള്‍ക്ക്.
വെട്ടിയെറിഞ്ഞ പച്ചപ്പട്ടുപോലെ മൃദുലമായ തൂവലുകളിലൊന്ന് കൈയ്യിലെടുത്ത് കൂട്ടില്‍ തളര്‍ന്ന് കിടന്ന തത്തയെ നോക്കി ജാസ്മിന്‍. മൂന്നു മണിക്കൂര്‍ സ്വാതന്ത്ര്യം ആസ്വദിച്ചതിന്റെ വില!. ജീവിതത്തില്‍ ഇനിയൊരിക്കലും പറന്നുയരാന്‍ കഴിയാത്തവണ്ണം!. ഒരു തേങ്ങള്‍ അവളുടെ തൊണ്ടയില്‍ വന്ന് വിങ്ങി.
അന്ന് രാത്രി ജാസ്മിന്‍ ഉറക്കം വരാതെ കിടന്നു. നടക്കുമ്പോള്‍ മറ്റ് വശങ്ങളിലേക്ക് വേച്ച് വേച്ച് പോവുന്ന തത്തയുടെ ദയനീയ രൂപം എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്ന് മായ്ക്കാനവള്‍ക്കായില്ല.
പിറ്റേന്ന് ഞായറിന്റെ സ്വാതന്ത്ര്യമാസ്വദിച്ച് ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ മൂടിപ്പുതച്ചങ്ങനെ കിടന്നു. അപ്പുറത്ത് നിന്നും സൈനബാത്തയുടെ ആക്രോശവും നിലവിളിയും കേട്ട് ചാടിയെഴുന്നേറ്റ് പുറത്തേക്ക് ചെന്നു. അവിടെ കമിഴ്ത്തിവെച്ച പ്ലാസ്റ്റിക് ബക്കറ്റിന് മുകളില്‍ ചിതറി പഞ്ഞിത്തുണ്ട് പോലെ തത്ത ഞരങ്ങി.
പൂച്ച പിടിച്ചതാ, കിതപ്പോടെ സൈനബാത്ത പറഞ്ഞു. പറന്ന് പോവില്ലെന്ന ആശ്വാസത്തില്‍ പുറത്ത് വച്ചതാണ്. എന്റെ കണ്ണൊന്ന് തെറ്റിയപ്പോഴേക്കും പൂച്ച വരലും പിടിക്കലും കഴിഞ്ഞു. ഇണങ്ങിവന്നതായിരുന്നു. സൈനബാത്ത പതം പറഞ്ഞു തേങ്ങി.
പണ്ടാറപ്പൂച്ച’ അവര്‍ പൂച്ചയെ പ്രാകി. പൂച്ച തത്തയ്ക്ക് ദയാവധം വിധിച്ചതാണെന്ന് ജാസ്മിന് തോന്നി. തത്തയെ എന്ത് കൊണ്ട് പൂച്ച കൊണ്ട് പോയി തിന്നില്ല? എന്നൊരു ന്യായവും അവള്‍ കണ്ട് വെച്ചു.
എല്ലാവരും നോക്കിനില്‍ക്കേ കാലുകള്‍ നീട്ടി ശക്തമായൊന്ന് ഞരങ്ങി ആ കൊച്ചുടല്‍ നിശ്ചലമായി. അപ്പോഴും തുറന്ന് പിടിച്ച ആ കണ്ണുകള്‍ തന്നെയാണ് നോക്കുന്നതെന്ന് ജാസ്മിന് തോന്നി.
ഉയിരണങ്ങളു*ടെ’ പ്രാതിനിധ്യം പേറി ഒരീച്ച പറന്ന് വന്ന് അതിന്റെ നെറ്റിയിലിരുന്നു. അന്ത്യപ്രണാമമായൊരു ചുംബനം നല്‍കി. പിന്നെ എങ്ങോ പറന്ന് പോയി.
വിശാലമായ പ്രപഞ്ചത്തിന്റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യം നുകരാനാവാതെ ജൈവിക ചോദനകളും തൃഷ്ണകളും ബാക്കിവെച്ച് ‘മാനിഷാദ’ പാടാന്‍ ഋഷീവരന്മാര്‍ ബാക്കിയായിട്ടില്ലാത്ത ‘കെട്ട ലോകത്ത്’ പാരതന്ത്ര്യം വിധിച്ച് മര്‍ത്യജന്മങ്ങള്‍ തനിക്കായ് തീര്‍ത്ത ഏകാന്ത തടവില്‍ നിന്ന് മോചനം നേടി മുറ്റത്തെ പ്ലാവിന്‍ ചുവട്ടില്‍ പത്തു വയസ്സുകാരന്‍ അപ്പു തീര്‍ത്ത കൊച്ച് കുഴിയില്‍ ആ കിളി ജന്മമൊടുങ്ങി.
നനുത്ത പുകമഞ്ഞ് പോലൊരു വിഷാദം ജാസ്മിയെ പൊതിഞ്ഞു നിന്നു. അവളില്‍ നൊമ്പരപ്പൂക്കള്‍ വിരിയിച്ച് കൊണ്ട് അനാഥമായ കിളിക്കൂട് തൂങ്ങിയാടി, പുതിയ അഥിതിയെക്കാത്ത്.
ഒരാഴ്ച തികഞ്ഞില്ല. അപ്പോഴേക്കും അവള്‍ക്ക് ഉറക്കമനുഗ്രഹിക്കാത്ത രാവുകള്‍ സമ്മാനിക്കാനെന്നോണം പുതിയ അതിഥിയെത്തി. വളഞ്ഞ കൊക്കുള്ള ഒരു കൊച്ചു പഞ്ചവര്‍ണ്ണക്കിളി.
ഇതിന്റെ ചിറകും വെട്ട്വോ? അര്‍ച്ചനക്കാണ് സംശയം. പിന്നല്ലാതെ ഇതിന്റെ ചെറകും വെട്ടും. അപ്പു പറഞ്ഞു.
അപ്പൊ ഇതിനേം പൂച്ച പിടിക്ക്യോ? അപ്പു ഒന്നും പറഞ്ഞില്ല. അവന്റെ സ്മൃതിയറകളില്‍ ബാല്യകുതൂഹലങ്ങളെ മഥിച്ച് കൊണ്ട് ഒരു പച്ചക്കിളി ഞരങ്ങി.
പിറ്റേന്ന് ജാസ്മിന്‍ പതിവിലും നേരത്തേയുണര്‍ന്നു. പ്രഭാത നമസ്‌കാരത്തിന്റെ ബാങ്കൊലി കേള്‍ക്കെ വാതില്‍ തുറന്ന് പുറത്ത് ചെന്നു. കുളിരുള്ള ഇളംകാറ്റില്‍ മഞ്ഞിന്റെ ഗന്ധമുണ്ടായിരുന്നു. ഇരുളില്‍ അവ്യക്തമായ നിഴലുകള്‍ക്ക് മൂര്‍ത്തഭാവങ്ങല്‍ സങ്കല്‍പിച്ച് പൂമുഖത്തിരുന്നു. ഇരുട്ടില്‍ അപ്പുറത്തെ കിളിക്കൂടും അവ്യക്തമാണ്. കിളിമനസ്സുമായി താദാത്മ്യം പ്രാപിക്കാനെന്നോണം ഇരുട്ടും തണുപ്പും ഏകാന്തതയുമനുഭവിച്ച് ഇരുട്ടില്‍ ഒരിരുട്ടായി ജാസ്മിന്‍ നിന്നു. രാവിലെ വീണ്ടും സൈനബാത്തയുടെ കരച്ചില്‍ കേട്ട് എല്ലാവരും ചെന്നു. കൂട് തുറന്ന് കിടക്കുന്നു. കിളിയെ കാണാനില്ല. ആരാ ഈ കൊലച്ചതി ചെയ്തത്? രാത്രി ഞാന്‍ കൂട് അടച്ചതാണ്. പിന്നെ ആരാണ് തുറന്നിട്ടത്? അവള്‍ എല്ലാവരെയും സംശയദൃഷ്ടിയോടെ നോക്കി.
നിങ്ങള്‍ കൂടടക്കാന്‍ മറന്ന്ട്ട്ണ്ടാവും തള്ളേ!. അല്ലാണ്ടിപ്പോ ഇവിടാരാ നിങ്ങളുടെ കൂട് തുറക്കാന്‍ വരുന്നെ? അപ്പു അര്‍ച്ചനാദികളുടെ അമ്മ വസന്ത കയര്‍ത്തു. സൈനബാത്താക്കും സംശയമായി. ഇടയ്‌ക്കൊക്കെ അങ്ങിനെ പതിവുണ്ട്. പക്ഷേ, ഇന്നലെ ശരിക്കും അടച്ചതായാണോര്‍മ്മ. അവര്‍ക്ക് സംശയം തീരുന്നില്ല.
പത്താം ക്ലാസ്സിന്റെ ഭാരങ്ങളും പേറി അന്നും ജാസ്മിന്‍ സ്‌ക്കൂളില്‍ പോയി. ഗൂഢമായൊരു ആത്മഹര്‍ഷത്തോടെ!!!          ി

*ഉയിരണങ്ങള്‍ = ജീവജാലങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക