|    Apr 25 Wed, 2018 2:26 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ദയാബായിയുടെ ജീവിതവും അനുഭവങ്ങളും

Published : 12th August 2015 | Posted By: admin

ക്രിസ്ത്യാനിറ്റിയും ഭരണകൂടവുമായുണ്ടായിട്ടുള്ള സന്ധിബന്ധങ്ങള്‍ ലോകമെമ്പാടും അക്രമാത്മകവും അവിശുദ്ധവുമായ അനുഭവങ്ങളായിരുന്നു. കത്തോലിക്കാസഭയുടെ സ്ഥാപനത്തിനു ശേഷമുള്ള 15 നൂറ്റാണ്ടുകളുടെ ക്രിസ്തീയ ചരിത്രത്തെ ‘സ്യൂഡോ ക്രിസ്ത്യാനിറ്റി’ എന്നാണ് ടോള്‍സ്‌റ്റോയി വിളിക്കുന്നത്. കേരളത്തില്‍ വിമോചനസമരത്തിന്റെ ഹിംസാത്മകമായ ഉള്‍ക്കളങ്ങളിലേക്ക് കുഞ്ഞാടുകളില്‍നിന്നും പള്ളിഗുണ്ടകളെ വരെ സൃഷ്ടിച്ചിട്ടുള്ള സഭക്കും ആ കാലഘട്ടത്തില്‍നിന്നുള്ള പ്രേതവിമുക്തി സംഭവിച്ചിട്ടില്ല എന്ന് അടുത്തകാലത്ത് വ്യക്തമാവുകയുണ്ടായി. പള്ളികളോടനുബന്ധിച്ചുള്ള സമ്പത്ത് കൈവശപ്പെടുത്തുന്നതിനും വച്ചനുഭവിക്കുന്നതിനും ക്രിസ്തുവിന്റെ പേരില്‍ പരസ്പരം വാളെടുക്കുകയും ഗുണ്ടകളെ വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുന്ന സഭകളും കേരളത്തിലുണ്ട്.

പ്രൊട്ടസ്റ്റന്‍ഷ്യലിസം ഉദയംചെയ്തതോടെയാണ് കത്തോലിക്കാസഭയുടെ ഹിംസ കൂടുതല്‍ പ്രകടമാവുന്നത്. 1572ല്‍ പേപ്പസി ഫ്രഞ്ച് രാജകുടുംബവുമായി ചേര്‍ന്നുനിന്നുകൊണ്ട് ഫ്രഞ്ച് പ്രൊട്ടസ്റ്റന്‍ഷ്യലിസത്തിനെതിരേ നടത്തിയ സെയിന്റ് ബര്‍ത്ത്‌ലോമിയോ കൂട്ടക്കുരുതിയില്‍ 70,000 പേരാണു മരിച്ചത്. 1600ലെ ബൊഹീമിയന്‍ കൂട്ടക്കുരുതിയില്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നിലും കത്തോലിക്കാസഭയുണ്ട്. മാര്‍ട്ടിന്‍ ലൂഥറെന്ന ക്രിസ്ത്യന്‍ സന്ന്യാസി പേപ്പസിയുടെ തിന്മകളെയും ഹിംസകളെയും ബൈബിളിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് കത്തോലിക്കാസഭയ്ക്ക് പുറത്തുവന്നത്.

ക്രിസ്തുജീവിതത്തെയും അതിന്റെ വെളിച്ചത്തെയും സാമാന്യമായ മനുഷ്യാവസ്ഥകളുമായി ചേര്‍ത്തുവയ്ക്കുകയും ആഖ്യാനംചെയ്യുകയും ചെയ്ത വിശ്വസാഹിത്യകാരന്‍ ടോള്‍സ്‌റ്റോയിയെ പുറത്താക്കിക്കൊണ്ട് റഷ്യയിലെ സഭ അദ്ദേഹത്തിനെതിരേ നടത്തിയിട്ടുള്ള ആക്രമണങ്ങള്‍ ചരിത്രപാഠങ്ങളാണ്. ”വഴിപിഴച്ചുപോയ അദ്ദേഹത്തിന്റെ ബൗദ്ധികമായ അഹങ്കാരം ധിക്കാരമായി ക്രിസ്തുവിനും പവിത്രമായ ക്രിസ്തീയ പാരമ്പര്യത്തിനും എതിരായിരിക്കുന്നു എന്നും, യാഥാസ്ഥിതികസഭയെ പരസ്യമായി നിഷേധിക്കുന്നു” എന്നുമാണ് അവിടത്തെ സഭ പറഞ്ഞത്. എന്നാല്‍, തന്റെ നിഷേധം ദൈവത്തിനെതിരായുള്ളതല്ല, മറിച്ച് തന്റെ ആത്മാവിന്റെ എല്ലാ ശക്തിയോടും കൂടി അവനെ സേവിക്കാനും മഹത്ത്വപ്പെടുത്താനുമാണ് എന്നാണ് ടോള്‍സ്‌റ്റോയി പറഞ്ഞത്.

സത്യാവസ്ഥകളോടുള്ള സഭകളുടെ പ്രതികരണം പലപ്പോഴും തീര്‍ത്തും സ്ഥാപനപരവും സാമ്പത്തികതലത്തിലുമുള്ളതാണ്. ”ഇംഗ്ലണ്ടിലെ വ്യവസ്ഥാപിത തിരുസഭ അതിന്റെ 39 അടിസ്ഥാന തത്ത്വങ്ങളില്‍ 38നും എതിരായ ആക്രമണങ്ങളെ ഒരുപക്ഷേ, സഹിച്ചേക്കാം. എങ്കിലും അതിന്റെ വരുമാനത്തിന്റെ 39ല്‍ ഒരുഭാഗത്തിനു നേരെയുള്ള ആക്രമണത്തെ അതു പൊറുക്കുകയില്ല” എന്ന് മാര്‍ക്‌സ് പറഞ്ഞതിന്റെ ഔചിത്യമതാണ്. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് ഏറ്റവും വിപരീതമായ തിന്മകളെ ഉല്‍പ്പാദിപ്പിക്കുന്ന ഇടമായി പള്ളി മതംമാറിയതായി ടോള്‍സ്‌റ്റോയി പറയുന്നുണ്ട്.

അയല്‍ക്കാരന്റെ ദുഃഖവും വേദനയും അവന്റെ പട്ടിണിയും ദാരിദ്ര്യവും അഭിസംബോധന ചെയ്തുകൊണ്ടാണ് ക്രിസ്തു എന്ന സംസ്‌കാരം ആരംഭിക്കുന്നത്. എത്ര കൃത്യമായിട്ടാണ് ക്രിസ്തു സ്വന്തം അന്വേഷണങ്ങളെ സാമൂഹികവല്‍ക്കരിച്ചിരിക്കുന്നതെന്ന് ബൈബിളിന്റെ മനുഷ്യോന്മുഖമായ വായന വ്യക്തമാക്കിത്തരും. ഈ നിലയ്ക്ക് ക്രിസ്തുമതം വേറിട്ട ഓരോ മനുഷ്യരുടെയും ലോകവുമായുള്ള പാരസ്പര്യമാവേണ്ടതാണ്. എല്ലാകാലത്തേക്കുമുള്ള ജീവിതത്തിന്റെ ധാര്‍മികത ഉരുവംകൊള്ളേണ്ടത് ഈ പാരസ്പര്യത്തില്‍നിന്നാണ്. അതുകൊണ്ടാണ് ശേഷിയുള്ളവന്‍ മാത്രം അതിജീവിക്കണമെന്ന ‘സോഷ്യല്‍ ഡാര്‍വിനസ’ത്തിന്റെ നേര്‍വിപരീതമാണ് മതം മുന്നോട്ടുവയ്ക്കുന്ന ധാര്‍മികതയെന്ന് തോമസ് ഹക്‌സിലിയെയും ടോള്‍സ്‌റ്റോയി സമര്‍ഥിക്കുന്നത്.

മാറ്റങ്ങള്‍ക്ക് വിമുഖമായി നില്‍ക്കുന്ന സഭയ്ക്ക് ”ഞാന്‍ കണ്ട മഹാത്മാവ് ഏറ്റവും മനുഷ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞ സരതുഷ്ട്രയുടെ വചനങ്ങള്‍ കേള്‍ക്കാനാവില്ല. റിട്ട. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌കാര കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള വിപ്ലവകരമായ നിര്‍ദേശങ്ങളോടുപോലും സഹിഷ്ണുത പുലര്‍ത്താന്‍ കേരളത്തിലെ സഭാനേതൃത്വത്തിനാവുന്നില്ല.

സാമൂഹികപുരോഗതിയുടെ തത്ത്വം ശേഷിയുള്ളവന്റെ അതിജീവനമല്ല, ധാര്‍മികതയുടെ അതിജീവനമായിരിക്കണമെന്ന് അവര്‍ക്കു പറയാനാവില്ല. ഛത്തീസ്ഗഡിലെ ആദിവാസികള്‍ക്കിടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ജയിലറകളില്‍ പീഡിപ്പിക്കപ്പെട്ട ഡോക്ടര്‍ വിനായക് സെന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ ജനിച്ച സാമൂഹികപ്രവര്‍ത്തകനാണ്. അദ്ദേഹത്തെപ്പോലെയുള്ളവരെ നക്‌സലൈറ്റ് ഭീകരരായി ചിത്രീകരിക്കുന്ന അധികാരസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കാനേ സഭയ്ക്കാവൂ.

കണ്ഡമാലില്‍ ഫാഷിസത്തിന്റെ ശൂലമുനകളില്‍ നില്‍ക്കുന്ന പുരോഹിതരെയും കന്യാസ്ത്രീകളെയും അവര്‍ സംരക്ഷിക്കുന്ന അനാഥരെയും സേവിക്കുന്ന ആദിവാസികളെയും ദരിദ്രരെയും കാണാന്‍ അരമനകളിലിരിക്കുന്ന പുരോഹിതശ്രേഷ്ഠര്‍ക്കു കഴിഞ്ഞില്ല. അവരുടെ ശരീരത്തില്‍ ഏതുനേരവും കരവാളുകള്‍ ആഴ്ന്നിറങ്ങാം. സംരക്ഷിക്കുന്ന പോലിസുകാരാല്‍ തന്നെ അവിടത്തെ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടാം എന്നതൊന്നും അവരെ ഞെട്ടിച്ചില്ല.

തനിക്കു ചുറ്റുമുള്ള അനിശ്ചിതവും അരക്ഷിതവുമായ ഒരു ലോകത്തിന്റെ അസ്വസ്ഥതകളില്‍നിന്ന് മാറിനില്‍ക്കാനാവില്ല എന്ന ജീവിതദര്‍ശനമാണ് ദയാബായിയുടെ ദൈവദര്‍ശനം. താന്‍ ജീവിക്കുന്ന ലോകത്തിനനുസരിച്ചാണ് സ്വന്തം ദൈവത്തെയും പ്രാര്‍ഥനാസങ്കല്‍പ്പങ്ങളെയും അവര്‍ വ്യാഖ്യാനിക്കുന്നത്. പ്രാര്‍ഥിക്കുന്നതിന് അവര്‍ പ്രത്യേകിച്ച് സമയം കണെ്ടത്തുന്നില്ല. അവരുടെ ഓരോ ദിവസങ്ങളും ദൈവത്തിന്, ലോകത്തിന് അര്‍പ്പിക്കുന്ന കൂദാശകളാണ്. ദിനാന്ത്യത്തില്‍ എല്ലാ ജോലികളും അലച്ചിലുകളും തീര്‍ത്ത്, തളര്‍ന്നിരുന്ന് അവര്‍ ദൈവത്തോടു പറയുന്നു: ”എല്ലാ ഊര്‍ജവും ഇറങ്ങിപ്പോയി ശൂന്യമായ, ശ്ലാഥമായ ഈ ശരീരം ഞാനിതാ നിനക്കു സമര്‍പ്പിക്കുന്നു.”

ദൈവത്തെ അവര്‍ ‘ഗോയി’ എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ആ പേര് ഗോത്രവര്‍ഗജീവിതത്തില്‍നിന്ന് കണെ്ടടുത്തതാണ്. ഏറ്റവും മമതയുള്ള പ്രിയപ്പെട്ട സുഹൃത്താണ് ഗോയി. വേദനകളില്‍ ഞാന്‍ മുറിയടച്ചിരുന്ന് എന്റെ ഗോയിക്ക് ഫോണ്‍ ചെയ്തു എന്നാണവര്‍ പറയുക. ദൈവവുമായുള്ള അവരുടെ വിനിമയം ഇത്തരത്തില്‍ ഹൃദ്യവും തുറന്നതുമാണ്. അപൂര്‍വാവസരങ്ങളില്‍ മാത്രമേ അവര്‍ കുര്‍ബാനകളില്‍ പങ്കെടുക്കാറുള്ളൂ. അതിനവര്‍ക്ക് പ്രത്യേകിച്ച് വസ്ത്രങ്ങളോ രീതികളോ ഇല്ല. നാടോടികളുടെ നിറത്തിലും ശരീരഭാഷകളിലുമാണ് അവര്‍ ദൈവത്തിന്റെ ഭവനങ്ങളിലേക്ക് കടന്നു ചൊല്ലുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss