|    Apr 22 Sun, 2018 6:37 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദമ്മാജ് സലഫിസം: വിവാദമാവുന്നത് വിശ്വാസത്തിന്റെ വിചിത്ര വഴികള്‍

Published : 12th July 2016 | Posted By: SMR

പി സി അബ്ദുല്ല

കോഴിക്കോട്: കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇരുപതോളം പേര്‍ ഒരു പ്രത്യേക സലഫി സന്ന്യാസ ധാരയില്‍ അകപ്പെട്ടതാണെന്ന നിഗമനം ശക്തമായി. യമനില്‍ 1980ല്‍ ഉദയം ചെയ്ത ദമ്മാജ് സലഫിസം എന്ന വിചിത്ര വിശ്വാസ വഴിയിലേക്കാണ് കേരളത്തില്‍ നിന്നുള്ളവര്‍ പലായനം ചെയ്തതെന്നാണ് ലഭ്യമാവുന്ന ബലപ്പെട്ട സൂചനകള്‍.
കേരളത്തില്‍ ഇതിനുമുമ്പ് അധികം അറിയപ്പെടാതിരുന്ന ദമ്മാജ് സലഫിസത്തെക്കുറിച്ച് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണങ്ങള്‍ മുന്നേറുകയാണ്. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നു കാണാതായവരുടെ ഐഎസ് ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് ദമ്മാജ് സലഫിസത്തിലേക്ക് വെളിച്ചം വീശുന്നത്.
കാസര്‍കോട് പടന്നയില്‍ നിന്നും പാലക്കാട് യാക്കരയില്‍ നിന്നും കാണാതായവരുടെ സലഫി ബന്ധങ്ങള്‍ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നിന്നു കാണാതായ അഭ്യസ്ഥവിദ്യരായ യുവാക്കളും യുവതികളും സലഫി പ്രസ്ഥാനത്തില്‍ ആകൃഷ്ടരായിരുന്നു. മൂന്ന് കുട്ടികളടക്കം 16 പേരെയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ നിന്നു കാണാതായത്. ഇവരില്‍ രണ്ട് ഡോക്ടര്‍ ദമ്പതികളും, രണ്ട് എന്‍ജിനീയര്‍ ദമ്പതികളും ഉള്‍പ്പെടുന്നു. ഒരു യുവാവ് എംബിഎക്കാരനും അദ്ദേഹത്തിന്റെ ഭാര്യ ഉന്നത ബിരുദധാരിണിയുമാണ്. പരമ്പരാഗത സുന്നി കുടുംബത്തില്‍ ജനിച്ച ഇവര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ശേഷമാണ് സലഫി ചിന്തയില്‍ അണിചേര്‍ന്നത്. ദമ്മാജ് സലഫിസം ഉയര്‍ത്തിപ്പിടിക്കുന്ന ഒട്ടേറെ ആശയങ്ങളോട് ചേര്‍ത്ത് വായിക്കാവുന്നതാണ് കാസര്‍കോട് നിന്നും പാലക്കാട് നിന്നുമുള്ളവരുടെ തിരോധാനത്തിലെ സമാനതകള്‍.
മുസ്‌ലിമായി ജീവിക്കാന്‍ അനുയോജ്യമായ സ്ഥലം യമനാണെന്ന ദമ്മാജ് സലഫിസത്തിന്റെ ആശയങ്ങളെ ശരിവയ്ക്കുംവിധമുള്ള പരാമര്‍ശങ്ങള്‍ കാസര്‍കോട് നിന്നു കാണാതായ യുവാക്കള്‍ അടുത്ത ബന്ധുക്കളുമായി പല ഘട്ടങ്ങളില്‍ പങ്കുവച്ചതായി വിവരമുണ്ട്. പൊതുസമൂഹത്തോടുള്ള വിമുഖത, കുടുബത്തോടൊപ്പം ഇസ്‌ലാമിക രാജ്യത്തേക്കുള്ള പലായനം, മാനസിക സംഘര്‍ഷമകറ്റാന്‍ സംസം ജലം മാത്രം തുടങ്ങി ദമ്മാജ് സലഫിസം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെല്ലാം കേരളത്തില്‍ നിന്നും ഇപ്പോള്‍ കാണാതായവര്‍ ജീവിതത്തില്‍ പുലര്‍ത്തിയിരുന്നതായാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
കാസര്‍കോട് നിന്നു കാണാതായവരില്‍ യാതൊരുവിധ വിധ്വംസക സ്വഭാവങ്ങളും പ്രകടമായിരുന്നില്ലെന്ന് അവരെ അടുത്തറിയുന്ന സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് മെംബര്‍ വി പി പി മുസ്തഫ തേജസിനോട് പറഞ്ഞു. തീര്‍ത്തും ആത്മീയതയില്‍ അധിഷ്ഠിതമായ പെരുമാറ്റമായിരുന്നു അവരില്‍ പ്രകടമായത്. ഒന്നര മാസത്തിനിടെ മൂന്ന് ഘട്ടങ്ങളിലായാണ് പതിനാറ് പേരെയും കാണാതായത്. റമദാന്‍ ആസന്നമായതോടെ ഇവര്‍ കൂടുതല്‍ ആത്മീയതയിലേക്ക് ഉള്‍വലിഞ്ഞിരുന്നതായും മുസ്തഫ പറയുന്നു.
പാലക്കാട് നിന്നു കാണാതായ 4 പേര്‍ ശ്രീലങ്കയിലേക്കാണെന്ന് പറഞ്ഞാണ് വീടു വിട്ടത്. വളരെ നേരത്തെ കേരളത്തിന് പുറത്തുവച്ച് മതം മാറിയ രണ്ട് സഹോദരങ്ങളെയും ഇസ്‌ലാം ആശ്ലേഷിച്ച അവരുടെ ഭാര്യമാരെയുമാണ് കാണാതായത്. ഇവരുടെ സലഫി ബന്ധവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യമന്‍ സലഫിസം എന്ന പേരില്‍ ആദ്യം അറിയിപ്പെട്ട ദമ്മാജ് സലഫിസത്തിന് തുടക്കമിട്ടത് മുഖ്ബില്‍ അല്‍ വാദിഅ്‌യാണ്. യമനിലെ ദമ്മാജ് ഗ്രാമത്തില്‍ സ്ഥാപിച്ച ദാറുല്‍ ഹദീസ് എന്ന സ്ഥാപനത്തിലൂടെയാണ് ആ ചിന്താധാര പടര്‍ന്നത്.
പ്രാഥമിക പഠനത്തിന് ശേഷം ജോലി ആവശ്യാര്‍ഥം മക്കയിലേക്ക് പോയ മുഖ്ബില്‍ അല്‍ വാദിഅ് 1979ലെ മസ്ജിദ് ഹറം സ്‌ഫോടന കേസില്‍ അറസ്റ്റിലായെന്ന് പ്രചാരണമുണ്ട്. എന്നാല്‍, ഇത് ശരിയല്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ സംശയം തോന്നിയസൗദി ഭരണകൂടം തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചുവെന്നും അഭിജ്ഞവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മക്കയില്‍ നിന്ന് ജയില്‍ മോചിതനായി സ്വദേശത്ത് തിരിച്ചെത്തിയശേഷം ദാറുല്‍ ഹദീസ് എന്ന സ്ഥാപനം പടുത്തുയര്‍ത്തി. അതോടെ ശുദ്ധ സലഫിസം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ദമ്മാജിലെത്തി. അക്കാലയളവിലാണ് കേരളത്തിലെ സലഫി പ്രസ്ഥാനത്തില്‍ പെട്ടവരും ദമ്മാജുമായി ബന്ധം പുലര്‍ത്തി വന്നത്.
കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പിളര്‍പ്പ് സംഭവിച്ച ഘട്ടത്തില്‍ തന്നെയാണ് സംഘടനാ രീതി ഇസ്‌ലാമികമല്ലെന്ന വാദവുമായി ഒരു സംഘം മൂന്നാം വിഭാഗമായി ദമ്മാജ് സലഫിസത്തില്‍ നിലയുറപ്പിച്ചത്. ഇതര ഇസ്‌ലാമിക ചിന്താധാരകളെ അപേക്ഷിച്ച് വിചിത്രമാണ് ദമ്മാജ് സലഫിസത്തിന്റെ ആശയങ്ങളേറെയും. ബഹുസ്വരത, പൊതുഇടപെടല്‍, പൊതുസമൂഹത്തില്‍ നിന്നുള്ള ഉപജീവനം തുടങ്ങിയവ ദമ്മാജ് സലഫിസത്തില്‍ നിഷിദ്ധമാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. കേരളത്തിലടക്കം ഈ ചിന്താധാരയെ പിന്‍പറ്റിയവര്‍ പ്രവാചകന്റെ മാതൃക ചൂണ്ടിക്കാട്ടി ആടുമേയ്ച്ചും മറ്റും ഉപജീവനം തേടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പൊതുപ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതില്‍ അംഗത്വമില്ലത്രെ. ലൗകിക ജീവിതത്തോടുള്ള വിരക്തി ഇവരില്‍ ബഹുസ്വരതയോടുള്ള വെറുപ്പായി രൂപാന്തരപ്പെടുന്നുവെന്നും ആക്ഷേപമുണ്ട്.
ഇഹലോകവുമായി ബന്ധമില്ലാത്ത ജീവിതചര്യ സ്വീകരിക്കണമെന്നാണ് ദമ്മാജ് സലഫിസത്തിന്റെ ആചാര്യന്‍മാര്‍ അണികളെ പ്രേരിപ്പിക്കുന്നതെന്നാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിക്കുന്നത്. കടുത്ത യാഥാസ്ഥികത്വമാണ് ദമ്മാജ് സലഫിസം പ്രചരിപ്പിക്കുന്നതെന്നും കാറ്റും വെളിച്ചവും കടക്കാത്ത, പ്രമാണങ്ങളുടെ അരക്ഷിത വായനയില്‍ ആനന്ദം കണ്ടെത്തുന്നവരാണെന്നുമാണ് മുജാഹിദ് പ്രസ്ഥാനങ്ങളടക്കം വിലയിരുത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss