|    Jan 21 Sat, 2017 1:47 am
FLASH NEWS

ദമ്പതികള്‍ ഉള്‍പ്പെടെ 15 മലയാളികളുടെ തിരോധാനം; അന്വേഷണം തുടങ്ങി

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: അഞ്ചു ദമ്പതികളും കുട്ടികളും ഉള്‍പ്പെടെ 15 മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. പോലിസിന് പുറമെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം സ്വദേശികളാണു അപ്രത്യക്ഷമായത്. നിഗൂഢസംഘമായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നുവെന്നാണു സംശയം.
ഇവര്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പി കരുണാകരന്‍ എംപി, എം രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. രാജ്യാന്തരബന്ധമുള്ള വിഷയമായതിനാല്‍ എന്‍ഐഎ, റോ തുടങ്ങിയ ഏജന്‍സികളുടെ സഹായം പോലിസ് തേടിയിട്ടുണ്ട്. ഇന്നലെ ഇവരുടെ വീടുകളില്‍ പോലിസും കേന്ദ്രസംഘവുമെത്തി ബന്ധുക്കളില്‍ നിന്നു മൊഴിയെടുത്തു.
കാസര്‍കോട് പടന്നയിലെ ഡോ. ഇഹ്ജാസ് അഹ്മദ്, ഭാര്യ ജസീല, ഇവരുടെ രണ്ടു വയസ്സുള്ള കുട്ടി, ഇഹ്ജാസിന്റെ സഹോദരനും എന്‍ജിനീയറിങ് ബിരുദധാരിയുമായ ഷിഹാസ്, ഭാര്യ അജ്മല, ഉടുമ്പുന്തല സ്വദേശികളായ അബ്ദുല്‍ റാഷിദ്, ഭാര്യ എറണാകുളം സ്വദേശിനി ആയിഷ (സോണിയ), ഇവരുടെ രണ്ടര വയസ്സുള്ള കുട്ടി, തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശികളായ മര്‍വാന്‍ ഇസ്മായില്‍, അഷ്ഫാഖ് മജീദ്, ഫിറോസ്, പാലക്കാട് യാക്കര സ്വദേശി യഹ്‌യ, ഭാര്യ മറിയം, യഹ്‌യയുടെ സഹോദരന്‍ ഈസ, ഭാര്യ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ഫാത്തിമ (നിമിഷ) എന്നിവരെയാണു കഴിഞ്ഞ ജൂണ്‍ നാലുമുതല്‍ കാണാതായത്.
വ്യാപാരാവശ്യാര്‍ഥം ശ്രീലങ്കയിലേക്കു പോവുന്നുവെന്നു പറഞ്ഞ് വീടുവിട്ടിറങ്ങിയ ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. ഏതാനും ദിവസംമുമ്പ് രണ്ടു പടന്ന സ്വദേശികള്‍ വീട്ടുകാര്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആശയങ്ങള്‍ കണ്ടതോടെയാണു സംശയം ബലപ്പെട്ടതും ആഭ്യന്തരവകുപ്പിനു പരാതിനല്‍കിയതും.
തൃക്കരിപ്പൂര്‍ ആയിറ്റിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ജീവനക്കാരാണ് റാഷിദും ആയിഷയും മര്‍വാന്‍ ഇസ്മായിലും. ഇവര്‍ എറണാകുളത്ത് ഉള്ളതായി മൂന്നാഴ്ച മുമ്പ് ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ പലവട്ടം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെ, പടന്ന ഭാഗത്തെ രണ്ട് യുവാക്കളെ കൂടി കാണാനില്ലെന്നു പരാതി ഉയര്‍ന്നു. ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന ഇവര്‍ മുംബൈയിലേക്കു വിമാനം കയറിയെങ്കിലും നാട്ടിലെത്തിയിട്ടില്ല.
പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ (നിമിഷ). മകളെ കാണാനില്ലെന്നു കാണിച്ച് മാതാവ് ബിന്ദുവാണ് പോലിസില്‍ പരാതി നല്‍കിയത്. പാലക്കാട് സ്വദേശി ബക്‌സന്‍ വിന്‍സെന്റ് എന്ന ഈസയെ പ്രണയിച്ച് വിവാഹംകഴിച്ച നിമിഷ, ഫാത്തിമയെന്ന പേര് സ്വീകരിക്കുകയായിരുന്നു. ബക്‌സന്റെ അനുജന്‍ ബട്‌സനും മതംമാറി യഹിയ എന്ന പേര് സ്വീകരിച്ചു.
യാക്കരയിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു ഫാത്തിമയുടെ താമസം. അവിടെ ചെന്ന് മകളെ കാണുകയും തുടര്‍ന്ന് ഫോണില്‍ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നതായി ബിന്ദു പറയുന്നു. എന്നാല്‍, ജൂണ്‍ നാലിനുശേഷം വിവരങ്ങളൊന്നും ലഭ്യമല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക