|    Oct 15 Mon, 2018 4:27 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ദണ്ഡുകള്‍കൊണ്ടുള്ള ഗുണം

Published : 24th September 2018 | Posted By: kasim kzm

നിവേദിതാ മേനോന്‍

ഫാഷിസം എന്ന പദം ഇറ്റാലിയന്‍ ഭാഷയിലെ ദണ്ഡില്‍ നിന്നു വന്നതാണ്. ഒന്നിച്ചു കെട്ടിയ അനേകം ദണ്ഡുകളുടെ ചിത്രമായിരുന്നു റോമന്‍ ചക്രവര്‍ത്തിമാര്‍ അധികാരത്തിന്റെ പ്രതീകമായി ഉപയോഗിച്ചിരുന്നത്. പട്ടാളക്കാര്‍ അതു കുന്തത്തില്‍ കെട്ടി അവര്‍ക്കില്ലാത്ത അധികാരം പ്രദര്‍ശിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ സംഘപരിവാരം ഒറ്റയൊറ്റ ദണ്ഡുകളാണ് ഉപയോഗിക്കാറ്. കാരണം, ദണ്ഡുകളുടെ കെട്ട് പ്രയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. ആളുകളുടെ തലയ്ക്കടിക്കാന്‍ ഒരു ദണ്ഡാണ് സൗകര്യം. അതുകൊണ്ടാണ് അവര്‍ (തൃശൂലം പോലെ) ഓരോ സന്നദ്ധഭടനും ദണ്ഡ് നല്‍കുന്നത്. സംഘികള്‍ക്ക് തങ്ങള്‍ ഫാഷിസ്റ്റുകളാണെന്നു കേട്ടാല്‍ തന്നെ കലിവരും. കാരണം, അവര്‍ ഇറ്റലിക്കാരെ വെറുക്കുന്നു. ഫാഷിസം എന്നത് ശകാരപദങ്ങളാണെന്ന് അവര്‍ക്കറിയാം. ഇപ്പോഴാണെങ്കില്‍ ആയിരക്കണക്കിനു നഗര മാവോവാദികള്‍ പ്രത്യക്ഷപ്പെട്ട് ഫാഷിസം എന്ന പദം യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്നു.
ഇപ്പോള്‍ അറസ്റ്റിലായവര്‍ തങ്ങള്‍ ഫാഷിസ്റ്റ് വിരുദ്ധരാണെന്ന് അവകാശപ്പെടുന്നു എന്നാണു തോന്നുന്നത്. അവര്‍ ചില യോഗങ്ങളില്‍ പങ്കെടുത്തു. അവര്‍ക്ക് ചിലരെ അറിയാവുന്ന ചിലരെ അറിയാം. ചിലരില്‍പ്പെട്ട ചിലര്‍ ‘ഫാഷിസ്റ്റ് വിരുദ്ധ മുന്നണികളും’ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും നടത്തുന്ന പരിപാടികള്‍ കണ്ട് ആഹ്ലാദിക്കുന്നു. മഹാരാഷ്ട്രയിലെ ഗവ. പ്രോസിക്യൂട്ടര്‍ ഉജ്ജ്വല പവാര്‍ പൂനെ കോടതിയില്‍ അതുപറയുമ്പോള്‍ വളരെയേറെ വികാരഭരിതയായിരുന്നു. അറസ്റ്റിലായവര്‍ ഒരു മുന്‍കരുതലുമില്ലാതെ കത്തെഴുതി പ്രധാനമന്ത്രിയെപ്പോലെ രാജ്യത്ത് ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയെ വധിക്കാന്‍ പദ്ധതിയിട്ടുവത്രേ. രാഷ്ട്രത്തിന്റെ പ്രധാന്‍ സേവക് ആയ മോദിയെയും അദ്ദേഹത്തിന്റെ ജാക്കറ്റിനെയും കാര്‍ട്ടൂണ്‍ കഥാപാത്രമായ ചാച്ചാ ചൗധരിയെപ്പോലെ കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടുന്ന കാലത്താണിത്.
ബിജെപിക്കു ലഭിക്കുന്ന ഈ പ്രശസ്തിയില്‍ അസൂയ പൂണ്ടിരിക്കുകയാണ് ശിവസേന പോലുള്ള മറ്റ് ഫാഷിസ്റ്റ് പാര്‍ട്ടികള്‍. മോദിയെ വധിക്കാനുള്ള പദ്ധതി ദുരൂഹവും ഒരു ഹൊറര്‍ ഫിലിമില്‍ നിന്നു പകര്‍ത്തിയതുപോലെയുമാണ് എന്നാണ് ശിവസേനാ മുഖപത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ പരിഹസിച്ചത്. മോദി വധ പദ്ധതിയെപ്പറ്റി ഒരു രഹസ്യസംഘടന കത്തുകളിലൂടെ ചര്‍ച്ചചെയ്യുമോ എന്നും സാമ്‌ന ചോദിക്കുന്നു. മോദിയെ വധിക്കാനുള്ള പദ്ധതികള്‍ മുമ്പും വെളിച്ചത്തുവന്നിരുന്നു. അപ്പോഴൊക്കെ മോദിക്ക് വോട്ട് കൂടിയെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
മോദിക്കെതിരേയുള്ള ഈ ഗൂഢാലോചനാ ബിസിനസ് അവിടെയൊന്നും അവസാനിച്ചിട്ടില്ല. ബിജെപി തമിഴ്‌നാട് തലൈവി തമിളിശൈ സൗന്ദരരാജന്‍ തൂത്തുക്കുടിയില്‍ നിന്നു ചെന്നൈയിലേക്കു പറക്കുമ്പോള്‍ വിമാനത്തിലെ എട്ടാം നമ്പര്‍ സീറ്റില്‍ നിഷ്‌കളങ്കയെന്നു തോന്നുന്ന ഒരു യുവതി ഇരിക്കുന്നതു കണ്ടു (ഈ എട്ടാം നമ്പറിന്റെ പ്രസക്തിയെക്കുറിച്ച് പോലിസ് കൂടുതല്‍ അന്വേഷിക്കുമെന്നു പ്രതീക്ഷിക്കുക). വിമാനമിറങ്ങിയപ്പോള്‍ അതേ യുവതി -കാനഡയില്‍ പഠിക്കുന്ന ലോയിസ് സോഫിയ- ഫാഷിസ്റ്റ് ബിജെപി തുലയട്ടെ എന്നു വിളിച്ചുകൂവി. ഫാഷിസ്റ്റ് എന്ന് ഉച്ചരിക്കുന്ന ഒരുവള്‍ നിഷ്‌കളങ്കയല്ലെന്നാണ് തമിളിശൈ പറയുന്നത്. ”ഞാന്‍ ചോദ്യംചെയ്തപ്പോള്‍ സോഫിയ മുഷ്ടിചുരുട്ടി അതാവര്‍ത്തിച്ചു. എനിക്കൊരു ഭീകരപ്രവര്‍ത്തകയെ വെറുതെവിടാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ പരാതി നല്‍കി.” സോഫിയയുടെ നിരപരാധിത്വത്തെപ്പറ്റി അവര്‍ക്കുണ്ടായ സംശയം സ്ഥിരീകരിക്കപ്പെട്ടത് സ്റ്റെര്‍ലൈറ്റ് പ്രക്ഷോഭത്തില്‍ പങ്കെടുത്ത പലരും അവരെ പിന്തുണച്ച് സ്റ്റേഷനിലെത്തിയപ്പോഴാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷ വാദിക്കുന്നു. തമാശ അല്ലേ? എന്നാല്‍ സോഫിയ കാനഡയില്‍ പഠിക്കുന്നുവെന്നറിഞ്ഞതോടെ അവര്‍ നഗര മാവോവാദികളിലൊരാളായി. വിദേശപണം, ബന്ധം, പിന്തുണ ഒക്കെ സംഘികള്‍ ഒഴികെയുള്ളവര്‍ക്ക് വര്‍ജ്യമാണ്. ബിജെപി വേദാന്തയില്‍നിന്നു വിദേശസഹായം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന 2014ലെ ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം തലൈവി കേട്ടുകാണില്ല.
പിറ്റേദിവസം തലൈവിയെ പിന്തുണച്ചുകൊണ്ട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. മന്ത്രിയുടെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ പദ്ധതികളെ എതിര്‍ക്കുന്നവരൊക്കെ ഭീകരരാണ്. സാമൂഹികവിരുദ്ധരേക്കാള്‍ ചീത്തയാണവര്‍. സംസ്ഥാന ഗവണ്‍മെന്റ് അവര്‍ക്കെതിരേ നടപടിയെടുക്കണം. ഇനി സംസ്ഥാന ഗവണ്‍മെന്റ് അതിനു തയ്യാറില്ലെങ്കില്‍ കേന്ദ്രം തന്നെ ഇടപെടണം. ബിജെപി നേതൃത്വത്തിലുള്ള ഈ ഏകോപനം എത്രമാത്രം ആശ്വാസം പകരുന്നതാണ്! ഇവിടെയൊരറസ്റ്റ്, അവിടെയൊരറസ്റ്റ്, സര്‍ക്കാരിന്റെയും സര്‍ക്കാരിന്റെ ഇഷ്ടക്കാരുടെയും പദ്ധതികളെ എതിര്‍ക്കുന്നവരൊക്കെ അഴിക്കുപിന്നില്‍. തടവുകാര്‍ക്കാണെങ്കില്‍ സുഖകരമായി ജീവിക്കാം. വിജയ് മല്യക്കു വേണ്ടി തടവുമുറികള്‍ ആധുനികവല്‍ക്കരിക്കുകയുമാണ്.
സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയപ്പോള്‍ പ്രധാന്‍ സേവകിന്റെ ഹൃദയം പൊട്ടി. കാരണം, അതിന്റെ മേല്‍ പ്രധാനമന്ത്രിയുടെ തന്നെ കൈയൊപ്പുണ്ടായിരുന്നു. 2014ല്‍ വേദാന്തയുടെ അനില്‍ അഗര്‍വാളിനു വേണ്ടി പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ക്കൊക്കെ മോദി സര്‍ക്കാര്‍ പുനര്‍വ്യാഖ്യാനം രചിച്ചിരുന്നു. തദ്ദേശവാസികളോട് ഒന്നും പറയാതെ വേദാന്ത അങ്ങനെയാണ് ഫാക്ടറി വികസിപ്പിച്ചത്. ഈ ജനങ്ങളുമായി ചര്‍ച്ചചെയ്യുക തുടങ്ങിയ ആശയങ്ങളൊക്കെ രാഷ്ട്രവിരുദ്ധമായ, നഗര മാവോവാദ ചിന്തകളാണെന്ന് അറിയാത്തവര്‍ വല്ലവരുമുണ്ടോ? മധ്യേന്ത്യയിലെ പോലെ ഗോത്രവര്‍ഗക്കാര്‍ അതൊക്കെ വിശ്വസിച്ച് തോക്കെടുക്കുന്നു, ഭരണഘടനാ തത്ത്വങ്ങള്‍ കല്ലില്‍ കൊത്തിവയ്ക്കുന്നു, ഗ്രാമസഭകളാണു തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നു പറയുന്നു.
ജാര്‍ഖണ്ഡിലെ പഹല്‍ഗഡി പ്രസ്ഥാന പ്രവര്‍ത്തകര്‍ ചെയ്തതു നോക്കൂ. ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഗോത്രവര്‍ഗക്കാരുടെ ഭൂമി പരിരക്ഷിക്കുന്ന നിയമങ്ങളില്‍ നിര്‍ണായകമായ രണ്ടു ഭേദഗതികള്‍ വരുത്തി. വമ്പിച്ച ജനരോഷമുയര്‍ന്നതോടെ രണ്ടും പിന്‍വലിക്കേണ്ടിവന്നു. പിന്നീട് സൂത്രത്തില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തി. അതോടെ ‘വികസനാവശ്യത്തിന്’ പരിസ്ഥിതിയാഘാതമൊന്നും പരിഗണിക്കാതെ ഭൂമി ഏറ്റെടുക്കാമെന്നു വന്നു. ഗ്രാമസഭകള്‍ക്ക് വേണമെങ്കില്‍ ചില ഉപദേശങ്ങള്‍ നല്‍കാമെന്നായി. ഭേദഗതിക്ക് പ്രസിഡന്റിന്റെ അനുമതി ലഭിക്കുന്നതു വരെ അതു രഹസ്യമാക്കി വച്ചു. അതിലെന്താണിത്ര കോപിക്കാന്‍. സര്‍ക്കാരിനു ഗുണം ചെയ്യുന്നതെന്തെന്നു ജനങ്ങള്‍ക്കറിയുമോ?
നഗര മാവോവാദികളുടെ വീടുകള്‍ റെയ്ഡ് ചെയ്തു പോലിസ് പൊക്കിയ മാര്‍ക്‌സിന്റെയും മാവോ സേതുങിന്റെയും അംബേദ്കറുടെയും രചനകള്‍ കോണ്‍സ്റ്റബിള്‍മാര്‍ വായിച്ച് ആശയക്കുഴപ്പത്തിലായിക്കാണും. എന്നാല്‍, ഉയര്‍ന്ന സര്‍വകലാശാലകളില്‍ പഠിച്ച് ഐപിഎസ് നേടിയ ഉദ്യോഗസ്ഥര്‍ മുമ്പു വായിച്ചതാവും അത്. അവര്‍ക്കെങ്കിലും ഈ കേസ് സത്യവും അസത്യവും ചേര്‍ന്ന ഒരു മിശ്രിതമാണെന്നു മനസ്സിലായിക്കാണും. എന്നാല്‍, അവരിലൊരാള്‍ക്കെങ്കിലും ഇക്കാര്യം തുറന്നുപറഞ്ഞുകൂടെ? ആം ആദ്മി പാര്‍ട്ടിക്കെതിരായി ഡല്‍ഹി പോലിസ് കെട്ടിച്ചമച്ച കേസുകള്‍ കുലകുലയായി കോടതികളില്‍ അടര്‍ന്നുവീണപ്പോള്‍ ഡല്‍ഹി പോലിസ് കോടതിയിലെത്തുന്നതിനു മുമ്പ് കുറ്റപത്രങ്ങള്‍ ഒന്നുകൂടി സൂക്ഷ്മമായി പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നുവത്രേ!
മുസ്സോളിനിയുടെ കാലത്തുള്ള ഫാഷിസം എന്തുമാവട്ടെ! ഇപ്പോള്‍ ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങള്‍ ആഭ്യന്തര ശത്രുക്കളെ നിര്‍മിച്ചുകൊണ്ടാണ് മര്‍ദനം നടത്തുന്നത്. ദലിത് വിരുദ്ധ ഹിന്ദുത്വവും വേട്ടയാടുന്ന മുതലാളിത്തവും ചേര്‍ന്ന് രാജ്യത്തെ വെറുപ്പിന്റെയും ചൂഷണത്തിന്റെയും ഖണ്ഡങ്ങളായി തിരിക്കുകയാണ്. അസത്യ പ്രചാരണം, ആള്‍ക്കൂട്ടക്കൊലകള്‍ രണ്ടും സ്വമേധയാ ഉണ്ടാവുന്നതല്ല. അതിന്റെ പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. മുമ്പ് ആര്‍എസ്എസിനു ഭരണകൂടത്തിന്റെ പിന്തുണയില്ലായിരുന്നു. ഇപ്പോള്‍ അതുണ്ട്. അതിനാല്‍, 2019 നു മുമ്പ് കൂടുതല്‍ അറസ്റ്റും ഭീഷണിയും വധഗൂഢാലോചനകളും ബാലറ്റ് അട്ടിമറിയുമുണ്ടാവും. അതിനു മുമ്പ് നഗര മാവോവാദികള്‍ ഇനിയും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss