|    Oct 18 Wed, 2017 4:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ ചൈനാ കടല്‍ : യുഎസ് യുദ്ധക്കപ്പലയച്ചതില്‍ പ്രതിഷേധവുമായി ചൈന

Published : 12th August 2017 | Posted By: fsq

 

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍ പര്യടനം നടത്തിയതിനെതിരേ ശക്തമായ പ്രതിഷേധവുമായി ചൈന. ചൈനയുടെ നിയന്ത്രണത്തിലുള്ള കൃത്രിമ ദ്വീപായ സ്പ്രാറ്റിലി ദ്വീപിന്റെ ആറ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം യുഎസ് യുദ്ധക്കപ്പല്‍ എത്തിയത്. യുഎസ് നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൈനയുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രാലയ പ്രതിനിധി ജെങ് ഷുവാങ് യുഎസ് നടപടിയില്‍ കടുത്ത നിരാശയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. യുഎസ് നടപടി മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭംഗം വരുത്തുന്നതാണെന്ന് ചൈനീസ് പ്രതിരോധമന്ത്രി വു ക്യാനും പറഞ്ഞു. യുഎസിന്റെ പ്രകോപനപരമായ നടപടികള്‍ ചൈനീസ് പട്ടാളത്തിന്റെ പ്രതിരോധ നടപടികളെ ശക്തിപ്പെടുത്താനാണ് ഉപകരിക്കുകയെന്നും ചൈനയുടെയും അയല്‍രാജ്യങ്ങളുടെയും സംയുക്ത ശ്രമഫലമായാണ് ദക്ഷിണ ചൈനാ കടലില്‍ സമാധാനം നിലനല്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുദ്ധക്കപ്പല്‍ ചൈനീസ് സമുദ്ര മേഖലയില്‍ കടന്ന നടപടിയെ ന്യായീകരിച്ച് യുഎസ് പസഫിക് മേഖലാ പ്രതിനിധി നികോള്‍ ഷ്വെഗ്മാന്‍ രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചാണ് യുഎസ് കപ്പല്‍ മേഖലയില്‍ എത്തിയതെന്ന് അവര്‍ പറഞ്ഞു. അതേസമയം, കപ്പല്‍ പര്യടനം നടത്തുന്നതിനിടെ പിന്തിരിയണമെന്നാവശ്യപ്പെട്ട് ചൈനീസ് യുദ്ധക്കപ്പലില്‍ നിന്നു തങ്ങള്‍ക്ക് താക്കീത് ലഭിച്ചുവെന്നു പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര സമുദ്രമേഖലയില്‍ തങ്ങള്‍ നടത്തുന്ന സാധാരണ നടപടിയുടെ ഭാഗമായതിനാല്‍ പിന്തിരിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ഇതു മൂന്നാംതവണയാണ് യുഎസ് യുദ്ധക്കപ്പല്‍ മേഖലയില്‍ പ്രവേശിക്കുന്നത്. ദക്ഷിണ ചൈനാ കടലില്‍ ചൈന നടത്തുന്ന ദ്വീപ് നിര്‍മാണത്തിനും സൈനികവല്‍ക്കരണത്തിനും എതിരേ യുഎസും ആസ്‌ത്രേലിയയും ജപ്പാനും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനു നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎസ് യുദ്ധക്കപ്പല്‍ ചൈനീസ് കടലില്‍ പര്യടനം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക