|    Jul 20 Fri, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ കൊറിയ: പ്രതിഷേധങ്ങള്‍ക്കിടെ ‘താഡ്’ വിന്യാസം പൂര്‍ത്തിയായി

Published : 8th September 2017 | Posted By: fsq

 

സോള്‍: പ്രതിഷേധങ്ങള്‍ക്കിടെ ദക്ഷിണ കൊറിയയില്‍ യുഎസിന്റെ താഡ് (തെര്‍മല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ വിന്യാസം പൂര്‍ത്തിയായി. ദക്ഷിണ കൊറിയയിലെ ഗ്യോങ്‌സങ്ബുക് പ്രവിശ്യയിലാണ് മിസൈല്‍ താഡ് വിന്യാസം. യുഎസിന്റെ ആറ് ആന്റി മിസൈല്‍ ലോഞ്ചറുകളില്‍ അവസാനത്തെ നാലെണ്ണം ഇന്നലെ സ്ഥാപിച്ചതായി ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് യോന്‍ അറിയിച്ചു. അതേസമയം, രാജ്യത്ത് താഡിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരായ പോലിസ് നടപടിയെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതാനും പേരെ പോലിസ് അറസ്റ്റ് ചെയ്തു മാറ്റി. 400ലധികം പ്രതിഷേധകരാണ് ഗ്യോങ്‌സങ്ബുകിലെ യുഎസ് സൈനിക കേന്ദ്രത്തിനു സമീപം ഒത്തുചേര്‍ന്നത്. തലസ്ഥാനം സോളിനു സമീപമുള്ള ഒസാന്‍ വ്യോമത്താവളത്തില്‍ നിന്നാണ് പ്രതിരോധ ഉപകരണങ്ങള്‍ 10 യുഎസ് സേനാവാഹനങ്ങളിലായി ഗ്യോങ്‌സങ്ബുകിലെത്തിച്ചത്. പ്രദേശവാസികള്‍ അടക്കമുള്ളവര്‍ക്ക് പോലിസ് ഇടപെടലിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളില്‍ പരിക്കേറ്റു. മിസൈല്‍ പ്രതിരോധ ഉപകരണങ്ങള്‍ കൊണ്ടുവന്ന ട്രക്കുകള്‍ പ്രതിഷേധകര്‍ തടയാന്‍ ശ്രമിച്ചതായും റിപോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെത്തന്നെ പ്രതിഷേധക്കാര്‍ സൈനിക കേന്ദ്രത്തിന്റെ ഓഫിസിനു മുന്നില്‍ തടിച്ചുകൂടാന്‍ ആരംഭിച്ചതായി ന്യൂസ് മിന്‍ വെബ്‌സൈറ്റ് അറിയിച്ചു. താഡ് പ്രദേശത്തേക്കുള്ള കമ്പിവേലി മുറിച്ചുകടക്കാന്‍ ചിലര്‍ ശ്രമിച്ചു.  താഡ് പ്രദേശത്ത് ഉപകരണ വിന്യാസം പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നിരുന്നു. ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണി ശക്തമാവുന്നതിനാലാണ് താഡ് പ്രതിരോധ സംവിധാനത്തിന്റെ വിന്യാസം തിരക്കിട്ട് പൂര്‍ത്തീകരിച്ചതെന്നാണ്് യുഎസ് ദക്ഷിണ കൊറിയന്‍ പ്രതിരോധ വിഭാഗങ്ങള്‍ അവകാശപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss