|    Aug 18 Fri, 2017 10:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണാഫ്രിക്ക ഐസിസിയില്‍ നിന്ന് പുറത്തേക്ക്

Published : 22nd October 2016 | Posted By: SMR

പ്രിട്ടോറിയ: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി) യില്‍ നിന്നു പുറത്തുപോവുന്നതിന് ദക്ഷിണാഫ്രിക്ക ഔദ്യോഗിക നടപടിയാരംഭിച്ചു. ഐസിസിയില്‍ നിന്നു പിന്‍വാങ്ങുന്നത് സംബന്ധിച്ചു ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രി ഒപ്പിട്ട രേഖയുടെ പകര്‍പ്പ് ലഭിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുദ്ധ- വംശഹത്യാ കേസുകളില്‍ ഐസിസി പ്രതിപ്പട്ടികയിലുള്ള സുദാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെതിരേ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത് ആരോപണങ്ങള്‍ക്കിടയാക്കിയിരുന്നു. ആഫ്രിക്കന്‍ യൂനിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജൊഹാനസ്ബര്‍ഗിലെത്തിയ ബഷീര്‍ ഐസിസി ഇടപെടലിനെത്തുടര്‍ന്ന് പെട്ടെന്നു മടങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി.  ഭരണമാറ്റത്തിലേക്കു നയിക്കുന്ന രീതിയില്‍ ഐസിസി അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ മന്ത്രി പറഞ്ഞു.
ഐസിസിയില്‍ നിന്നു പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമം പാര്‍ലമെന്റില്‍ ഉടന്‍ പാസാക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ നീതിമന്ത്രി മൈക്കല്‍ മുസ്തഫ അറിയിച്ചു. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ പല രാഷ്ട്രനേതാക്കളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പക്ഷപാതപരമായി ലക്ഷ്യംവയ്ക്കുന്നുവെന്ന് ആഫ്രിക്കന്‍ രാഷ്ട്രത്തലവന്‍മാര്‍ ആരോപിച്ചിരുന്നു.
ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ വിമുഖത കാണിച്ചതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഐസിസി വിമര്‍ശിച്ചിരുന്നു. 2003ല്‍ സുദാനിലെ ദാര്‍ഫുര്‍ മേഖലയില്‍ നടന്ന ആക്രമണത്തിന്റെ പേരിലാണ് ബഷീറിനെതിരേ ഐസിസി കുറ്റം ചുമത്തുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്. എന്നാല്‍ ആരോപണം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്.
കെനിയന്‍ പ്രസിഡന്റ് ഉഹ്‌രു കെനിയാത്തക്കെതിരേ ഐസിസി യുദ്ധക്കുറ്റം ചുമത്തുകയും തെളിവുകളുടെ അഭാവത്തില്‍ തള്ളിപ്പോവുകയും ചെയ്തിരുന്നു. പ്രസിഡന്റ് ജേക്കബ് സുമ കെനിയ സന്ദര്‍ശിച്ച് ഒരാഴ്ച കഴിഞ്ഞാണ് ദക്ഷിണാഫ്രിക്കയുടെ പിന്‍മാറ്റം എന്നതും ശ്രദ്ദേയമാണ്. ഐസിസിയില്‍ നിന്നു ബുറുണ്ടി പുറത്തുപോയതിനു പിന്നാലെയാണു ദക്ഷിണാഫ്രിക്കയും പുറത്തുപോവുന്നത്. ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തെ യുഎന്‍ വിമര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക