|    Sep 20 Thu, 2018 2:03 pm
FLASH NEWS
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയ്ക്ക് 290 റണ്‍സ് വിജയ ലക്ഷ്യം

Published : 10th February 2018 | Posted By: vishnu vis

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരേ അഭിമാന ജയം സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 290 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാന്‍ (109) വിരാട് കോഹ്‌ലി (75) കൂട്ടുകെട്ട് ഒരിക്കല്‍ കൂടി രക്ഷക വേഷം കെട്ടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 150 റണ്‍സാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച സ്‌കോറിലേക്കെത്തും മുമ്പേ ഓപണര്‍ രോഹിത് ശര്‍മയെ (5) നഷ്ടമായി. പരമ്പരയിലുടനീളം മോശം ഫോമില്‍ തുടരുന്ന രോഹിതിനെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ കഗിസോ റബാദ പുറത്താക്കുകയായിരുന്നു. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 3.6 ഓവറില്‍ ഒരു വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീടൊത്തു ചേര്‍ന്ന ധവാന്‍ – കോഹ്‌ലി കൂട്ടുകെട്ട് പതിവ് പോലെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് അടിത്തറയേകുകയായിരുന്നു. മികച്ച ഷോട്ടുകളുമായി ഇരുവരും കളം വാണതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പന്തുകള്‍ പലതവണ ബൗണ്ടറിലൈന്‍ കടന്നു. പരമ്പരയിലെ മൂന്നാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കോഹ്‌ലിയെ മടക്കി ക്രിസ് മോറിസാണ് കൂട്ടുകെട്ട് പൊളിച്ചത്. മോറിസിനെ പുള്‍ ഷോട്ട് കളിച്ച കോഹ് ലിക്ക്  പിഴച്ചപ്പോള്‍ ഷോട്ടില്‍ ഡേവിഡ് മില്ലറുടെ കൈയില്‍ പന്ത് സുരക്ഷിതം. 83 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും പറത്തിയ കോഹ്‌ലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 31.1 ഓവറില്‍ രണ്ട് വിക്കറ്റിന് 178 റണ്‍സെന്ന മികച്ച നിലയിലായിരുന്നു.
പിന്നീട് അജിന്‍ക്യ രഹാനയെ (8) കൂട്ടുപിടിച്ച് ധാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 105 പന്തില്‍ 10 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ട ധവാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് വിരാമമായതോടെ ഇന്ത്യയുടെ റണ്ണൊഴുക്കിന്റെ വേഗതയും കുറഞ്ഞു. രഹാനെയും ശ്രേയസ് അയ്യരും (18), ഹര്‍ദിക് പാണ്ഡയുമെല്ലാം (9) ചെറിയ ഇടവേളകളില്‍ മടങ്ങിയെങ്കിലും ഒരുവശത്ത് ചെറുത്ത് നിന്ന എംഎസ് ധോണി (42*) ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 289ലേക്ക് എത്തിക്കുകയായിരുന്നു. 43 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ലൂങ്കി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ മോണി മോര്‍ക്കല്‍ ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss