|    Jun 22 Fri, 2018 5:01 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ത്വലാഖും ലിംഗനീതിയുടെ പ്രശ്‌നങ്ങളും

Published : 9th November 2016 | Posted By: SMR

പ്രഫ.  ഓമാനൂര്‍  മുഹമ്മദ്

മനുഷ്യന്‍ സ്ഥാപിച്ച സാമൂഹിക സ്ഥാപനങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടവും മഹത്തരമായിട്ടുള്ളതുമാണ് വിവാഹം. എന്നാല്‍, വിവാഹത്തെ ബൂര്‍ഷ്വാ വര്‍ഗത്തിന്റെ മര്‍ദനോപാധിയായി കരുതുന്ന പ്രത്യയശാസ്ത്രങ്ങളും ഇല്ലാതില്ല.
തുടക്കത്തില്‍ കടുത്ത കമ്മ്യൂണിസ്റ്റ് പക്ഷപാതിയായിരുന്ന ഡോറിസ് ലസ്സിങ് എന്ന ബ്രിട്ടിഷ് നോവലിസ്റ്റ് 1962ല്‍ പ്രസിദ്ധീകരിച്ച ‘ദി ഗോള്‍ഡന്‍ നോട്ട്ബുക്ക്’ എന്ന ബൃഹത്തായ നോവലില്‍, വിവാഹം സ്ത്രീയെ പുരുഷന്റെ അടിമത്തത്തില്‍ തളച്ചിടുന്ന മര്‍ദനോപാധിയായാണു ചിത്രീകരിക്കുന്നത്. വിവാഹ ബാഹ്യമായ സ്വതന്ത്രബന്ധങ്ങളെ പ്രകീര്‍ത്തിക്കുന്ന മട്ടിലാണ് അതിലെ പ്രധാന കഥാപാത്രങ്ങളായ അന്നയും മോളിയുമൊക്കെ സംസാരിക്കുന്നത്. ഡോറിസിന്റെ രണ്ടു വിവാഹങ്ങളും വിവാഹമോചനത്തിലാണ് കലാശിച്ചത്. ഭര്‍ത്താക്കന്‍മാര്‍ പരസ്ത്രീഗമനത്തിലൂടെ തങ്ങളുടെ ഭാര്യമാരെ വഞ്ചിക്കുകയാണെന്നും അത്തരമൊരു സ്വാതന്ത്ര്യം വിവാഹം എന്ന ബന്ധനത്തില്‍’ കഴിയുന്ന സ്ത്രീക്ക് ലഭിക്കുന്നില്ലെന്നും നോവലിസ്റ്റ് വിലപിക്കുന്നു. ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയായാണ് യൂറോപ്പിലാകമാനം വാഴ്ത്തപ്പെട്ടത്.
1970കളില്‍ അമേരിക്കയിലും യൂറോപ്പിലും ഫെമിനിസ്റ്റുകള്‍ പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായ സാമൂഹികക്രമത്തില്‍ നിന്ന് സ്ത്രീയെ മോചിപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങളാണു നടത്തിയത്.
ഒരു കുത്തഴിഞ്ഞ ജീവിതരീതിയല്ല ഇസ്‌ലാം വിവാഹജീവിതത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവിതാന്ത്യം വരെ നിലനില്‍ക്കേണ്ട പവിത്രമായ ഒരു കരാറായാണ് ഇസ്‌ലാം വിവാഹത്തെ കാണുന്നത്. എന്നാല്‍, മുമ്പോട്ടുകൊണ്ടുപോവാന്‍ ഒരു നിലയ്ക്കും സാധ്യമല്ലെന്ന് ദമ്പതികള്‍ ഉറപ്പിക്കുന്ന ഘട്ടത്തില്‍ അവര്‍ക്കു മാന്യമായി പിരിയാന്‍ ഇസ്‌ലാം അവസരം നല്‍കുന്നു.
വൈവാഹികജീവിതം ദമ്പതികള്‍ക്കു ബന്ധനമായി മാറുമ്പോള്‍, അനുരഞ്ജനത്തിന്റെ എല്ലാ മാര്‍ഗങ്ങളും അടഞ്ഞുകഴിഞ്ഞാല്‍ മാത്രമാണ് വിവാഹമോചനം അഥവാ ത്വലാഖ് അനുവദിക്കപ്പെട്ടിരിക്കുന്നത്.
വിവാഹിതരായ ദമ്പതികളെ പരസ്പരം വസ്ത്രവും ശരീരവും പോലെയാണ് ഖുര്‍ആന്‍ കണക്കാക്കുന്നത്. അല്‍ബഖറ 187ല്‍ അവര്‍ നിങ്ങളുടെയും നിങ്ങള്‍ അവരുടെയും വസ്ത്രങ്ങളാണെന്ന്’ ഖുര്‍ആന്‍ ദമ്പതികളെ വിശേഷിപ്പിക്കുന്നു. ഇതേ അധ്യായം 228ല്‍ ‘സ്ത്രീകള്‍ക്കു ചില ബാധ്യതകളുള്ളപോലെ തന്നെ അവര്‍ക്കു ന്യായമായ ചില അവകാശങ്ങളുമുണ്ടെന്ന്’ പുരുഷന്‍മാരെ ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം ജീവിതത്തില്‍ പുരുഷന് സ്ത്രീയുടെ മേല്‍ ഒരല്‍പം മേല്‍ക്കൈയുണ്ടെന്നും ഉണര്‍ത്തുന്നു. ഇതു പക്ഷേ, സ്ത്രീസമൂഹത്തെ ചൂഷണം ചെയ്യാനുള്ള പദവിയല്ല. കുടുംബജീവിതത്തില്‍ കാര്യങ്ങള്‍ നേരാംവണ്ണം ചുമതലാബോധത്തോടെ നിര്‍വഹിക്കപ്പെടാനുള്ള ഉത്തരവാദിത്തം ഒരാളില്‍ നിക്ഷിപ്തമാക്കുക എന്ന അര്‍ഥത്തിലാണ്.
ത്വലാഖിനുള്ള അധികാരം പുരുഷനാണ്. ഭാര്യ വിവാഹമോചിതയാണെന്ന് അര്‍ഥം വരുന്ന വാചകം രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ ഉച്ചരിച്ചോ എഴുത്തു വഴിയോ ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്നതിനെയാണ് ത്വലാഖ് എന്നു പറയുന്നത്. ഇങ്ങനെ ഒരുവട്ടം ത്വലാഖ് ചൊല്ലിയാല്‍ പിന്നീട് മൂന്നുമാസം കഴിഞ്ഞേ ഭാര്യക്ക് മറ്റൊരു വിവാഹത്തിലേര്‍പ്പെടാന്‍ പാടുള്ളൂ. ഈ കാലത്ത് ഭര്‍ത്താവിന്റെ ചെലവില്‍, ഭര്‍ത്താവിന്റെ വീട്ടില്‍ ഭാര്യക്കു താമസിക്കാം. ഈ ഘട്ടത്തില്‍ ഇരുവര്‍ക്കും മനംമാറ്റമുണ്ടായാല്‍ ഭാര്യയെ തിരിച്ചെടുത്ത് ദാമ്പത്യജീവിതം തുടരാന്‍ ഇസ്‌ലാമില്‍ അനുവാദമുണ്ട്. ത്വലാഖ് മൂന്നു ഘട്ടങ്ങളിലാക്കുന്നതുകൊണ്ട് ഈ സൗകര്യം ലഭിക്കുന്നു. മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലുന്നതിനെയാണ് ഇന്നു മുത്വലാഖ് എന്നു വ്യവഹരിക്കുന്നത്. മൂന്ന് ത്വലാഖും ഒരുമിച്ചുചൊല്ലിയാല്‍ ഭാര്യയെ മൂന്നുമാസത്തെ ഇദ്ദ ഘട്ടത്തില്‍ തിരിച്ചെടുക്കാനുള്ള അനുവാദം ഇല്ലാതാവുന്നു.
ത്വലാഖിനെ കുറ്റമോ പാപമോ ആയി മതം കാണുന്നില്ല. എന്നാല്‍ മുത്വലാഖിനെ ത്വലാഖിനേക്കാള്‍ മോശമായാണ് മതം കാണുന്നത്. അതു കുറ്റകരമാണ്. ഇത് അറിഞ്ഞുകൊണ്ട് മൂന്നു ത്വലാഖും ഒന്നിച്ചുചൊല്ലിയാല്‍ വിവാഹബന്ധം പൂര്‍ണമായും വേര്‍പിരിയുക തന്നെ ചെയ്യുന്നതാണ്. സുന്നീ കര്‍മശാസ്ത്രത്തിലെ നാലു മദ്ഹബുകളും ഇക്കാര്യത്തില്‍ യോജിച്ചിരിക്കുന്നു. ഖലീഫാ ഉമറിന്റെ വിധിതീര്‍പ്പാണ് അതിനാധാരം.
ഇസ്‌ലാമിക ശരീഅത്തും 1937ലും മറ്റുമായി ബ്രിട്ടിഷുകാര്‍ നിര്‍മിച്ച മുഹമ്മദന്‍ ലോയും തമ്മില്‍ വലിയ അന്തരമുണ്ടെന്നു പറഞ്ഞ് ചിലര്‍ ഖുര്‍ആന് അനുഗുണമായി മുഹമ്മദന്‍ ലോ തിരുത്തിയെഴുതണമെന്ന് വാദിക്കുന്നുണ്ട്. ബ്രിട്ടിഷുകാര്‍ മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ക്രോഡീകരിച്ചത് ഖുര്‍ആന്‍ അവലംബമാക്കിയല്ലെന്നും ചില ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പരിഭാഷകള്‍ ആധാരമാക്കിയാണെന്നും ഇവര്‍ വാദിക്കുന്നു. ബുര്‍ഹാനുദ്ദീന്‍ മര്‍ഖീനാനി എഴുതിയ ‘ഹിദായ’ എന്ന ഗ്രന്ഥത്തിന് ചാള്‍സ് ഹാമില്‍ട്ടന്‍ എന്ന ഇംഗ്ലീഷുകാരന്‍ എഴുതിയ പരിഭാഷയും മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ നിര്‍ദേശപ്രകാരം ശെയ്ഖ് നിസാം ബുര്‍ഹാന്‍പൂരി തയ്യാറാക്കിയ ‘ഫതാവാ ആലംഗീരി’ എന്ന ഗ്രന്ഥത്തിന് ബെയ്‌ലി എന്ന ഇംഗ്ലീഷുകാരന്‍ തയ്യാറാക്കിയ പരിഭാഷയുമാണ് സുന്നീ നിയമങ്ങള്‍ക്ക് ആധാരം. അതുപോലെ നജ്മുദ്ദീന്‍ ഹില്ലിയുടെ ‘ശറാഇഉല്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തിന് ബെയ്‌ലി എഴുതിയ പരിഭാഷയാണ് ശിയാ നിയമത്തിന് അവലംബം. ഭാര്യക്ക് ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഫസ്ഖ്, ഖുല്‍അ് തുടങ്ങിയ മാര്‍ഗങ്ങള്‍ മുഹമ്മദന്‍ ലോ അംഗീകരിക്കുന്നുണ്ട്. വൈവാഹികജീവിതത്തില്‍ ഇസ്‌ലാമിക നിയമങ്ങളെപ്പോലെ മഹത്തരവും സന്തുലിതവും ശാസ്ത്രീയവുമായ മറ്റൊരു നിയമം ലോകത്തില്ലെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss