|    Jul 18 Wed, 2018 2:31 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ത്വരീഖത്ത് ആസ്ഥാനത്തെ സര്‍വമത സൗഹാര്‍ദ സമ്മേളനം: മുഖ്യമന്ത്രി പങ്കെടുക്കുന്നത് വിവാദത്തില്‍

Published : 10th September 2017 | Posted By: mi.ptk

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: ഒട്ടേറെ ആരോപണങ്ങള്‍ക്കു വിധേയമായ ത്വരീഖത്ത് ആസ്ഥാനത്തെ സര്‍വമത സൗഹാര്‍ദ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നതു വിവാദത്തില്‍. വേങ്ങാട് ത്വരീഖത്ത് എന്നറിയപ്പെടുന്ന കൂത്തുപറമ്പിനടുത്ത വേങ്ങാട് ഹുവല്‍ ഖദീര്‍ സില്‍സിലത്തുല്‍ ഖാദിരിയ്യ ത്വരീഖത്ത് നടത്തുന്ന സര്‍വമത സൗഹാര്‍ദ സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഒമ്പതാമത് ഉറൂസെ-ഉപ്പാവയുടെ ഭാഗമായിട്ടാണ് സമ്മേളനം. ഇരുവിഭാഗം സുന്നി സംഘടനകള്‍, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളും ചില ത്വരീഖത്ത് പ്രസ്ഥാനങ്ങളും മഹല്ല് കമ്മിറ്റി ഉള്‍പ്പെടെയുള്ളവരും തള്ളിപ്പറയുകയും പലപ്പോഴായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത ദുരൂഹതകള്‍ ഏറെയുള്ള സ്ഥാപനമാണ് വേങ്ങാട് ത്വരീഖത്ത് ആസ്ഥാനം. ഇസ്്‌ലാമുമായി ബന്ധമില്ലാത്ത പലതും നടക്കുന്നുവെന്ന് കാട്ടിയാണ് മുസ്‌ലിം സംഘടനകള്‍ ഇതിനെ കാലങ്ങളായി എതിര്‍ത്തുപോന്നിരുന്നത്. ത്വരീഖത്ത് ആസ്ഥാനത്തെ പ്രമുഖനെതിരേ മൂന്നു വര്‍ഷം മുമ്പ് ലൈംഗിക ആരോപണം ഉയരുകയും കണ്ണൂര്‍ ജില്ലാ പോലിസിനു പരാതി ലഭിക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ സ്ഥാപകനായ കല്ലായി അബ്ദുല്ല ഷാ ഖാദിരിയുടെ ബന്ധുവായ യുവതി കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ ഹരജിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയും ചെയ്തിരുന്നു. ജില്ലാ പോലിസ് മേധാവിക്കു നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കാത്തതിനെ തുടര്‍ന്നാണ് അഡ്വ. ജോണ്‍ സെബാസ്റ്റ്യന്‍ മുഖേനയാണ് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് പരാതിക്കാരിയെ തട്ടിക്കൊണ്ടുപോവാന്‍ ഭര്‍ത്താവും കൂട്ടാളികളും ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പരിസരവാസികള്‍ ഇവരെ പോലിസില്‍ ഏല്‍പിച്ചെങ്കിലും നിസ്സാര വകുപ്പുകള്‍ പ്രകാരം കേസെടുത്തു ജാമ്യത്തില്‍ വിടുകയായിരുന്നു. ത്വരീഖത്ത് കേന്ദ്രത്തിലുള്ളവരുടെ ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധമാണ് കേസൊതുക്കിയതിനു പിന്നിലെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയും എസ്‌കെഎസ്എസ്എഫ് അടക്കമുള്ള വിവിധ സംഘടനകളും അന്നു രംഗത്തെത്തിയിരുന്നു. സിപിഎം ആള്‍ദൈവങ്ങളെന്ന് ആക്ഷേപിച്ചു വിവിധ മന്ത്രവാദ ചികില്‍സാകേന്ദ്രങ്ങളിലേക്കും മറ്റും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ പരിപാടിയില്‍ മുഖ്യാതിഥിയായെത്തുന്നത്. ആള്‍ദൈവങ്ങളെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്നത് സിപിഎം നയങ്ങള്‍ക്കു വിരുദ്ധമാണെന്ന് അണികള്‍ക്കിടയിലും അഭിപ്രായമുയരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss