|    Apr 27 Fri, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ത്രിപുരയില്‍ സംഘപരിവാര അക്രമം തുടരുന്നു; കേന്ദ്രം ഇടപെട്ടു

Published : 7th March 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ തിരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് ആരംഭിച്ച അക്രമസംഭവങ്ങള്‍ തുടരുന്നു. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കു നേരെയും വീടുകള്‍ക്കും ഓഫിസുകള്‍ക്കും നേരെയുമാണ് സംഘപരിവാര ആക്രമണം നടക്കുന്നത്.
സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ ത്രിപുരയിലെ പോലിസും കേന്ദ്രസേനകളും പര്യാപ്തമാണെന്നു കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ക്രമസമാധാനം നിലനിര്‍ത്താനും സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാനും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവശ്യ ഇടപെടല്‍ ഉണ്ടാവണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഡിജിപിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തിയിരുന്നു.
സംസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ സംഘപരിവാരം വ്യാപക ആക്രമണം നടത്തുന്നതായി സിപിഎം നേതൃത്വം കഴിഞ്ഞദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അഗര്‍ത്തലയിലെ റോഡുകള്‍ തടഞ്ഞ് ബിജെപി-ഐപിഎഫ്ടി പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തുന്നതായി പരാതിയുണ്ട്. ഉച്ചത്തില്‍ പാട്ട് വച്ചുകൊണ്ടുള്ള വിജയാഘോഷം പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിച്ചു. 500ഓളം സിപിഎം പ്രവര്‍ത്തകര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരുടെയോ അനുഭാവികളുടെയോ 1500ലധികം വീടുകളും ആക്രമിക്കപ്പെട്ടു. 136 സിപിഎം ഓഫിസുകള്‍ തീവയ്ക്കപ്പെട്ടതായും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
അതിനിടെ, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ രണ്ട് പ്രതിമകള്‍ അക്രമികള്‍ തകര്‍ത്തു. സൗത്ത് ത്രിപുര ജില്ലയിലെ ബെലോനിയയിലും സബ്‌റൂം മോട്ടോര്‍ സ്റ്റാന്റിലുമുള്ള പ്രതിമകളാണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പിഴുതത്. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
അതേസമയം, ഒരു സര്‍ക്കാര്‍ ചെയ്ത കാര്യം മറ്റൊരു സര്‍ക്കാരിന് തിരുത്താമെന്ന് പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തെക്കുറിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി ട്വീറ്റ് ചെയ്തു. മുമ്പ് ഇടതുസര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാജീവ് ഗാന്ധി അടക്കമുള്ളവരുടെ പ്രതിമ തകര്‍ക്കപ്പെട്ടതായി പറഞ്ഞാണ് തഥാഗത് റോയിയുടെ ട്വീറ്റ്.
ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍  രംഗത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss