|    Nov 17 Sat, 2018 10:34 pm
FLASH NEWS
Home   >  Editpage  >  Article  >  

ത്രിപുരയിലെ വാരിക്കുഴി: ഒരു മാര്‍ക്‌സിസ്റ്റ് സംവാദം

Published : 10th March 2018 | Posted By: kasim kzm

നാട്ടുകാര്യം –  കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ത്രിപുരയിലെ ഇരുട്ടടി കമ്മ്യൂണിസം ഭൂമുഖത്തുനിന്ന് ഇല്ലാതാവുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് പിന്തിരിപ്പന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആര്യബ്രാഹ്മണ കക്ഷിക്ക് കിട്ടിയ താമരയുടെ എണ്ണം നോക്കിയാല്‍ മ്മളെ അരിവാള്‍ അത്ര പിറകിലൊന്നുമല്ല. പിന്നെ ജയവും തോല്‍വിയുമെല്ലാം കമ്മ്യൂണിസത്തിന്റെ കൂടപ്പിറപ്പാണ്. രണ്ടടി പിന്നോട്ട്, ഒരടി മുന്നോട്ട് എന്ന ലെനിനിസ്റ്റ് ആപ്തവാക്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് മൂരാച്ചികള്‍ അറിയണം. ച്ചാല്‍ താമരവിജയം അന്തിമമല്ല. താമര നിറഞ്ഞ ആ വാരിക്കുഴി ഞങ്ങള്‍ അടയ്ക്കും. ച്ചാല്‍ ഏതുസമയവും ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. ഉയരും ഞാന്‍ നാടാകെ എന്ന സിനിമാപ്പേര് പറഞ്ഞാലും അധികമാവില്ല.
ത്രിപുരയില്‍ ഇടതുപക്ഷം തോറ്റതിന്റെ കാര്യവും കാരണവും വ്യാകരണവും മേല്‍പ്പറഞ്ഞ മാര്‍ക്‌സിസ്റ്റ് ആത്മചിന്തയില്‍ പതുങ്ങിനില്‍പ്പുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകനും അന്വേഷണാത്മക റിപോര്‍ട്ടില്‍ പൊതിഞ്ഞ് കള്ള് സൂക്ഷിക്കുന്നവനുമായ കോരന് തൃപ്തിയായിട്ടില്ല. ഇടതുപക്ഷം എന്തുകൊണ്ട് തോറ്റു? അതിന് ഉത്തരം തേടി, കോരന്‍ കള്ളുകുടിക്കാന്‍ പാഞ്ഞു.
ഷാപ്പില്‍ നല്ല തിരക്കുണ്ടായിരുന്നു. കള്ളു കുടിച്ച മുഖങ്ങള്‍ കോരന്‍ സൂക്ഷിച്ചുനോക്കി. എല്ലാം ഇടതുപക്ഷ സഹയാത്രികര്‍ തന്നെ. തോറ്റ ദുഃഖം മൂലം ഇടതുപക്ഷം ഇങ്ങനെ കള്ള് മോന്താന്‍ തുടങ്ങിയാല്‍ സംഗതി കിണാപ്പിലാവും, വിപ്ലവം മുടിയും എന്നു കോരന്‍ ആത്മഗതം പറഞ്ഞത് ആരും കേട്ടില്ല. കേട്ടിരുന്നുവെങ്കില്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ നാണിപ്പിക്കുന്ന മധുരമനോജ്ഞഗാനം ഷാപ്പില്‍ മുഴങ്ങുമായിരുന്നു.
കോരന്‍ മറ്റൊരു രഹസ്യവും കണ്ടുപിടിച്ചു. ത്രിപുരയില്‍ അഴിമതി തീരെയില്ലാത്ത കാംഗ്രസ് വട്ടപ്പൂജ്യമായിട്ടും ഒരു ഖദര്‍ധാരിക്കുപോലും ദുഃഖം വന്ന് കള്ളുകുടിക്കാന്‍ തോന്നിയില്ലെന്നോ? കഷ്ടം തന്നെ. ഇങ്ങനെ പോയാല്‍ കള്ളുഷാപ്പുകള്‍ പൂട്ടിപ്പോവുകയേ ഉള്ളൂ. ത്രിപുരയില്‍ ആര്യബ്രാഹ്മണകക്ഷിക്കാര്‍ മന്ത്രവാദം വഴി അധികാരം പിടിച്ചെങ്കിലും അവര്‍ കള്ളുകുടിച്ച് സന്തോഷിക്കുന്നില്ല. കേരളം കൂടി പിടിച്ചിട്ട് ഇഷ്ടംപോലെ കുടിച്ചു രസിച്ചോ എന്ന് പാര്‍ട്ടിയുടെ കരിന്താടി മൊയലാളി അവരോട് പറഞ്ഞിട്ടുണ്ടത്രേ. അതുവരെ ‘മോദി ഭരണം എന്തു രസം’ എന്നു മാത്രം ഉരുവിട്ടാല്‍ മതിയെന്ന കര്‍ക്കശ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അശരീരിയുണ്ട്.
കള്ള് തലയ്ക്കു പിടിച്ചപ്പോള്‍ കോരന്‍ ഷാപ്പില്‍ നിന്നിറങ്ങി, ആല്‍ത്തറയില്‍ പോയിരുന്ന് ആധുനിക കവിത ചൊല്ലി. അതുകേട്ട ഒരു ഇടതുപക്ഷ ബുദ്ധിജീവി താല്‍പര്യപൂര്‍വം കോരനരികിലണഞ്ഞു.
”താങ്കള്‍ മാധ്യമപ്രവര്‍ത്തകന്‍ മാത്രമല്ല, കവിത അരച്ചുകലക്കി പ്രാതലായി സേവിക്കുന്നവനാണെന്നും അറിഞ്ഞതില്‍ സന്തോഷം. ഞങ്ങളുടെ അടുത്ത കവിയരങ്ങിന് താങ്കള്‍ അധ്യക്ഷത വഹിക്കണം.”
”അതായത് ഭരണവും കവിതയും ഒന്നിച്ചുകൊണ്ടുപോവുക എന്നാണോ ഇടതുപക്ഷത്തിന്റെ തന്ത്രം?”
”ഭരണം പോയാലും കവിത നിലനില്‍ക്കും. യഥാര്‍ഥത്തില്‍ കവിതയാണ് കേരളത്തെ നിലനിര്‍ത്തുന്നത്. കുരീപ്പുഴ ശ്രീകുമാറും അദ്ദേഹത്തിന്റെ കവിതകളുമാണല്ലോ കുറേ ദിവസം ഭരണം നിലനിര്‍ത്തിയത്!”
”അപ്പോള്‍ ത്രിപുരയില്‍ പാര്‍ട്ടി എന്തുകൊണ്ട് തോറ്റു? അവിടെ കവികള്‍ ഇല്ലെന്നാണോ കരുതേണ്ടത്.?”
”എന്നല്ല. പ്രതിക്രിയാവാദികളും പിന്തിരിപ്പന്മാരും തമ്മിലുള്ള അന്തര്‍ധാര അവിടെ സജീവമായിരുന്നു.”
”സത്യന്‍ അന്തിക്കാടിന്റെ സന്ദേശം സിനിമ ഞാനും കണ്ടിട്ടുണ്ട്. മൗലികത വല്ലതും കൈയിലുണ്ടെങ്കില്‍ വാ തുറന്നാല്‍ മതി.”
”ഞാന്‍ അതിലേക്കാണു വരുന്നത്. ഏതിലും ഒരു തുടക്കം ആവശ്യമാണല്ലോ! ആദ്യമേ ഒരു കാര്യം പറയാം. ആര്യബ്രാഹ്മണ വര്‍ഗീയ കോമരങ്ങളുടെ അഴിഞ്ഞാട്ടംകൊണ്ടല്ല അവിടെ പാര്‍ട്ടി തോറ്റത്. ഇടതുപക്ഷത്തെ വര്‍ഗസമരത്തിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിച്ചതാണ് അവിടത്തെ തോല്‍വി. ച്ചാല്‍ ഇത്തവണ പാര്‍ട്ടി തോല്‍ക്കുമെന്നതു കട്ടായമായിരുന്നു.”
കോരന്‍ ദയനീയമായി ബുദ്ധിജീവിയുടെ മുഖത്തുനോക്കി പറഞ്ഞു: ”ദയവായി ദുര്‍ഗ്രഹത വെടിയണം. ആധുനികതയ്ക്ക് ഇപ്പോള്‍ ഡിമാന്‍ഡില്ല. ആശയം വ്യക്തമാക്കി തൊള്ളതുറന്നു പറയുന്നതാണ് പരമ്പരാഗത മാര്‍ക്‌സിസ്റ്റ് സംവാദരീതി.”
ബുദ്ധിജീവി, അരയില്‍ തിരുകിയ ഒരു കുപ്പി കള്ള് ഒറ്റയടിക്കു മോന്തി യുദ്ധസജ്ജനായി.
”വര്‍ഗീയ ഫാഷിസത്തിനെതിരേ ക്ഷീണിച്ച കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന് യെച്ചൂരി കോമ്രേഡ് വാദിച്ചത് ചരിത്രമാണല്ലോ. എന്നാല്‍, പാലക്കാടന്‍ പ്രമാണി കരാട്ടെ പ്രകാശന് അതിനോട് യോജിപ്പില്ല. ഇന്ത്യയില്‍ ഫാഷിസമില്ലെന്നും ആര്‍എസ്എസ് ഫാഷിസ്റ്റ് സംഘടനയല്ലെന്നും ആശാന്‍ ഗവേഷണം നടത്തി കണ്ടുപിടിച്ചതും ബഡാ വാര്‍ത്തയായല്ലോ!”
കോരന്‍ കൈകള്‍ കൂട്ടിത്തിരുമ്മി ഉറക്കെ ചോദിച്ചു: ”അതുകൊണ്ടെന്ത്? ബുദ്ധിയില്ലാത്ത ബുദ്ധിജീവിയായ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?”
”കരാട്ടെ പ്രകാശനെ ഒരു പാഠം പഠിപ്പിക്കാന്‍ ത്രിപുരയിലെ വലിയൊരുവിഭാഗം കോമ്രേഡുകള്‍ ദുര്‍മന്ത്രവാദം ഒരുക്കിയതിന്റെ ഫലമായിട്ടാണ് അവിടെ താമര വിരിഞ്ഞത്. ഇപ്പോള്‍ ഫാഷിസം ഒരു യാഥാര്‍ഥ്യമാണെന്ന് പ്രകാശന് മനസ്സിലായിട്ടുണ്ട്.”
കോരന്റെ വയറ്റിലെ കള്ള് പെട്ടെന്നിറങ്ങി. ഷാപ്പിലേക്ക് വീണ്ടും നടക്കവെ കോരന്‍ ഉറക്കെ ആത്മഗതം ചെയ്തു: ”ലെനിന്‍ പ്രതിമ തകര്‍ത്തതും കരാട്ടെ പ്രകാശനെ ഒതുക്കാന്‍ ഇറങ്ങിയ യെച്ചൂരി പക്ഷത്തിന്റെ പണിയാവുമോ ബലാലേ?”        ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss