|    May 26 Fri, 2017 1:35 am
FLASH NEWS

ത്രിതല പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായില്ല

Published : 23rd August 2016 | Posted By: SMR

മാനന്തവാടി: ത്രിതല പഞ്ചായത്തുകളുടെ 2016-17 വര്‍ഷത്തെ പദ്ധതി അംഗീകാരത്തിനായി സര്‍ക്കാര്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും രേഖകള്‍ സമര്‍പ്പിച്ചില്ല. പദ്ധതികളുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത് ജില്ലയില്‍ ഒരു തദ്ദേശസ്ഥാപനം മാത്രം.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മാത്രമാണ് ആസൂത്രണ സമിതിക്ക് മുന്നില്‍ പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ആഗസ്ത് 20 വരെ ഓണ്‍ലൈനിലൂടെ ഡിപിസിക്ക് സമര്‍പ്പിക്കാനും 23നു മുമ്പായി അംഗീകാരം നേടാനുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. സുലേഖ സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യാനായിരുന്നു നിര്‍ദേശം. 20ന് രാത്രിയോടെ ഓണ്‍ലൈന്‍ ഓഫാക്കുകയും ചെയ്തു. 23നു ലഭിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ആസൂത്രണസമിതി യോഗം ചേരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തദ്ദേശസ്ഥാപനങ്ങള്‍ ഭൂരിഭാഗവും പദ്ധതി സമര്‍പ്പിക്കാതായതോടെ ഇന്നലെ രാവിലെ സൈറ്റ് വീണ്ടും തുറന്നു. എന്നാല്‍, മൂന്നോ നാലോ സ്ഥാപനങ്ങള്‍ക്കു മാത്രമേ പദ്ധതി സമര്‍പ്പിക്കാനാകൂവെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ പറഞ്ഞു. ഓരോ പദ്ധതികളും വകുപ്പ് തല ഉദ്യോഗസ്ഥര്‍ അംഗീകാരം നല്‍കിയതിന് ശേഷമാണ് ആസൂത്രണ സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടത്.
23 ഗ്രാമപ്പഞ്ചായത്തുകള്‍, നാലു ബ്ലോക്ക് പഞ്ചായത്തുകള്‍, മൂന്നു മുനിസിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്ത് എന്നിവയാണ് ജില്ലയില്‍. ഡാറ്റാ എന്‍ട്രി സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുന്നതിലുള്ള സാങ്കേതിക തടസ്സവും സോഫ്റ്റ്‌വെയറിന്റെ വേഗതക്കുറവുമാണ് പദ്ധതി സമര്‍പ്പണത്തിന് തടസ്സമായതായി പറയപ്പെടുന്നത്. കൂടാതെ പദ്ധതി രൂപീകരണവുമായി സര്‍ക്കാര്‍ ഇടയ്ക്കിടെ മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റിയതും കാലതാമസത്തിനിടയാക്കിയിട്ടുണ്ട്. പദ്ധതികള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കിയില്ലെങ്കില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവുമെന്നാണ് വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day