|    Jan 23 Mon, 2017 1:57 pm
FLASH NEWS

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; പരിഹസിച്ചും പ്രകോപിച്ചും നേതാക്കള്‍

Published : 25th October 2015 | Posted By: SMR

കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച പാര്‍ടി നേതാക്കളുടെ മീറ്റ് ദ പ്രസ് പരിപാടിയില്‍ കടുത്ത വാദ പ്രതിവാദം. സി.പി.എമ്മിന് വേണ്ടി ജില്ലാ സെക്രട്ടറി പി മോഹനനും കോണ്‍ഗ്രസ്സിന് വേണ്ടി ഡിസിസി പ്രസിഡന്റ് കെ സി അബുവും മുസ്‌ലീംലീഗിന് വേണ്ടി ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും സിപിഐക്കു വേണ്ടി ജില്ലാ സെക്രട്ടറി ടി വി ബാലനും ബിജെപിക്കു വേണ്ടി ജില്ലാ പ്രസിഡന്റ് പി രഘുനാഥുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ജില്ലയുടെ വികസനത്തിന് പ്രധാന തടസം സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാണെന്നു പി മോഹനന്‍ ആമുഖമായി തന്നെ പറഞ്ഞു. കോഴിക്കോട് വിമാനത്താവളം, മോണോ റെയില്‍, ബേപ്പൂര്‍ തുറമുഖം, കൊയിലാണ്ടി ഹാര്‍ബര്‍, നഗരവികസനം തുടങ്ങി വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു.
ജില്ലയില്‍ തൊഴിലുകള്‍ ഉണ്ടാക്കുന്ന പദ്ധതികളൊന്നും സര്‍ക്കാരിന് കൊണ്ടുവരാനായില്ല. രാജ്യത്തെ സാമൂഹികാന്തരീക്ഷം അനുദിനം മോശമായി വരികയാണ്. വിഭാഗീയത വളര്‍ത്തുകയാണ് രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ സമരമായാണ് കാണുന്നത്. കോര്‍പറേഷനില്‍ ഏഴു വാര്‍ഡു മാത്രവും അഞ്ച് ഗ്രാമപ്പഞ്ചായത്ത് മാത്രവും ജില്ലാ പഞ്ചായത്തില്‍ മൂന്നു പേര്‍ മാത്രവും ജയിച്ച 2005ലെ തിരഞ്ഞെടുപ്പിന് സമാനമായ തോല്‍വിയായിരിക്കും യുഡിഎഫ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
2010നേക്കാള്‍ വലിയ നേട്ടമാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കുകയെന്നായിരുന്നു കെ സി അബുവിന്റെ മറുപടി. കോഴിക്കോടിനെയും ജാതിമതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നു ടി വി ബാലന്‍ പറഞ്ഞു. കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഇത്തവണ 60ലേറെ സീറ്റു നേടും.
സൗത്ത് മണ്ഡലം എംഎല്‍എയായ ഡോ. എം കെ മുനീര്‍ മണ്ഡലത്തിന് വേണ്ടി എന്താണ്‌ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫ് ഭരണം മടുത്ത ജനങ്ങള്‍ കോര്‍പറേഷനും മുനിസിപ്പാലിറ്റികളും ഗ്രാമപ്പഞ്ചായത്തുകളും ബ്ലോക്കുകളും ജില്ലാ പഞ്ചായത്തുകളുമെല്ലാം യുഡിഎഫിന് നല്‍കുമെന്നു ഉമ്മര്‍പാണ്ടികശാല പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണെന്നാണ് പി രഘുനാഥ് പറഞ്ഞത്.
ആര്‍എംപി യുഡിഎഫിന്റെ സഹായത്താലാണ് പ്രവര്‍ത്തിക്കുന്നതെന്നു ഒരു ചോദ്യത്തിന് മറുപടിയായി പി മോഹനന്‍ ആരോപിച്ചു. ആര്‍എംപിയെ പോറ്റിവളര്‍ത്തുന്നത് കോണ്‍ഗ്രസ്സും യുഡിഎഫുമാണ്. എടച്ചേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന പേരില്‍ ടി വി ചിഹ്നത്തില്‍ മല്‍സരിക്കുന്ന പ്രമീള ആര്‍എംപിക്കാരിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയുണ്ടായിരുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ ഏറാമലയില്‍ നാലു വാര്‍ഡില്‍ ആര്‍എംപിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയില്ല. മരുതോങ്കരയിലെ 10ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചത് എന്തിനാണ്.
ഫറോഖിലും ഒഞ്ചിയത്തുമെല്ലാം ഇതു സംഭവിച്ചു. സിപിഎമ്മിനോ ഇടതുമുന്നണിക്കോ എസ്ഡിപിഐയുമായും വെല്‍ഫെയര്‍ പാര്‍ടിയുമായും യാതൊരുവിധ സഖ്യമില്ലെന്നും പി മോഹനന്‍ പറഞ്ഞു. ജനതാദള്‍ യൂനൈറ്റഡ് അഞ്ചിടത്ത് എല്‍ഡിഎഫുമായി സഹകരിച്ചാണ് മല്‍സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തുടര്‍ന്ന് വിവിധ പഞ്ചായത്തുകളെ ജാതി മതാടിസ്ഥാനത്തില്‍ യുഡിഎഫ് വിഭജിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വലിയ തര്‍ക്കം നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക