|    Jun 18 Mon, 2018 10:55 pm

ത്യാഗോജ്വല സേവനത്തിന് കെ ആര്‍ രവിക്ക് ദേശീയ ബഹുമതി

Published : 7th November 2016 | Posted By: SMR

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: സാമൂഹികസേവന രംഗത്ത് സ്തുത്യര്‍ഹമായ നാല് പതിറ്റാണ്ട് പിന്നിടുന്ന കെ ആര്‍ രവിക്ക് ദേശീയ അംഗീകാരം.കുട്ടികളുടെ ക്ഷേമത്തിനായുള്ള ദേശീയ പുരസ്‌കാരമാണ് ഇദ്ദേഹത്തിനു ലഭിച്ചത്. 14ന് രാഷ്ട്രപതീഭവനില്‍വച്ച് പുരസ്‌കാരം നല്‍കും. ഒരുലക്ഷം രൂപയും ഫലകവുമാണ് അവാര്‍്ഡ് ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫിസറായി വിരമിച്ചതിനു ശേഷം 63ാം വയസ്സിലും വിശ്രമമില്ലാതെയുള്ള സാമുഹിക പ്രവര്‍ത്തനമാണ് ദേശീയ അംഗീകാരത്തിനായി അദ്ദേഹത്തെ എത്തിച്ചത്. കോട്ടയത്തുകാരനായ രവി ആരോഗ്യ വകുപ്പ് ജീവനക്കാരനായാണ് മലപ്പുറത്തെത്തുന്നത്. പ്രവര്‍ത്തന മേഖലയാവട്ടെ, കുഷ്ഠരോഗികള്‍ക്കിടയിലും. കുഷ്ഠരോഗം ദൈവകോപത്തിന്റെ ഫലമാണെന്നും രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തണമെന്നും സമൂഹം വിശ്വസിച്ചിരുന്ന കാലം. അതുകൊണ്ടു തന്നെ പ്രതിസന്ധികള്‍ മാത്രമായിരുന്നു ആ കാലത്ത് കൂട്ടിന്.
എന്തു സംഭവിച്ചാലും രോഗം ബാധിച്ചവര്‍ക്ക് ചികില്‍സ നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, ശുശ്രൂഷിക്കാന്‍ കടന്നുവരുന്നവരെ ഭയത്തോടെ മാത്രമായിരുന്നു രോഗികളും കണ്ടിരുന്നത്. തങ്ങളെ കൊല്ലാന്‍ വരുന്നവരാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് അവര്‍ ഭയന്നു. ഇത്തരം അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും സേവനപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചെങ്കിലും തളര്‍ന്ന് പിന്മാറാന്‍ രവി തയ്യാറായില്ല. തന്നെ കണ്ട് ഓടി മാറുന്ന രോഗികളെയും ആട്ടിയോടിക്കുന്ന ബന്ധുക്കളെയും മാസങ്ങള്‍ക്കുള്ളില്‍ കരവലയത്തില്‍ ചേര്‍ത്തു പിടിച്ച് വിസ്മയം സൃഷ്ടിക്കുകയായിരുന്നു കെ ആര്‍ രവിയെന്ന യുവ ഉദ്യോഗസ്ഥന്‍. അതിന് അദ്ദേഹം സ്വീകരിച്ച ത്യാഗോജ്ജ്വല മാര്‍ഗങ്ങള്‍ കേട്ടാല്‍ ഇന്നത്തെ തലമുറ വിശ്വസിച്ചെന്നു വരില്ല. തന്റെ ശമ്പളത്തിന്റെ നല്ലൊരു വിഹിതം രോഗികള്‍ക്കു വേണ്ടി അദ്ദേഹം മാറ്റിവച്ചു. ചികില്‍സ തേടിയെത്തുന്നവര്‍ക്ക് ചെറിയ തുകകള്‍ അടങ്ങിയ കിഴിയും വാങ്ങി പോവാം. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണവും നല്‍കി ആ ബന്ധം ഊട്ടിയുറപ്പിച്ചു. ഇതോടെ, പുലഭ്യം പറഞ്ഞവരൊക്കെ”രവി സാറ്”എന്നു വിളിച്ച് അടുത്തുകൂടി. തങ്ങളുടെ രോഗം മാറ്റുന്നതിനു വേണ്ടി സ്വന്തം ശമ്പളമാണ് ആ ഉദ്യോഗസ്ഥന്‍ തന്നതെന്ന് അറിഞ്ഞപ്പോള്‍ ഗ്രാമവാസികളുടെയും കണ്ണ് നിറഞ്ഞു. ക്രമേണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. കെ ആര്‍ രവി തുടര്‍ന്നു കൊണ്ടിരുന്ന ശ്ലാഘനീയ പ്രവര്‍ത്തനങ്ങള്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കി. പ്രവര്‍ത്തനത്തില്‍ പിന്നാക്കം നിന്ന പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മേലുദ്യോഗസ്ഥര്‍ രവിയുടെ സേവനം പ്രയോജനപ്പെടുത്തി. കൂടുതലും ആദിവാസി മേഖലകളിലാണ് കെ ആര്‍ രവിയെന്ന ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ഉപയോഗിച്ചത്. ആദിവാസി മേഖലയിലെ ഏറ്റവും വലിയ സാമൂഹിക പ്രവര്‍ത്തകനാണ് ഇന്ന് കെ ആര്‍ രവി. ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പെരിന്തല്‍മണ്ണയില്‍ സ്ഥാപിതമായ സായി സ്‌നേഹതീരം എന്ന സംരഭം മുന്നില്‍ നിന്നുനയിക്കുന്നത് കെ ആര്‍ രവിയാണ്. പ്രതിമാസം ഒന്നരലക്ഷത്തിലധികം രൂപ ദൈനംദിന പ്രവര്‍ത്തനങ്ങശക്ക് ചെലവു വരുന്ന ഈ സ്ഥാപനം മുട്ടില്ലാതെ മുന്നോട്ടുപോകുന്നത് തന്നെ കെ ആര്‍ രവിയെന്ന സാമൂഹിക പ്രവര്‍ത്തകന്റെ വിശ്വാസ്യതയുടെ അടയാളമാണ്. അഭ്യുദയകാംക്ഷികളുടെ അകൈതവമായ സഹകരണമാണ് ഈ സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ട്. ഒന്ന് മുതല്‍ പഌസ്ടു വരെ കഌസുകളില്‍ പഠിക്കുന്ന 53 ആദിവാസി കുട്ടികള്‍ക്കും ഇവിടം സ്വര്‍ഗം തന്നെയാണ്. സായി സ്‌നേഹതീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ സുപ്രസിദ്ധ സാമൂഹിക പ്രവര്‍ത്തക ദയാഭായ് കഴിഞ്ഞ മാര്‍ച്ചില്‍് ഇവിടെ സന്ദര്‍ശിച്ചിരുന്നു. കര്‍മ മേഖലയില്‍ പ്രതിഫലേച്ഛയില്ലാതെസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ ആര്‍ രവിയെ തേടിയെത്തിയത് നാളിതുവരെ നൂറുകണക്കിന് അവാര്‍ഡുകളാണ്. ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകളെ മാനിച്ച് ഐഎംഎ യുടെ നേതൃത്വത്തിലും അദ്ദേഹത്തെ ആദരിച്ചു. അംഗീകാരങ്ങളുടെ നിറവില്‍ നില്‍ക്കുമ്പോഴും ഈ മുന്‍ അസിസ്റ്റന്ഡ് ലെപ്രസി ഓഫിസര്‍ കര്‍മ നിരതനാണ്. ഏറിയ ദൂരവും കാല്‍നടയായി സഞ്ചരിച്ച് നാട്ടുകാരുടെ ഏത് ആവശ്യങ്ങള്‍്ക്കും 24 മണിക്കൂറും ഓടിയെത്തുന്ന നാട്ടുകാരുടെ രവിയേട്ടന്‍ പെരിന്തല്‍മണ്ണ നഗരസഭയുടെ സ്വാന്തനം പുനരധിവാസ പദ്ധതിയുടെയും പെരിന്തല്‍മണ്ണ ഡയബറ്റിക് ക്ലബ്ബിന്റെയും സജീവ പ്രവര്‍ത്തകനാണ്.
ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടി ‘ധാരണ’ എന്ന പേരില്‍ കെ ആര്‍ രവി മുന്‍കൈ എടുത്ത് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ ആദ്യമായി മൊൈബല്‍ പോളിയോ ക്ലിനിക് എന്ന ആശയം നടപ്പാക്കിയതും ഇദ്ദേഹമാണ്.
എന്തിനും ഏതിനും നിഴലായി ഒപ്പം നില്‍ക്കുന്ന ഭാര്യയും ഒഴിവ് കിട്ടുമ്പോഴൊക്കെ അച്ഛനെ സഹായിക്കുന്ന മകളും അദ്ദേഹത്തിന്റെ സ്വകാര്യ സന്തോഷം തന്നെയാണ്. ഭാര്യ തങ്കമണി പെരിന്തല്‍മണ്ണ അസിസ്റ്റന്റ് രജിസ്റ്റാര്‍ ഓഫിസില്‍ നിന്ന് സീനിയര്‍ രജിസ്റ്റാറായി റിട്ടയേര്‍്ഡ് ചെയ്തു. മകള്‍ ആരതി പ്ലസ്‌വണ്ണിലും പഠിക്കുന്നു.പെരിന്തല്‍മണ്ണ മാനത്തുമംഗലം മനഴി കോളനിയാണ് ഇദ്ദേഹം താമസിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss