|    Apr 26 Thu, 2018 11:32 am
FLASH NEWS

തോല്‍വിയില്‍ ലീഗ്-കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ കടുത്ത നിരാശ

Published : 10th November 2015 | Posted By: SMR

ഈരാറ്റുപേട്ട: നഗരസഭാ തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങി ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെ ലീഗ്-കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ കടുത്ത നിരാശ. അരനൂറ്റാണ്ടിലേറെ കാലമായി ഭരിച്ചു വന്ന തെക്കന്‍ കേരളത്തിലെ ഏക പഞ്ചായത്ത് ആണ് ലീഗിന് നഷ്ടമായത്.
ലീഗ് എതിര്‍പ്പ് മറികടന്ന് നഗരസഭയായി ഉയര്‍ത്തിയതോടെ ലീഗ് താല്‍പ്പര്യം മുന്‍നിര്‍ത്തി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വാര്‍ഡ് വിഭജനം തങ്ങള്‍ക്ക് അനുകൂലമായി വിഭജിച്ച് വോട്ടേഴ്‌സ് ലിസ്റ്റില്‍ വ്യാപക ക്രമക്കേട് നടത്തിയതായി ആരോപണമുണ്ടായിരുന്നു. വോട്ടര്‍മാരെ തിരികിക്കയറ്റിയും എല്‍ഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ പേരു വ്യാപകമായി വെട്ടിനിരത്തിയും സമീപ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടും വോട്ടര്‍മാര്‍ കൈവിട്ടതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല.
മുനിസിപ്പാലിറ്റിയെ എതിര്‍ത്ത് നിന്നിട്ടും സര്‍ക്കാര്‍ നഗരസഭയായി ഉയര്‍ത്തിയതിനെതിരേ ലീഗ് പ്രവര്‍ത്തകര്‍ ചന്ദ്രിക പത്രം ആറ്റിലൊഴുക്കിയതും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ഫോട്ടോ എടുത്ത് ലീഗ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും അയച്ച് കൊടുത്തിരുന്നു. പാര്‍ട്ടി പത്രം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കത്തിച്ചതും ആറ്റിലൊഴുക്കിയതും കേരളത്തില്‍ തന്നെ ആദ്യ സംഭവമാണെന്നും ഇതു ചെയ്തവര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കണമെന്നു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ ലീഗ് നേതൃത്വം ചെയ്തത്. ഒടുവില്‍ നടപ്പായ മുനിസിപ്പാലിറ്റിയെ അംഗീകരിക്കേണ്ടിവന്ന ലീഗുകാര്‍ മുനിസിപ്പല്‍ ഭരണം പിടിച്ചെടുക്കാന്‍ ലീഗുകാരനായ പഞ്ചായത്ത് സെക്രട്ടറിയെ നിയമിച്ച് ഭരണം നേടാന്‍ ഹോം വര്‍ക്കുകള്‍ നടത്തി. തങ്ങളുടെ താല്‍പര്യ പ്രകാരം വാര്‍ഡ് വിഭജനം നടത്തി. തിരഞ്ഞെടുപ്പ് അവലോകനത്തിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഈരാറ്റുപേട്ടയില്‍ വന്നു ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാം ഭദ്രം ആണെന്നും വന്‍ഭൂരിപക്ഷത്തോടെ ലീഗ് ജയിച്ചുകയറുമെന്നും യുഡിഎഫ് സംവിധാനം ഇല്ലാതെ തന്നെ ലീഗ് ഒറ്റയ്ക്ക് മുനിസിപ്പാലിറ്റി ഭരിക്കുമെന്ന കണക്ക് നിരത്തി സമര്‍ഥിച്ചു.
പിന്നീട് വ്യാപാരഭവനില്‍ നടന്ന കണ്‍വന്‍ഷനില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് പങ്കെടുത്തിരുന്നു. എല്‍ഡിഎഫ്, എസ്ഡിപിഐ ഉറച്ച മേഖലകളില്‍ പോലും അട്ടിമറിക്കാന്‍ പാകത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ചിട്ടയോടെ പ്രവര്‍ത്തിച്ചെന്നായിരുന്നു വാദം. മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് അശ്‌റഫിനെ ഉയര്‍ത്തി കാട്ടിയാണു പ്രചാരണം നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ കൂട്ടിക്കിഴിക്കലിനുശേഷം ഭരണം കിട്ടുമെന്നായിരുന്നു ലീഗിന്റെ കണക്ക്. വോട്ടിങ് ശതമാനം ഉയര്‍ന്നത് ലീഗിന് അനുകൂലമായെന്നു പ്രചരിപ്പിച്ചു. എന്നാല്‍ പ്രതീക്ഷകളെ അട്ടിമറിച്ച് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ലീഗും കോണ്‍ഗ്രസ്സും കടുത്ത നിരാശയിലാണ്. ലീഗിന് നടയ്ക്കല്‍ മേഖലകളില്‍ ലഭിച്ചിരുന്ന വോട്ടില്‍ വിള്ളലുണ്ടായെന്നും കഴിഞ്ഞ കാലങ്ങളിലെ ഭരണം മടുത്ത് വോട്ടര്‍മാര്‍ എസ്ഡിപിഐയെയും എല്‍ഡിഎഫിനെയും തുണച്ചെന്നും പറഞ്ഞ് ലീഗ് കേന്ദ്രങ്ങള്‍ ഒഴിഞ്ഞുമാറുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss