|    Jun 25 Mon, 2018 7:13 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

തോല്‍പ്പാവക്കൂത്ത് രണ്ടാംഭാഗം

Published : 21st October 2016 | Posted By: SMR

slug-a-bകുറച്ചുദിവസങ്ങളായി കേരളത്തില്‍ ഒരു പാവക്കൂത്ത് നടക്കുന്നു. ഭരണകക്ഷിയും പ്രതിപക്ഷവും മാധ്യമങ്ങളുമാണ് കൂത്തുപാവകള്‍. ചരട് ജേക്കബ് തോമസ് എന്ന പോലിസുകാരന്റെ വിരല്‍ത്തുമ്പില്‍. സത്യത്തില്‍ ഈ ചരടുവലി തുടങ്ങിയിട്ട് ഒരു കൊല്ലത്തിലേറെയാവുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ നീരാടി നില്‍ക്കുകയാണ്. അഴിമതിവിരുദ്ധതയുടെ ഒറ്റമൂലിസ്വരൂപമായി ഈ പോലിസുകാരന്റെ രംഗാവതരണം. തട്ടുപൊളിപ്പന്‍ സിനിമാപ്പടങ്ങളില്‍ ചില സൂപ്പര്‍സ്റ്റാറുകളെ അവതരിപ്പിക്കുംമാതിരിയാണ് ഈ കഥാപാത്രത്തിന്റെയും ഇറക്കുമതി. മുനവച്ച ഡയലോഗ്, അപ്രമാദിത്വത്തിന്റെ പടുതി, ബാക്കിയുള്ളവരെല്ലാം അശ്രീകരങ്ങളെന്ന പൊതുമട്ട്, നാട്ടിലെ അഴിമതി തുടച്ചുനീക്കാനുള്ള പടക്കോപ്പും ധൈര്യവും തന്റെ കീശയിലാണെന്ന സൂചന, അതിനുപറ്റിയ മാനറിസങ്ങളുടെ വിന്യാസം മാധ്യമദ്വാരാ. ചുരുക്കത്തില്‍, ധീരശൂരപരാക്രമിയായ ഒരവതാരപുരുഷന്റെ പരിവട്ടം. ‘മാച്ചോ’ ബിംബങ്ങളുടെ ആരാധകരായ മധ്യവര്‍ഗത്തിന് ചേരുംപടി ചേരുന്ന ഒറ്റയാള്‍ രക്ഷകരൂപം. ഒട്ടും വൈകിയില്ല, മാധ്യമങ്ങള്‍ ബിംബത്തെ സൂപ്പര്‍സ്റ്റാറാക്കുന്നു, പുരസ്‌കരിക്കുന്നു. സാക്ഷാല്‍ മുഖ്യമന്ത്രിയെത്തന്നെ വിരട്ടിക്കൊണ്ട് അവതാരപുരുഷന്‍ ഈ ബിംബകല്‍പനയ്ക്ക് സാധൂകരണം നല്‍കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയെ കോടതി കയറ്റുമെന്ന് ഒരു സര്‍ക്കാര്‍ ഗുമസ്തന്‍ പരസ്യമായി ഭീഷണിപ്പെടുത്തിയപ്പോള്‍ സുരേഷ്‌ഗോപിപ്പടം നുകരുന്ന സുഖമാണ് മധ്യവര്‍ഗ കോറസ് ആഘോഷിച്ചത്. തന്നെ കൂത്തുപാവയാക്കുകയാണെന്ന് ഉമ്മന്‍ചാണ്ടിയും വേണ്ടത്ര തിരിച്ചറിഞ്ഞില്ല. അഴിമതിയുടെ പത്മവ്യൂഹത്തില്‍ ശരംതടുക്കാന്‍ പാടുപെടുകയായിരുന്നല്ലോ ടിയാന്‍.
അഴിമതിഭരണത്തിനെതിരേ സല്‍ഭരണം വാഗ്ദാനം ചെയ്ത് സഖാക്കള്‍ അധികാരത്തിലേറി. ‘എല്ലാം ശരി’പ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി നമ്മുടെ കഥാപുരുഷനെ പിടിച്ച് വിജിലന്‍സ് മൂപ്പനാക്കുന്നു. ആള്‍ക്കൂട്ടസംസ്‌കാരത്തിന്റെ പ്രീതിഭാവനകള്‍ക്കു കൃത്യമായി രുചിക്കുന്ന പ്രതിഷ്ഠ. ഞങ്ങളിതാ അഴിമതിക്കാരെ പിടിക്കാന്‍ കിടുവയെത്തന്നെ വയ്ക്കുന്നു എന്ന സന്ദേശം. കിടുവ നേരംകളയാതെ അഴിമതിക്കടുവകളെ പിടിക്കാന്‍ വലവീശുന്നു. ഭൂതകാല ചെയ്തികള്‍ക്ക് ചുവപ്പുകാര്‍ഡ്, വര്‍ത്തമാനകാലത്തിനായി മഞ്ഞക്കാര്‍ഡ് എന്നുവേണ്ട ടിവി കാമറയ്ക്കു മുന്നില്‍ അക്ഷരാര്‍ഥത്തിലായിരുന്നു പ്രയോഗങ്ങള്‍.
കിടുവാകളി ആരോഹണം ചെയ്തു തുടങ്ങിയതും, ഒരു മന്ത്രിപ്രമുഖന് രാജിവയ്‌ക്കേണ്ടിവരുന്നു. സ്വജനപക്ഷപാതം എന്ന അഴിമതി. അവിടെയാണ് ക്യാച്ച്. ആദര്‍ശപുരുഷനാണെങ്കില്‍ മുന്‍മന്ത്രിയും നിലവിലെ മന്ത്രിയുമൊക്കെ തുല്യം. എന്നുകരുതി, തന്നെ കിടുവാസ്ഥാനത്ത് അവരോധിച്ചവരെ എങ്ങനെ നിര്‍മ്മമമായി നേരിടും? കേസുകെട്ട് ലോകായുക്തയിലേക്കു തള്ളിവിട്ട് കേവലമായ ഒരു ഭരണപ്പിഴവാക്കി ലഘൂകരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ഭരണകക്ഷിയോട്, അതല്ല ഞാനിപ്പം ശരിപ്പെടുത്തിത്തരാം എന്നു പറയാനൊക്കുമോ? മന്ത്രിയെ വെറുതെവിട്ടാല്‍ സ്വന്തം പ്രതിച്ഛായ കുളമാവുകയും ചെയ്യും. ഈ ധര്‍മസങ്കടത്തിലേക്കാണ് സ്വന്തം കൂട്ടരില്‍നിന്നുള്ള തുരപ്പന്‍പണി. ഐഎഎസ്, ഐപിഎസ് ഭടശ്രേണിയിലെ അഴിമതിക്കടുവകള്‍ നമ്മുടെ കിടുവയുടെ പഴയൊരു കേസുകെട്ട് എടുത്തിടുന്നു. തുറമുഖവകുപ്പിലിരിക്കെ ടിയാന്‍ നടത്തിയ ചില ക്രമക്കേടുകള്‍. ധനകാര്യത്തിന്റെ മറ്റുചില ബോംബുകള്‍ വരാനിരിക്കുന്നു എന്ന സൂചനയും. നായകനെ വില്ലനാക്കുന്ന കലാപരിപാടി ഇമ്മാതിരി കടുവ-കിടുവ കളിയില്‍ പണ്ടേയുള്ള ഇനമാണ്. താമസംവിനാ ആ പഴുതില്‍ കയറിപ്പിടിക്കുന്നു പ്രതിപക്ഷം. പിന്നെ പതിവുപോലെ മാധ്യമസംവാദം. പ്രതിപക്ഷത്തിനും ഐഎഎസ് പടയ്ക്കുമാണ് സൂപ്പര്‍സ്റ്റാറിനെ പൊളിച്ചടുക്കേണ്ടത് അത്യാവശ്യമുള്ളത്. ഭരണകക്ഷി കാലക്രമേണ ഇതേ അത്യാവശ്യത്തിലേക്ക് എത്തിപ്പെടുമെന്നതിന്റെ സൂചനകള്‍ ഇപ്പോഴേയുണ്ട്. ഫലിതമെന്തെന്നാല്‍, ഇപ്പറഞ്ഞ ഒരുകൂട്ടര്‍ക്കും കിടുവയെ തള്ളിപ്പറയാന്‍ നിവൃത്തിയില്ല. പ്രതിപക്ഷം അതു ചെയ്താല്‍, അഴിമതിക്കേസില്‍പ്പെട്ട സ്വന്തക്കാരെ രക്ഷിക്കാനാണെന്ന വാദമുയരും, ജനക്ഷോഭമുണ്ടാവും. ഭരണകക്ഷി തള്ളിയാലും സമാന വികാരമുയരും. അതിലുപരി, അവരുടെ അഴിമതിവിരുദ്ധഭാവം വെള്ളത്തിലാവും. ബിജെപിയാവട്ടെ, ഈ രണ്ടു കൂട്ടരുടെയും ഒത്തുകളി എന്ന സ്ഥിരം പല്ലവി മുഴക്കും. ചുരുക്കത്തില്‍, ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്നു മാറ്റാന്‍ പറ്റാത്ത ചുറ്റുപാടിലാണ് സകലരും. ഇതാണ് കിടുവ നാട്ടിലെ കടുവകള്‍ക്കെല്ലാം കൂടി വച്ചിരിക്കുന്ന കെണി.
ജേക്കബ് തോമസിന്റെ ഭീഷണിക്ക് മാധ്യമങ്ങള്‍ കൊടുക്കുന്ന പരിഭാഷയാണ് കെങ്കേമം- ഈ ഉദ്യോഗസ്ഥന്‍ പോവുന്നതോടെ നാട്ടിലെ അഴിമതിവിരുദ്ധ കലാപരിപാടി കര്‍ട്ടനിടുമെന്ന്. ഈ പരിഭാഷ അഥവാ വ്യവഹാരധ്വനി തന്നെയാണ് സ്ഥാനത്യാഗഭീഷണിയുടെയും ചേതോവികാരം. ഒന്ന്, തനിക്കെതിരായ ആക്ഷേപങ്ങള്‍ മരവിപ്പിച്ചുകിട്ടുക. രണ്ട്, വിജിലന്‍സ് തലപ്പത്ത് സ്വാതന്ത്ര്യം വിപുലമാക്കിയെടുക്കുക.
ഈ പാവക്കൂത്തിനു കൈയടിക്കുന്ന പൊതുസമൂഹം സ്വയംവരിക്കുന്ന കാതലായ ഒരു മണ്ടത്തരമുണ്ട്, ജനാധിപത്യവിരുദ്ധതയും. ഭരണഘടന അവതരിപ്പിച്ചുകൊണ്ട് അംബേദ്കര്‍ ഇന്ത്യന്‍ പൗരാവലിക്കു നല്‍കിയ മൂന്നു പ്രശസ്തമായ മുന്നറിയിപ്പുകളുണ്ട്. അതില്‍ പ്രധാനം ഭരണകൂടത്തിന്റെ ഏതു സ്തംഭത്തിലും വ്യക്തിപൂജ പാടില്ലെന്നതാണ്. എത്ര മഹത്ത്വമുള്ളവനായാലും ആ വ്യക്തിയെ ഈ സ്തംഭങ്ങളില്‍ അനിവാര്യഘടകമായി കണ്ടുതുടങ്ങുന്നത് ജനാധിപത്യലക്ഷ്യങ്ങള്‍ക്ക് എങ്ങനെ വിഘാതമാവുമെന്നതിന് പില്‍ക്കാലം എത്രയോ ഉദാഹരണങ്ങളും നമുക്കു തന്നു. ഈ വ്യക്തിഭക്തിയുടെ ബാലിശമായ രൂപമാണ് സര്‍ക്കാര്‍ ചട്ടുകങ്ങള്‍ മാത്രമായ ചില ഉദ്യോഗസ്ഥരുടെ ജനപ്രീതി. ഇമ്മാതിരി ആരാധനാരോഗമുള്ള മധ്യവര്‍ഗങ്ങളും അവര്‍ക്ക് ദേഹണ്ഡം ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങളും ചേര്‍ന്നുണ്ടാക്കുന്ന വിഗ്രഹങ്ങള്‍ ജനാധിപത്യസ്ഥാപനങ്ങളെ എത്ര നിസ്സാരമായി പാവകളിപ്പിക്കുന്നു എന്നതാണ് ഈ നാട്ടുദീനത്തില്‍ തിരിച്ചറിയപ്പെടാതെപോവുക. അഴിമതി തുടച്ചുമാറ്റാനുള്ള ഒറ്റമൂലി എന്ന നിലയില്‍ ഒരു വ്യക്തി അവതരിപ്പിക്കപ്പെടുമ്പോള്‍ ഈ ബാലിശത മാത്രമല്ല മുങ്ങിപ്പോവുന്നത്. അഴിമതി എന്ന ജനാധിപത്യവിരുദ്ധതയുടെ മര്‍മം കൂടിയാണ്. നമ്മുടെ നാട്ടില്‍ രണ്ടുതരം സ്ഥാപനങ്ങളുണ്ട്- ഒന്ന്, കുടുംബം, ജാതി, മതം തുടങ്ങിയ പരമ്പരാഗത സാമൂഹിക സ്ഥാപനങ്ങള്‍. രണ്ട്, പൊതുസമൂഹത്തിനു വേണ്ടിയുള്ള ആധുനിക സ്ഥാപനങ്ങള്‍. നിരപേക്ഷ നിയമങ്ങളും നീതിയുമാണ് അവയുടെ ഹൃദയം. ഇപ്പറഞ്ഞ രണ്ടാമിനങ്ങളില്‍ ആദ്യത്തേതിന്റെ ചോരശീലങ്ങള്‍ കുത്തിക്കയറ്റുമ്പോഴാണ് അവ നിയതപ്രകൃതത്തില്‍നിന്നു വ്യതിചലിക്കുക. അതാണ് എല്ലാത്തരം അഴിമതിയുടെയും മൂലകാരണം.
ജേക്കബ് തോമസ് എന്ന പോലിസുകാരന്‍- അയാള്‍ എത്ര പരിശുദ്ധനായാലും- ഹീറോയാക്കപ്പെടുന്നതു തന്നെ ഇപ്പറഞ്ഞ രണ്ടു മര്‍മങ്ങളും വിഗണിക്കുന്ന ഒരു സമൂഹത്തെയാണ് വെളിപ്പെടുത്തുന്നത്. ടി സമൂഹം എത്രകണ്ട് ഉദാസീനമായും ഉപരിപ്ലവമായുമാണ് ജനായത്തപ്രക്രിയകളെ കാണുന്നതെന്നും. ഒരുവേള ഉപരിപ്ലവതലം മാത്രമെടുത്താല്‍ തന്നെ മണ്ടത്തരത്തിന്റെ കശേരുക തെളിഞ്ഞുവരും. ഉദാഹരണത്തിന്, ഇപ്പറയുന്ന ഉദ്യോഗസ്ഥന് വിരലിലെണ്ണാവുന്ന വര്‍ഷങ്ങളേ സര്‍വീസില്‍ ശേഷിക്കുന്നുള്ളൂ. അഴിമതിവിരുദ്ധതയുടെ അവസാനവാക്കായി അഥവാ ഒടുക്കത്തെ പോംവഴിയായി ടിയാനെ കണക്കാക്കുന്ന രീതിക്ക് എത്ര ആയുസ്സുണ്ടെന്നോര്‍ക്കുക. തന്റെ കസേരയും പ്രതിച്ഛായയും ജേക്കബ് തോമസിന്റെ വൈയക്തികപ്രശ്‌നം മാത്രമാണ്. അതിനുവേണ്ടി ടിയാന്റെ ചരടുവലിക്കൊത്ത് കൂത്താടുന്ന പാവകളാവേണ്ട ആവശ്യം മറ്റുള്ളവര്‍ക്കില്ല. ഈ വകതിരിവില്ലാത്തവരല്ല നമ്മുടെ രാഷ്ട്രീയവൃന്ദം. പ്രശ്‌നം, അവരും ജനപ്രീതി എന്ന സൂക്കേടിനെ പേടിക്കുകയും സ്വന്തം നിലയ്ക്ക് അത് അഭിലഷിക്കുകയും ചെയ്യുന്നവരാണ്. അവിടെത്തന്നെയാണ് ഈ പ്രമേയത്തിന്റെ കേന്ദ്രഫലിതവും.
ആധുനിക സ്ഥാപനങ്ങളില്‍ സ്വന്തം ചോരശീലങ്ങളെ സന്നിവേശിപ്പിച്ച് തന്‍കാര്യം നേടുന്ന അതേ ജനം തന്നെയാണ് ഈ പാതകത്തിന്റെ വിത്തായ അഴിമതി എന്ന രോഗത്തിന്‍മേല്‍ ധര്‍മരോഷം കൊള്ളുന്നതും! ഈ വകതിരിവില്ലായ്മയുടെ സ്വാഭാവികമായ അനന്തര വിത്താണ് അഴിമതിവിരുദ്ധ വിഗ്രഹങ്ങളുടെ സൃഷ്ടിയും പടിപൂജയും. പൂജചെയ്യാന്‍ ആളുണ്ടെങ്കില്‍ ഏത് ആള്‍ദൈവവും ആളുകളെയിട്ട് കുരങ്ങുകളിപ്പിക്കും. വാനരശ്രീകള്‍ക്ക് കഥയൊട്ട് തിരിയുകയുമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss