|    Apr 23 Mon, 2018 9:35 am
Home   >  Editpage  >  Middlepiece  >  

തോറ്റ മണ്ഡലങ്ങളിലേക്ക് യൂത്തന്മാരുടെ പട

Published : 5th March 2016 | Posted By: SMR

slug-madhyamargamകേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ചരിത്രത്തില്‍ പണ്ടേ സ്ഥാനം പിടിച്ചുപറ്റിയ മഹാപ്രസ്ഥാനമാണ്. സംശയമുള്ളവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്തു നടത്തിയ ഐതിഹാസിക പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മതി. ആദര്‍ശമാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ മുഖമുദ്ര. ആദര്‍ശത്തില്‍ അടിമുടി മുങ്ങിക്കുളിച്ച നേതാക്കന്മാരാല്‍ നയിക്കപ്പെട്ട പ്രസ്ഥാനമാണിത്. എന്തൊക്കെ വിട്ടാലും ആദര്‍ശം വിട്ട ഒരു കളി യൂത്ത് കോണ്‍ഗ്രസ്സിന് അന്നും ഇന്നും ഇല്ല. അധികാരവും യൂത്ത് കോണ്‍ഗ്രസ്സും തമ്മില്‍ എക്കാലത്തും ഒരു കിലോമീറ്ററെങ്കിലും അകലമുണ്ടായിരിക്കും. സമാധാനം, സമത്വം, ജനാധിപത്യം- ആര്‍ക്കും ദ്രോഹമില്ലാത്ത ഈവക മുദ്രാവാക്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുപോരുന്ന പ്രസ്ഥാനമാണിത്.
കേരളീയ പൊതുസമൂഹത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ സംഭാവനകള്‍ എന്ന ഒരു പ്രബന്ധം എഴുതാന്‍ തുടങ്ങിയാല്‍ 50 ലോറി നിറയെ പേപ്പറുകള്‍ വേണ്ടിവരും. മലയാളികള്‍ക്ക് പുതിയ ഒരു വഴി വെട്ടിത്തുറന്നവരാണവര്‍. ബാലറ്റ് പേപ്പറിലൂടെ കേരളത്തില്‍ ആദ്യമായി അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചനസമരത്തിലൂടെ പുറത്താക്കി സംസ്ഥാനത്തെ രക്ഷിച്ചവരാണവര്‍.
അല്ലെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവുമായിരുന്നു? യൂത്ത് കോണ്‍ഗ്രസ്സിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കന്മാര്‍ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ എക്കാലത്തും നിറഞ്ഞുനില്‍ക്കുന്നവരായിരുന്നു. ഒരുപാട് താക്കോലുകളും സ്ഥാനങ്ങളും ഉള്ളതിനാല്‍ നേതാക്കന്മാരും ഒരുപാട് ഉണ്ടാവും. അന്ന് യൂത്തന്മാരായിരുന്നവരൊക്കെ കാലപ്രവാഹത്തില്‍ മൂത്തവരായി, പ്രായമുള്ളവരായി, കാരണവന്മാരായി, എഴുന്നേറ്റു നടക്കാന്‍ വയ്യാത്തവരായി. അന്നത്തെ യൂത്ത് നേതാക്കന്മാരില്‍ പലരും ഇന്നു മൂത്ത നേതാക്കന്മാരായി നില്‍ക്കുന്നു. ഇത്തരക്കാരെയാണ് കടല്‍ക്കിഴവന്മാര്‍ എന്നു യൂത്ത് നേതാക്കന്മാര്‍ പരസ്യമായി വിളിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായി വന്നവര്‍ പിന്നീട് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും എംപിയും കേന്ദ്രമന്ത്രിമാരും തുടങ്ങി പലപല അധികാരപദവികളിലും എത്തി. അവരില്‍ പലര്‍ക്കും കടല്‍ക്കിഴവന്മാരുടെ വയസ്സായ 70 കഴിഞ്ഞു. ഇവരെ കടല്‍ക്കിഴവന്മാര്‍ എന്നു വിളിക്കാന്‍ ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ്സിന് ആവതില്ല. ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ്സിനുള്ള പ്രത്യേകത അവരില്‍ മഹാഭൂരിപക്ഷവും സ്തുതിപാഠകന്മാരും സില്‍ബന്ധികളും ആയി മാറിപ്പോയതാണ്. മദ്യവിരുദ്ധ പ്രവര്‍ത്തനം യൂത്ത് കോണ്‍ഗ്രസ്സിന്റെ അജണ്ടയിലെ മുഖ്യ ഇനമായിരുന്നു. എന്നാല്‍, കെപിസിസി പ്രസിഡന്റ് ‘മദ്യം’ മുറുക്കിപ്പിടിച്ചതിനാല്‍ യൂത്ത് കോണ്‍ഗ്രസ്സിനു രക്ഷകിട്ടിയില്ല. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 25 പേരെ മല്‍സരിപ്പിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആവശ്യം. ജയിച്ച സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ്സിനു വേണ്ട.
കടല്‍ക്കിഴവന്മാര്‍ തോറ്റ സീറ്റുകളില്‍ തങ്ങള്‍ ജയിക്കുമെന്നാണ് അതിന്റെ സാരം. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ്സിന് ഒന്നോ രണ്ടോ സീറ്റുകള്‍ നല്‍കി ഇക്കൂട്ടരെ തൃപ്തിപ്പെടുത്താനാണു നീക്കങ്ങള്‍. കിട്ടിയത് വാങ്ങി മിണ്ടാതിരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ വിധി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss