|    Nov 21 Wed, 2018 5:32 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

തോറ്റ എസ്എഫ്‌ഐ നേതാക്കള്‍ പിജി പഠനം തുടരുന്നു

Published : 29th August 2018 | Posted By: kasim kzm

തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് കാംപസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ പഞ്ചവല്‍സര നിയമബിരുദ പരീക്ഷയില്‍ പരാജയപ്പെട്ട രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ പിജി കോഴ്‌സായ എല്‍എല്‍എമില്‍ പഠനം തുടരുന്നു. ഇക്കാര്യം വിവാദമായിട്ടും സര്‍വകലാശാലയ്ക്ക് അനക്കമില്ല. ബിരുദപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്ക് പിജിക്ക് പ്രവേശനം നല്‍കാമെന്ന് സര്‍വകലാശാല ചട്ടമുണ്ട്. സര്‍വകലാശാല പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് ഇക്കുറി നടപ്പാക്കിയ പരിഷ്‌കാരമാണിത്.
ഈ ഇളവിന്റെ മറവിലാണ് ഇരുവരും ഉപരിപഠനത്തിന് പ്രവേശനം നേടിയത്. എന്നാല്‍ പ്രവേശനം നേടിയ ശേഷം ബിഎഎല്‍എല്‍ബി കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ടുപേരും പരാജയപ്പെട്ടു. എന്നിട്ടും കോഴ്‌സ് തുടരാന്‍ മൗനാനുവാദം നല്‍കുകയായിരുന്നു. ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്ക് സര്‍വകലാശാല പഠനവകുപ്പുകളില്‍ പിജിക്ക് പ്രവേശനം നല്‍കാമെന്നും ആദ്യ സെമസ്റ്റര്‍ പൂര്‍ത്തിയാവുന്നതിനു മുമ്പ് യോഗ്യത നേടിയ രേഖ ഹാജരാക്കിയാല്‍ മതിയെന്നുമായിരുന്നു സര്‍വകലാശാലയുടെ തീരുമാനം.
ഇപ്രകാരം പ്രവേശനം നേടുന്നവര്‍ ബിരുദപരീക്ഷയില്‍ പരാജയപ്പെടുകയാണെങ്കില്‍ കോഴ്‌സില്‍ നിന്നു പുറത്താക്കുമെന്ന കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനു ശേഷമാണ് എല്‍എല്‍എം കോഴ്‌സില്‍ പ്രവേശനം നല്‍കിയത്. ജൂണ്‍ 25ന് ഒന്നാം സെമസ്റ്റര്‍ ക്ലാസ് ആരംഭിക്കുകയും ചെയ്തു. ഇതിനു ശേഷമാണു ബിഎഎല്‍എല്‍ബി ഫലം പ്രസിദ്ധീകരിച്ചത്. ഇതില്‍ രണ്ടു നേതാക്കളും പരാജയപ്പെട്ടു. എന്നാല്‍ എല്‍എല്‍എം കോഴ്‌സ് തുടരാന്‍ ഇരുവര്‍ക്കും സര്‍വകലാശാല അനുവാദം നല്‍കുകയായിരുന്നു. ഈ മാസം 31നു നടക്കുന്ന സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഇരുവരും മല്‍സരിക്കുന്നുണ്ട്.വിവാദം മറികടക്കാന്‍ ഇന്റേണല്‍ മാര്‍ക്ക് കൂട്ടിനല്‍കി ഇരുവരെയും വിജയിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണു സൂചന. സര്‍വകലാശാലയുടെ ഇടത് ആഭിമുഖ്യമുള്ള സിന്‍ഡിക്കേറ്റ് ഇക്കാര്യത്തില്‍ പ്രത്യേക തീരുമാനമെടുത്ത് പ്രവേശന നടപടികള്‍ക്കു സാധുത നല്‍കിയേക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss