|    Jan 19 Thu, 2017 2:21 pm
FLASH NEWS

തോറ്റവര്‍ക്കും ചരിത്രമുണ്ട്

Published : 20th August 2015 | Posted By: admin

 

tn-joy-alia-Najmal-N-babu0

 

 


ജാതിയില്‍ നായരായ ഒരു ഡോക്ടറുണ്ടായിരുന്നു. അയാളെ എല്ലാവരും തമ്പുരാന്‍ എന്നു വിളിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണെന്നു തോന്നുന്നു, അച്ഛന്‍ ഒരു പട്ടിയെ വാങ്ങി അതിനു തമ്പുരാന്‍ എന്നു പേരിട്ടു.


 ടി.എന്‍ ജോയ്/ എ.എസ്. ജലാല്‍

ന്റെ ജീവിതം ഇങ്ങനെ പറഞ്ഞുതുടങ്ങാം: തികച്ചും മതേതരമായ ഒരു കുടുംബമാണ് ഞങ്ങളുടേത്. 1949ലാണ് എന്റെ ജനനം. അച്ഛന്‍ നീലകണ്ഠ ദാസ്. അമ്മ ദേവയാനി. അച്ഛന്‍ മടിയിലിരുത്തി ലാളിച്ചപ്പോള്‍ ഇട്ട പേരാണ് ജോയി. അമ്മാവന്റെ മകളുടെ പേര് ആയിഷ എന്നാണ്. സംസ്‌കൃതപണ്ഡിതനായ അച്ഛന്‍ മലയാള വിദ്വാനും വൈദ്യനുമായിരുന്നു.
അച്ഛനുമായി ബന്ധപ്പെട്ട് ഇപ്പോഴും ഒരു സംഭവം എന്റെ ഓര്‍മയില്‍ പച്ചപിടിച്ചുനില്‍ക്കുന്നുണ്ട്. ഞങ്ങളുടെ പ്രദേശത്ത് ജാതിയില്‍ നായരായ ഒരു ഡോക്ടറുണ്ടായിരുന്നു. അയാളെ എല്ലാവരും തമ്പുരാന്‍ എന്നു വിളിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണെന്നു തോന്നുന്നു, അച്ഛന്‍ ഒരു പട്ടിയെ വാങ്ങി അതിനു തമ്പുരാന്‍ എന്നു പേരിട്ടു. അച്ഛന് മാതൃഭൂമി, കവനകൗമുദി എന്നീ പ്രസിദ്ധീകരണങ്ങളുടെ വന്‍ശേഖരമുണ്ടായിരുന്നു. അവയില്‍ നിന്നാണ് എന്റെ വായന തുടങ്ങുന്നത്. സാര്‍ത്ര്, കമ്യൂ, കാഫ്ക, കീര്‍ക്കേ ഗാര്‍സു, ഹൈദര്‍ഗര്‍, നീഷേ, ഷെനെ തുടങ്ങിയവരുടെ കൃതികളാണ് കൂടുതല്‍ വായിച്ചത്. വൈകിയാണ് മാര്‍ക്‌സിനെ കണ്ടെത്തുന്നത്. അന്നത്തെ ഞങ്ങളുടെ തലമുറയുടെ ഉല്‍ക്കണ്ഠകള്‍ മൂന്നു കാര്യങ്ങളിലായിരുന്നു: വിപ്ലവം, രതി, ആത്മഹത്യ.

പതിനെട്ടാം വയസ്സിലാണ് നക്‌സല്‍ബാരി സമരത്തില്‍ ആകൃഷ്ടനാവുന്നത്. പ്രീഡിഗ്രി പാസായപ്പോള്‍ പഠനം നിര്‍ത്തി. അടിയന്തരാവസ്ഥയില്‍ മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഞാനും ഇപ്പോള്‍ റെഡ്ഫല്‍ഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ ജയകുമാറും മറ്റു ചിലരും കേരളത്തിലുടനീളം നടന്നു പാര്‍ട്ടിയുടെ പുനസ്സംഘടനയ്ക്ക് ശ്രമിച്ചു. മാളയുടെ സമീപപ്രദേശമായ അഷ്ടമിച്ചിറയില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തോടനുബന്ധിച്ചാണ് ഒളിവില്‍ പോകുന്നത്. ആറു മാസം ജയിലില്‍ കിടക്കേണ്ടിവന്നു. മൂന്നു മാസം ശാസ്തമംഗലത്ത് ജയറാം പടിക്കലിന്റെ നേതൃത്വത്തിലുള്ള ടോര്‍ച്ചര്‍ ക്യാംപില്‍. എന്റെ കണ്‍മുന്നില്‍ വച്ചാണ് ജയറാം പടിക്കല്‍ വര്‍ക്കല വിജയനെ ഉരുട്ടിക്കൊന്നത്.
ജയില്‍വാസത്തിനു ശേഷം സൂര്യകാന്തി ബുക്സ്റ്റാള്‍ ആരംഭിച്ചു. ശാന്തി തേടിയലയുന്ന ആളുകള്‍ക്കെല്ലാം അഭയസ്ഥാനം എന്ന നിലയ്ക്കാണ് അതു പ്രവര്‍ത്തിച്ചത്.
വിപ്ലവപ്രവര്‍ത്തനങ്ങളില്‍ സജീവമായി വ്യാപൃതനായിരുന്നപ്പോള്‍ പ്രഹേളികകള്‍ ഒഴിവായ തോന്നലുണ്ടായി. പിന്നീടും മരണം, മരണാനന്തരജീവിതം, ആത്മീയത എന്നിവയെക്കുറിച്ച ചിന്തകള്‍ അലട്ടിക്കൊണ്ടേയിരുന്നു, ഇപ്പോഴും. ജീവിതത്തിന്റെ നിമിഷങ്ങള്‍ക്കു വരെ അര്‍ഥം നല്‍കി അവനവനായിരിക്കുന്നതിന്റെ സ്വാസ്ഥ്യം അനുഭവിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇത് പുസ്തകത്തില്‍ നിന്നു ലഭിക്കുന്നതല്ല. ഒരു പേനയുന്തിക്കോ പുസ്തകപ്പുഴുവിനോ എത്തിപ്പിടിക്കാനാവാത്ത, ബാഡ് ഫെയ്ത് ഇല്ലാത്ത ഓഥന്റിക് ആയ ജീവിതം.

പല ഘട്ടങ്ങളിലൂടെയായിരുന്നു എന്റെ ജീവിതം കടന്നുപോയത്. പരാജയങ്ങളുണ്ടാകാം. ‘തോറ്റവര്‍ക്കും ഒരു ചരിത്രമുണ്ട്.’ ‘ഒരു ജീവിതത്തില്‍ തന്നെ അനേകം ജന്മങ്ങള്‍.’നക്‌സലൈറ്റ് കാലഘട്ടം സുഖമുള്ള കുറേ ഓര്‍മകള്‍ സമ്മാനിക്കുന്നുണ്ട്. സുബ്രഹ്മണ്യദാസിന്റെയും മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായ സലീമിന്റെയും ഓര്‍മകള്‍ പക്ഷേ, കെട്ടടങ്ങുന്നില്ല. താങ്കളെ പോലുള്ളവരില്‍ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ ജ്വലിച്ചുനില്‍ക്കുന്നുണ്ടല്ലേ? താങ്കള്‍ ശരിയായ ചോദ്യങ്ങള്‍ തന്നെയാണ് അവരുടെ ഓര്‍മകളെ മുന്‍നിര്‍ത്തി ചോദിക്കുന്നത്. വളരെ നിര്‍ണായകങ്ങളായ മര്‍മങ്ങളില്‍ തന്നെയാണ് അവ സ്പര്‍ശിക്കുന്നത്.
സുബ്രഹ്മണ്യദാസ് ഉള്‍പ്പെടെ ഞങ്ങള്‍ കുറേ പേര്‍ യുദ്ധാനന്തര ധീരത ചോര്‍ന്നുപോയ ശേഷം ആലപ്പുഴയില്‍ യോഗം ചേര്‍ന്നു. എറണാകുളത്ത് വാടക കുറഞ്ഞ ഒരു ലോഡ്ജില്‍ മുറിയെടുത്തു. പിറ്റേന്ന് വൈകീട്ടാണ് സുബ്രഹ്മണ്യദാസ് ആത്മഹത്യ ചെയ്തു എന്നറിയുന്നത്. ഞങ്ങള്‍ ആംബുലന്‍സില്‍ കൊണ്ടുവരുമ്പോള്‍ െ്രെഡവര്‍ ഒരു കാര്യം ഉപദേശിച്ചു, ഒരു മാല വാങ്ങി കഴുത്തില്‍ അണിയിക്കാന്‍. കഴുത്തും ശരീരവും അറ്റുപോയത് അറിയാതിരിക്കാനായിരുന്നു അത്. ആചരണത്തിന്റെ പ്രസക്തി അന്നെനിക്ക് ബോധ്യപ്പെട്ടു.

എല്ലാം കഴിഞ്ഞു തിരിച്ചുപോരുമ്പോള്‍ സച്ചിദാനന്ദന്‍ പറഞ്ഞു: ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും നടത്തരുത്; ഒരു വാക്കും നാം പറയരുത്.  ഇന്ത്യയില്‍ പുവര്‍ ഫാഷിസമാണെന്നാണ് പറയുന്നത്. എന്നാല്‍, മുസ്‌ലിംകള്‍ അനുഭവിക്കുന്നത് ശരിയായ ഫാഷിസം തന്നെ. ഫാഷിസം ഇന്ത്യയെ വിഴുങ്ങുകയാണ്. മുസ്‌ലിംകള്‍ ഗുജറാത്തിലും മറ്റു പലേടങ്ങളിലും അതിന്റെ ഇരകളായി. ബാബരി മസ്ജിദ് തകര്‍ത്തതു മുതല്‍ ഇരകള്‍ക്കൊപ്പം നിവര്‍ന്നുനില്‍ക്കാന്‍, അവര്‍ക്കായി സംസാരിക്കാന്‍ മതേതര മാലാഖമാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് എന്റെ തോന്നല്‍. മുസ്‌ലിംകള്‍ ഏകപക്ഷീയമായി ആക്രമിക്കപ്പെടുകയും അവരുടെ പള്ളി തകര്‍ക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പോലും ‘എല്ലാ വര്‍ഗീയതയും ഒരുപോലെയാണെ’ന്ന സത്യപ്രസ്താവനകള്‍ വിഴുങ്ങാന്‍ എനിക്ക് പ്രയാസമുണ്ട്. ഞാന്‍ ഒരു മുസ്‌ലിം തീവ്രവാദിയല്ല എന്നു വിക്കിവിക്കി പറഞ്ഞു മുന്‍കൂര്‍ ജാമ്യം എടുക്കുക എന്റെ ശീലമല്ല. പിന്നില്‍ ആരവങ്ങളില്ലാത്ത, കായബലമില്ലാത്ത നല്ലവരായ ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സംഘപരിവാരത്തിന്റെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കരുതെന്ന അഭ്യര്‍ഥനയും എനിക്കുണ്ട്.

മതത്തെക്കുറിച്ച് വിവിധ ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവരുണ്ട്. ഏതു നിലപാട് സ്വീകരിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു മതത്തിലും വിശ്വസിക്കാതെ, മതാചാരങ്ങളില്ലാതെ മനുഷ്യനു ജീവിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, മതമില്ലാതെ ജീവിക്കാന്‍ ഇന്ന് എനിക്കാവില്ല. ഇതാണ് എന്റെ സുചിന്തിതമായ നിലപാട്. ഞാന്‍ ഇസ്‌ലാമിനെ ഇഷ്ടപ്പെട്ടു. ഞാന്‍ ഇസ്‌ലാമിനെ ആശ്ലേഷിച്ചു. അതില്‍ കൂടുതലില്ല, കുറവുമില്ല. മരണാനന്തരം എന്നെ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് ശ്മശാനത്തില്‍ സംസ്‌കരിക്കണമെന്ന് ഞാന്‍ അതിന്റെ അധികൃതരോട് നേരത്തേ അഭ്യര്‍ഥിച്ചിരുന്നു.എനിക്ക് വിവേകം നഷ്ടപ്പെട്ടിട്ടില്ല. ഞാന്‍ നൈതിക ജാഗ്രത കൈവിട്ടിട്ടില്ല. നേതാവാകാനുള്ള ഒരു പദ്ധതിയും എനിക്കില്ല. അല്ലെങ്കില്‍ത്തന്നെ ഒരു പാര്‍ട്ടിയെ പിന്താങ്ങാന്‍ അതിന്റെ നേതാവാകണമെന്നുണ്ടോ? അതുപോലെ അതിനെ എതിര്‍ക്കാനും? ധിഷണയുടെ അശുഭചിന്തയും മനോവീര്യത്തിന്റെ ശുഭാപ്തിവിശ്വാസവും മാത്രമാണ് ഇപ്പോള്‍ എന്റെ കൈമുതല്‍. കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്. നദികളും പുഴകളും കരയും കായലുകളും ഒരുപറ്റം ആളുകള്‍ യഥേഷ്ടം കൈകാര്യം ചെയ്യുകയാണ്. ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം ഇന്ന് ഒരുപാട് സങ്കീര്‍ണതകള്‍ നേരിടുന്നു. തിന്മയുടെ അമ്പുകള്‍ക്കു നേരെ നാം എത്ര നേരം പുറംതിരിഞ്ഞുനില്‍ക്കും? കുടുംബജീവിതത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒരു ഫെമിനിസ്റ്റിന്റെ അഭിപ്രായമാണ് ഓര്‍മ വരുക: ഇതൊന്നുമില്ലെങ്കിലും ജീവിച്ചുപോകാം.

പഴയ പള്ളികള്‍ കണ്ടു രസിക്കാം.’ഇപ്പോള്‍ 66 വയസ്സായി. കാലം എനിക്കു വേണ്ടി ബാക്കിവയ്ക്കുന്നതെന്തെന്നു വ്യക്തമല്ല. താങ്കളുമായുള്ള സംഭാഷണം ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കാമെന്നു തോന്നുന്നു. വിശദീകരണത്തിന്റെ വൃഥാസ്ഥൂലതയ്‌ക്കെതിരേ ഒരു പഴങ്കഥ:
മാഹിയില്‍ അരിക്ഷാമകാലത്ത് അവിടത്തെ ചെക്‌പോസ്റ്റിലൂടെ ഇടയ്‌ക്കൊക്കെ ഒരാള്‍ സൈക്കിളിന്റെ പിന്‍വശത്ത് ഒരു ചാക്ക് അരി കടത്തിക്കൊണ്ടുപോകും. അയാളുടെ അരി പിടിച്ചെടുക്കുക സാധാരണ സംഭവം. ജനകീയാസൂത്രണകാലത്ത് തോമസ് ഐസക് പ്രസംഗിച്ചു കേട്ടതാണ് ഈ കഥ. കഥയുടെ അവസാനം ഇങ്ങനെ: ആ നല്ല സമരിയക്കാരന്‍ കടത്തിക്കൊണ്ടുപോകുന്നത് അരിയായിരുന്നില്ല, മോഷ്ടിച്ച സൈക്കിളായിരുന്നു.’
ജലാല്‍, നമുക്കിവിടെ നിര്‍ത്താം. ഇനി എന്തും പിന്നീട്.

 

 

BULB

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 205 times, 3 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക