|    Nov 17 Sat, 2018 10:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തോരാതെ മഴ; സംസ്ഥാനത്ത് പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

Published : 12th July 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ആരംഭിച്ച കനത്ത മഴ തുടരുന്നു. പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തും മലയോരമേഖലയിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരും.
വയനാട് ജില്ലയിലാണ് കാലവര്‍ഷം ഏറ്റവും രൂക്ഷമായത്. മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.  ഡാമുകളിലും പുഴകളിലും ജലനിരപ്പ് ഉയര്‍ന്നു. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മഴ കുറയുന്നതു വരെ ഡാമുകളിലും പുഴകളിലും ഇറങ്ങരുതെന്ന് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 109.77 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. 34 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 472 കുടുംബങ്ങളിലായി 2009 പേരെ ഇവിടങ്ങളിലേക്കു മാറ്റി. വ്യാപകമായ കൃഷിനാശവുമുണ്ടായി. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കി മൂലമറ്റം വാഗമണ്‍ പാതയില്‍ ഇലപ്പള്ളിക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായി. ജനവാസമില്ലാത്ത പുരയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ഗതാഗതം മുടങ്ങി. ജില്ലാ ആസ്ഥാനത്ത് മാത്രം ഇന്നലെ 9 സെമീ മഴ രേഖപ്പെടുത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 123.5 അടിയായി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2358.42 അടിയാണ്. ഇടവിട്ടുണ്ടാവുന്ന ശക്തമായ മഴയെത്തുടര്‍ന്ന് ആലപ്പുഴയില്‍ കുട്ടനാട് മേഖലയിലെ ജലാശയങ്ങളില്‍ വെള്ളം ഉയര്‍ന്നു. മഴ തുടര്‍ന്നാല്‍ പമ്പയാര്‍ കരകവിയുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ജലനിരപ്പ് ഉയരുന്നത് രണ്ടാംവിളയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. ചേര്‍ത്തല, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി എട്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ നിരവധി പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു. പുഴയുടെ തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുവഴിഞ്ഞിയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴ തുടരുന്നതിനാല്‍ മണ്ണിടിഞ്ഞ റോഡിലെ അപകടാവസ്ഥ കണക്കിലെടുത്ത് വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. സ്‌കാനിയ, ടൂറിസ്റ്റ് ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങള്‍ താമരശ്ശേരി ചുരം വഴി പോവുന്നതും വരുന്നതും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചു. അതേസമയം, ഇതുവഴി പ്രതിദിന റൂട്ട് പെര്‍മിറ്റുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ്സുകള്‍ക്ക് സര്‍വീസ് നടത്താം.
മലപ്പുറം എടക്കരയിലെ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ചിറ്റൂര്‍ മേഖലയില്‍ 80 ഹെക്ടറോളം കൃഷിയിടം വെള്ളത്തിനടിയിലായി. ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ശിരുവാണി, ഭവാനി പുഴകളിലെ തീരദേശവാസികള്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
എറണാകുളം ജില്ലയിലെ മലയോരമേഖലകള്‍ ഒറ്റപ്പെട്ടു. പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല ചപ്പാത്ത് നിറഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ രണ്ട് ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. ആലുവ മണപ്പുറം വെള്ളത്തിനടിയിലാണ്. പുഴയില്‍ ഇറങ്ങുകയോ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോവുകയോ ചെയ്യരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss