|    Dec 19 Wed, 2018 11:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്തയ്ക്ക് അന്ത്യാഞ്ജലി

Published : 27th August 2018 | Posted By: kasim kzm

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന മെത്രാപോലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്തയുടെ ഭൗതികശരീരം ഖബറടക്കി. ഇന്നലെ വൈകീട്ട് ഓതറ സെന്റ് ജോര്‍ജ് ദയറാ അങ്കണത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ദേവാലയത്തോടു ചേര്‍ന്നു തയ്യാറാക്കിയ ഖബറിടത്തിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ എറണാകുളത്തു ട്രെയിനില്‍ നിന്നു വീണുമരിച്ച മെത്രാപോലീത്തയുടെ ഭൗതികശരീരം ചെങ്ങന്നൂര്‍ ഭദ്രാസന ആസ്ഥനമായ ബഥേല്‍ അരമനയിലും പിന്നീട് പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രലിലുമായി എത്തിക്കുകയും ദീര്‍ഘമായ ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് ഉച്ചകഴിഞ്ഞു വിലാപയാത്രയായി ഓതറ ദയറായിലേക്ക് കൊണ്ടുവരുകയുമായിരുന്നു. ഖബറടക്ക ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച ഇടങ്ങളിലും വിലാപയാത്ര കടന്നുപോയ വീഥികളുടെ ഇരുവശവും വിശ്വാസികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് എറണാകുളത്തു നിന്നു ബഥേല്‍ അരമനചാപ്പലില്‍ മൃതദേഹം എത്തിച്ചത്. അവിടെനിന്ന് ശനിയാഴ്ച ഉച്ചയോടെ നഗരികാണിക്കല്‍ ശുശ്രൂഷ ആരംഭിക്കുകയും പുത്തന്‍കാവ് കത്തീഡ്രലില്‍ എത്തിക്കുകയും ചെയ്തു. ഖബറടക്ക ശുശ്രൂഷയുടെ എട്ടു ക്രമങ്ങളും പലഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചു.—സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്ത, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്ത, ക്‌നാനായ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപോലീത്ത, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍, ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ്, സ്താഫാനോസ് മാര്‍ ഗ്രീഗോറിയോസ്, സിഎസ്‌ഐ ബിഷപ് ഉമ്മന്‍ ജോര്‍ജ് തുടങ്ങിയവരും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ മാത്യു ടി തോമസ്, ജി സുധാകരന്‍, പി തിലോത്തമന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രിമാരായ കെ എം മാണി, പി ജെ ജോസഫ്, രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, കെ സി വേണുഗോപാല്‍, എംഎല്‍എമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ്, രാജു എബ്രഹാം, തുടങ്ങിയവര്‍ മെത്രാപോലീത്തയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss