|    Jun 25 Mon, 2018 6:03 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

തോമസ് ജേക്കബ് എന്ന പ്രതിഭാശേഷി

Published : 8th August 2017 | Posted By: fsq

വിവിധ ആശയാദര്‍ശങ്ങളുള്ള വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ എന്നെ അതിശയങ്ങളോടെ ചിലപ്പോള്‍ അദ്ഭുതപ്പെടുത്തും. അദ്ഭുതങ്ങളിലേറെ ഇവരെങ്ങനെ അതിജീവിക്കുന്നു എന്നോര്‍ത്താണ്. അതിലധികം അതിശയം ചില വ്യക്തികളെ പ്രതിഭാശേഷിയുമായി ബന്ധപ്പെടുത്തി ഓര്‍ക്കുമ്പോഴാണ്. പ്രസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അറിഞ്ഞ നാള്‍ തൊട്ട് എന്നെ അദ്ഭുതസ്തബ്ധനാക്കുന്നു. കാരണം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആ പ്രസ്ഥാനത്തിന്റെ കരള്‍ക്കരുത്ത്. തീയിലാണ് കുരുത്തത്. ഓരോ ചുവടും തീക്കുണ്ഡത്തില്‍ ചവിട്ടിയാണ് പ്രയാണം. ജനമനസ്സുകളില്‍ നല്ലൊരു ഇരിപ്പിടം ഇന്ന് ആ പ്രസ്ഥാനത്തിനുണ്ട്. വ്യക്തികളില്‍ തോമസ് ജേക്കബ് എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍. എഴുപതുകളിലാണ് അദ്ദേഹത്തെ അറിയുന്നത്. ഇപ്പോള്‍ മലയാള മനോരമ പത്രത്തിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പദവിയില്‍ നിന്നു വിരമിച്ച് വിശ്രമജീവിതത്തിലാണ്. നിരവധി ഗുളികകള്‍ വേണം ദിനേന. എങ്കിലും ആ ഊര്‍ജസ്വലത ഓരോ നിമിഷവും ജ്വലിച്ചു പന്തലിച്ചുനില്‍ക്കുന്നു. ‘അന്യജീവനുതകി’ എന്നതാണ് ആ ജീവിതത്തിന്റെ പ്രത്യേകതകളില്‍ മുഖ്യമെന്ന് എനിക്കു തോന്നുന്നു. പോപുലര്‍ ഫ്രണ്ട് പ്രസ്ഥാനത്തെ ആമുഖമായി പറഞ്ഞത് തോമസ് ജേക്കബ് എന്ന ടിജെ പ്രതിസന്ധികളില്‍ എന്നും കൈകാലുകള്‍ തളരാതെ മുന്നോട്ടു നീന്തിക്കയറി ജീവിതത്തെയും പത്രപ്രവര്‍ത്തന മേഖലയെയും കരുപ്പിടിപ്പിച്ചുവെന്നു മാത്രമല്ല, ഇന്നു പത്രപ്രവര്‍ത്തനം ജീവവായുവാക്കിയ എത്രയോ നല്ല മനുഷ്യര്‍ക്ക് നിത്യം ഓക്‌സിജന്‍ നല്‍കുന്നതില്‍ തന്നാലാവും വിധം ഊര്‍ജം ചെലവഴിച്ചു എന്നതുകൂടിയാണ്. ഒരു ശ്രമവും വന്ധ്യമായില്ലെന്നതിന് ഉദാഹരിക്കാന്‍ മലയാളത്തില്‍ നിരവധി പത്രപ്രവര്‍ത്തകര്‍ ജീവിച്ചിരിപ്പുണ്ട്. അവരിലാരേക്കാളും ശിരസ്സുയര്‍ത്തി തോമസ് ജേക്കബ് അക്ഷരനഗരിയില്‍ ജീവിക്കുന്നു, ദൃഷ്ടിദോഷങ്ങളില്ലാതെ. കാര്‍ട്ടൂണിസ്റ്റായിട്ടാണ് തുടക്കം. പക്ഷേ, തോമസ് ജേക്കബ് വരച്ചതൊന്നും ഈ തലമുറ കണ്ടിരിക്കാനിടയില്ല. കാരണം, തന്റെ സ്വക്ഷേത്രം കാര്‍ട്ടൂണല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. പകരം, മലയാള മനോരമ പത്രത്തിന്റെ അമരത്തിരുന്ന് മലയാള പത്രപ്രവര്‍ത്തന മേഖലയ്ക്ക് വിവിധങ്ങളായ ആടയാഭരണങ്ങള്‍ അദ്ദേഹം നല്‍കി. ഭാഷാപ്രയോഗങ്ങളില്‍, വാര്‍ത്താവതരണങ്ങളില്‍, ചിത്രം എഡിറ്റ് ചെയ്യുന്നതില്‍ മലയാള പത്രപ്രവര്‍ത്തനത്തിന് ഏതാണ്ടൊരു വൈദേശിക ഛായ നല്‍കുന്നതില്‍ പോലും തോമസ് ജേക്കബിന്റെ പ്രതിഭ കൈമെയ് മറന്ന് അധ്വാനിച്ചിട്ടുണ്ട്. പ്രാദേശിക പേജുകള്‍ 50 വര്‍ഷം മുമ്പ് മിക്ക പത്രങ്ങള്‍ക്കും നെടുങ്കന്‍ ഉപന്യാസങ്ങള്‍ക്കും വ്യക്തികേന്ദ്രീകൃത സ്ഥിതിവിവരണങ്ങള്‍ക്കും മാറ്റിവയ്ക്കപ്പെട്ടു. ഇന്നു പ്രസ്തുത പേജുകള്‍ ഓരോ ഗ്രാമീണമൂലകളുടെയും മുടി മുതല്‍ കാല്‍നഖം വരെ വിവരിക്കുന്നു. കൊച്ചുകൊച്ചു വാര്‍ത്തകളിലൂടെ മനോരമയില്‍ തോമസ് ജേക്കബ് നിര്‍വഹിച്ച പത്രപ്രവര്‍ത്തന ശൈലികളാണ് ഗ്രാമീണ പത്രപ്രവര്‍ത്തനമേഖലകളെ വിളയിച്ചെടുത്തത്. മനോരമയുടെ പ്രാദേശിക പേജുകള്‍ വിശകലനം ചെയ്താല്‍ പിടികിട്ടുന്നൊരു സത്യമുണ്ട്: ഒരു കേരളീയ ഗ്രാമത്തില്‍ ഒരു ദിനം സൂര്യന്‍ അസ്തമിക്കും മുമ്പ് പതിനായിരം പേരെങ്കിലും ആ പേജുകള്‍ വിശകലനം ചെയ്തിരിക്കും. ഗ്രാമങ്ങളിലെ ഒഴിവു വിസ്താര ഇടങ്ങളില്‍ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇഴകീറി വിശദീകരിക്കപ്പെടുന്നു. തോമസ് ജേക്കബാണ് ഇതിനു പിന്നിലെ ഊര്‍ജസ്രോതസ്സ് എന്നു ഞാന്‍ എണ്‍പതുകളില്‍ നേരിട്ടു മനസ്സിലാക്കിയിട്ടുണ്ട്. ഇന്നു ജീവിതസായാഹ്നത്തില്‍ വിശ്രമം അദ്ദേഹം സ്വയം തിരഞ്ഞെടുത്തതാവണം. പ്രതിഭാശേഷി ഇനിയും തളരാത്തതിനാല്‍ മനോരമ കുടുംബം അദ്ദേഹത്തെ ‘വിശ്രമിക്കൂ’ എന്നു പറഞ്ഞു മാറ്റിനിര്‍ത്തുകയില്ല. കാരണം, പ്രതിഭാശേഷിയുള്ളവരെ അവരുടെ ആയുസ്സിനറ്റം വരെയും കൊണ്ടുനടത്തുക എന്നതിനു ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി അവര്‍കളാണ് മനോരമയെ മുന്നില്‍ നിര്‍ത്തി പറയാവുന്ന മികച്ച നാമധേയം. ബുദ്ധിശേഷിയുള്ളവര്‍ വ്യക്തിയുടെ പ്രതിഭാശേഷിയെ ഒരു കാരണവശാലും നിഷേധിക്കില്ല എന്നു സാരം. 1890 ഏപ്രില്‍ 12നു ‘വര്‍ത്തമാന പത്രങ്ങള്‍’ എന്ന തലക്കെട്ടില്‍ മനോരമ സ്ഥാപകപ്രധാനികളിലൊരാളായ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള എഴുതിയ മുഖപ്രസംഗത്തിലെ ചില വരികള്‍ ഉദ്ധരിച്ച് തോമസ് ജേക്കബിനുള്ള ഈ കുറിപ്പ് അവസാനിപ്പിക്കാം. കാരണം, വര്‍ഗീസ് മാപ്പിളയുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിച്ചതില്‍ ഒരു ബറ്റാലിയന്‍ തന്നെ ഉത്തരവാദികളാണ്. ആ ബറ്റാലിയനെ വര്‍ഷങ്ങളോളം നയിച്ചത് ടിജെ എന്ന തോമസ് ജേക്കബാണ്: ”എല്ലാ ദിക്കിലും വര്‍ത്തമാന പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും എല്ലാം തമ്മില്‍ അന്യോന്യം ധാരാളമായ സംസര്‍ഗം ഉണ്ടായിരിക്കുകയും ചെയ്യുന്ന കാലത്ത് ദേശംതോറും ഭാഷ പലത് എന്നുള്ള ചൊല്ല് കാലക്രമേണ അര്‍ഥമില്ലാത്തതായിത്തീരുകയല്ലാതെ നിവൃത്തിയില്ലല്ലോ…” കാലത്തിന്റെ സന്ദേശവുമായി മുന്നേറിയ തോമസ് ജേക്കബ് എന്ന മഹദ്‌വ്യക്തിത്വത്തിനു കൂടുതല്‍ ആയുരാരോഗ്യങ്ങള്‍ നേര്‍ന്നുകൊള്ളുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss