|    Nov 21 Wed, 2018 6:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തോമസ് ചാണ്ടി : എല്‍ഡിഎഫ് യോഗം നാളെ

Published : 11th November 2017 | Posted By: fsq

 

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ എല്‍ഡിഎഫിന്റെ പ്രത്യേക യോഗം ചേരും. മന്ത്രിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടര്‍ നല്‍കിയ റിപോര്‍ട്ടിന്‍മേല്‍ എജിയുടെ നിയമോപദേശം സര്‍ക്കാരിനു ലഭിച്ച പശ്ചാത്തലത്തിലാണ് അടിയന്തര യോഗം. ഇതിനു മുന്നോടിയായി സിപിഎം-സിപിഐ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തും. അതേസമയം, രാജിയാവശ്യം അംഗീകരിക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപോര്‍ട്ടും കോടതിയുടെ ഇരട്ടനീതി പരാമര്‍ശവും അവഗണിച്ച് ഇനി മുന്നോട്ടുപോകാനാവില്ലെന്ന കാര്യത്തില്‍ സിപിഐക്കോ സിപിഎമ്മിനോ തര്‍ക്കമില്ല. മുന്നണിയോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിയാവശ്യത്തില്‍ സിപിഐ ഉറച്ചുനില്‍ക്കും. സര്‍ക്കാരിന്റെയും മുന്നണിയുടെയും ധാര്‍മികത, ആരോപണവിധേയനായ ഒരാള്‍ക്കു വേണ്ടി പണയപ്പെടുത്താന്‍ കഴിയില്ലെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ചുമതലപ്പെടുത്തി. എന്നാല്‍, ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് എന്‍സിപിയുടെ വിശദീകരണം. മുന്നണിയോഗത്തിലും ഈ നിലപാടാവും അവര്‍ സ്വീകരിക്കുക. മന്ത്രി നിയമം ലംഘിച്ചിട്ടില്ല. കൈയേറ്റം ഉണ്ടെങ്കില്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. അന്വേഷണം നടക്കുമ്പോള്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കോടതി നടപടികള്‍ക്കു ശേഷം തീരുമാനമാവാമെന്നും എന്‍സിപി സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍, അതുവരെ കാത്തിരിക്കാന്‍ സര്‍ക്കാരിനാവില്ല. കലക്ടറുടെ റിപോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടിയതിനു പിന്നില്‍ രാജി നീട്ടിക്കൊണ്ടുപോവാനുള്ള നീക്കമാണെന്ന് ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ സിപിഐക്കും അതൃപ്തിയുണ്ട്. അതിനാല്‍, കോടതി തീരുമാനം വരെ സിപിഎമ്മിനു കാത്തിരിക്കാനാവില്ല. മാത്രമല്ല, കോടതിയില്‍ നിന്നു വീണ്ടും തിരിച്ചടിയുണ്ടായാല്‍ അത് സര്‍ക്കാരിനു താങ്ങാവുന്നതിലും അപ്പുറമാവും. രാജിയെ പ്രതിരോധിച്ച് എന്‍സിപിയും രാജിയാവശ്യത്തില്‍ സിപിഐയും ഉറച്ചുനില്‍ക്കുന്നതോടെ സിപിഎമ്മിന്റെ നിലപാടാവും നിര്‍ണായകമാവുക. നിലവില്‍ രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. യുവതിയുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങി രാജിവയ്‌ക്കേണ്ടിവന്ന എ കെ ശശീന്ദ്രന്റെ പിന്‍ഗാമിയായാണ് തോമസ് ചാണ്ടി എത്തിയത്. ശശീന്ദ്രനെതിരേ പരാതി നല്‍കിയ യുവതി തന്റെ പരാതി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതോടെ ശശീന്ദ്രനെതിരായ നിയമ നടപടികള്‍ അപ്രസക്തമാവും. ചാണ്ടി രാജിവയ്ക്കുകയാണെങ്കില്‍ ഈ ഒഴിവിലേക്ക് ശശീന്ദ്രനെ ഒരിക്കല്‍ കൂടി പരിഗണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഈ നിലയിലുള്ള സമവായ ചര്‍ച്ചകളും മുന്നണിയോഗത്തില്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss